എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി; നടപടി അങ്കമാലി കോടതിയുടേത്
എഡിറ്റര്‍
Thursday 28th September 2017 11:20am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം 12ലേക്കാണ് റിമാന്‍ഡ് കാലാവധി നീട്ടിയത് . അങ്കമാലി കോടതിയുടേതാണ് നടപടി.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയാകുന്ന തരത്തിലാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. ആലുവ സബ്ജയിലിലാണ് ദിലീപ് ഇപ്പോഴുള്ളത്.

ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ ശക്തമായ വാദവുമായി പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നെന്നാണ് പോലീസ് കോടതിയെ ബോധിച്ചിച്ചത്.

കേസിലെ നിര്‍ണായക സാക്ഷിയെ വരെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന് ജാമ്യം നല്‍കിയാല്‍ സിനിമാ മേഖലയില്‍ നിന്നുള്ള ആളുകളെ സ്വാധീനിക്കും. ഇതിന് അനുവദിക്കരുതെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

നടിയെ ഉപദ്രവിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസിലെ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ കഴിഞ്ഞദിവസം വാദം നടന്നിരുന്നു. കേസന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും അതുകൊണ്ട് തന്നെ തനിക്ക് സ്വാഭാവിക ജാമ്യം ലഭിക്കണമെന്നുമായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.

മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) കഥകള്‍ക്കു പിന്നാലെ പൊലീസ് പരക്കംപായുകയാണെന്നും യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ദിലീപിനെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ഏതൊക്കെയെന്ന് അറിയിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ ഏഴു മാസമായി പൊലീസിനു കണ്ടെടുക്കാനായിട്ടില്ല. അതിന്റെ പേരില്‍ ഇപ്പോഴും ജാമ്യം നിഷേധിക്കുകയാണ്. മുന്‍പ് ജാമ്യം നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റമുണ്ടെന്നും ഇനിയും റിമാന്‍ഡ് തുടരുന്നതില്‍ ന്യായമില്ലെന്നും ഹര്‍ജിഭാഗം വാദിച്ചിരുന്നു.

ദിലീപിനെ വിചാരണതടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കുറ്റവാളിയായ പള്‍സര്‍ സുനിയെ പൊലീസ് ദൈവമായാണ് കാണുന്നത് എന്ന് പോലും അഡ്വ. രാമന്‍പിള്ള കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കാണ് പൊലീസ് നടത്തുന്നത്. ഇക്കാലയളവിനിടയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ഒക്ടോബര്‍ 7 ന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

Advertisement