എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് പുറത്തിറങ്ങി
എഡിറ്റര്‍
Tuesday 3rd October 2017 5:23pm

 

 

ആലുവ: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപ് ഹൈക്കോടതി ജാമ്യത്തോടെ പുറത്തിറങ്ങി. മോചനത്തിനുള്ള നടപടികള്‍ ജയില്‍ സൂപ്രണ്ട് പൂര്‍ത്തിയാക്കിയതോടെയാണ് ദിലീപ് പുറത്തിറങ്ങിയത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചായിരുന്നു 85 ദിവസത്തിനുശേഷം ദിലീപിന് ജാമ്യം അനുവദിച്ചത്.

ഉച്ചയ്ക്കായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് ജയിലിലെത്തിയതിന് പിന്നാലെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദിലീപ് വീട്ടിലേക്കാണ് പോവുക. ജയിലിനു പുറത്ത് കാത്തിരുന്ന ആരാധകരെ കൈവീശി അഭിവാദ്യം ചെയ്താണ് ദിലീപ് പുറത്തിറങ്ങിയത്.

ദിലീപിന്റെ സഹോദരന്‍ അനൂപായിരുന്നു അങ്കമാലി മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ജയിലിലെത്തിച്ചത്. ദിലീപിന്റെ അഭിഭാഷകനും സഹോദരനൊപ്പമുണ്ടായിരുന്നു.  നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ചലച്ചിത്ര താരം ജയില്‍ മോചിനതനാകുന്നത് കാണാന്‍ ആരാധകര്‍ ജയില്‍ പരിസരത്ത് എത്തിയിരുന്നു.

മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് ഇവര്‍ ജയില്‍ പരിസരത്ത് ജാമ്യ വാര്‍ത്ത ആഘോഷിച്ചത്. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍. എന്നാല്‍ കോടതി പറയുന്ന ഏത് ജാമ്യാപേക്ഷയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

ജാമ്യ ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച കോടതി വാദം കേട്ടിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തി അങ്കമാലി മജിസ്ട്രേട്ട് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Advertisement