ഫോണുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന് അഴിമതി കേസ് പ്രതി മുന്‍ ആദായ നികുതി ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചു
Kerala News
ഫോണുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന് അഴിമതി കേസ് പ്രതി മുന്‍ ആദായ നികുതി ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2022, 11:26 am

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം കിട്ടി. മുന്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂരാണ് സഹായിച്ചത്.

സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലെ പ്രതിയാണ് വിന്‍സെന്റ് ചൊവ്വല്ലൂര്‍. അഭിഭാഷകനാവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്ന് വിന്‍സെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തന്റേയും ദിലീപിന്റേയും അഭിഭാഷകന്‍ ഒന്നാണെന്ന് വിന്‍സെന്റ് പറഞ്ഞു.

‘ഫോണിലൂടെ ക്രൈംബ്രാഞ്ച് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിലെ ഏറ്റവും മികച്ച ഫോറന്‍സിക് ലാബ് ഏതാണെന്ന് അഭിഭാഷകര്‍ ചോദിച്ചിരുന്നു. അതുപ്രകാരമാണ് മുംബൈയിലെ ലാബ് കണ്ടെത്തുകയും ലാബിലെ ഡയറക്ടര്‍മാരെ അഭിഭാഷകര്‍ക്ക് പരിചയപ്പെടുത്തികൊടുത്തതും.

കൊറിയര്‍ മുഖേനയാണ് മൊബൈല്‍ ഫോണുകള്‍ അയച്ച് തന്നത്. അഭിഭാഷകരും ലാബ് ഡയറക്ടര്‍മാരും നേരിട്ടാണ് ബന്ധപ്പെട്ടിരുന്നത്. പിന്നീട് ഫോണുകള്‍ ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ അഭിഭാഷകര്‍ ഫോണുകള്‍ വാങ്ങാന്‍ മുംബൈയിലെത്തിയപ്പോള്‍ എന്നേയും വിളിച്ചിരുന്നു,’ വിന്‍സെന്റ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്.

ഫോണുകള്‍ പരിശോധിച്ച ലാബുകള്‍ നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി.

അതേസമയം, ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തല്‍.

ദിലീപിന്റെ സഹോദരന്‍ അനൂപാണ് തന്നെ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടുപോയത്. അവിടെ വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തന്നെ വായിച്ചു കേള്‍പ്പിച്ചു എന്നും ദാസന്‍ വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാര്‍ തന്നെ ബന്ധപ്പെട്ട വിവരം അറിഞ്ഞതിന് പിന്നാലെയാണ് അനൂപ് തന്നെ ദിലീപിന്റ വക്കീലിന്റെ അടുത്ത് കൊണ്ടുപോയത് എന്നും ദാസന്‍ പറയുന്നു.


Content Highlights: Dileep had the help of a former income tax official to destroy evidence on his phones