എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന് ജാമ്യമില്ല
എഡിറ്റര്‍
Tuesday 29th August 2017 10:18am

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്.

ദിലീപ് നേരത്തെ സമര്‍പ്പിച്ച രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ദിലീപ് ജയിലിലായി 50 ാം ദിവസത്തിലാണ് ജാമ്യാപേക്ഷയില്‍ വിധി വന്നത്.

ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

രണ്ടു ജാമ്യാപേക്ഷയും തള്ളിയതിന്റെ കാരണം അപ്പോള്‍ തന്നെ വിശദമാക്കിയതാണ്. ഇത് മാറ്റേണ്ട സാഹചര്യം നിലവിലില്ല. പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ട്. പ്രതി സിനിമാരംഗത്തുള്ള ആളായതുകൊണ്ടും മറ്റുസാക്ഷികള്‍ അതേരംഗത്തായതുകൊണ്ടും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി പറയുന്നു.

കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി വാദം പൂര്‍ത്തിയായിരുന്നു. തന്റെ പേരിലുളള കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം. അതേസമയം നടി ഉപദ്രവിക്കപ്പെട്ടതിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നതായിട്ടാണ് പ്രോസിക്യൂഷന്‍ വാദം.

ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് റജിസ്റ്റര്‍ ചെയ്തതു കള്ളക്കേസ് ആണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചത്.

സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദമുണ്ടായി. ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പുതിയ വാദം.

എന്നാല്‍ ദിലീപിനെ ‘കിങ് ലയര്‍’ ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷന്‍ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു.

ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു.

ദിലീപിനായി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളളയായിരുന്നു. സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കുമെന്നും മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം

ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ലെന്നും സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോയെന്നും ഇദ്ദേഹം ചോദിച്ചിരുന്നു.

എന്നാല്‍ കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇരുവരും ഒരേ മൊബൈല്‍ ടവറിന്റെ പരിധിയില്‍ തുടര്‍ച്ചയായി വരുന്നത് എങ്ങനെ സ്വാഭാവികമാവുമെന്നും ഇവര്‍ സംസാരിക്കുന്നതു കണ്ടതിനു സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

Advertisement