എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന് ജാമ്യമില്ല; ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി
എഡിറ്റര്‍
Monday 18th September 2017 11:52am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യം തള്ളിയത്.

ദിലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. ജയിലില്‍ 60 ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ദിലീപ് അപേക്ഷയില്‍ പറഞ്ഞിരുന്നത്.

നടിയെ ഉപദ്രവിക്കാനല്ല, ദൃശ്യങ്ങളെടുക്കാന്‍ മാത്രമാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പൊലീസ് കേസെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശനിയാഴ്ച ദിലീപിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദം പൂര്‍ത്തിയാക്കിയത്. പത്ത് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷലഭിക്കുന്ന കുറ്റമാണ് തനിക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്നും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ദിലീപ് ആദ്യം ജാമ്യത്തിനു ശ്രമിച്ചത്. അതു തള്ളിയതോടെയാണു ഹൈക്കോടതിയിലെത്തിയത്. രണ്ടു തവണയും കടുത്ത പരാമര്‍ശങ്ങളോടെ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യത്തിനായി ശ്രമിച്ചത്.

ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ശനിയാഴ്ചയാണു മുന്‍കൂര്‍ ജാമ്യം തേടി കാവ്യാ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ രാമന്‍പിള്ള തന്നെ കാവ്യയ്ക്കായും ഹാജരാകും.


Dont Miss പശുവിനെ കുറിച്ച് മിണ്ടിപ്പോകരുത്; ബീഫ്, ദളിതന്‍, പാക്കിസ്ഥാന്‍, ഫാഷിസം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത്: നാദാപുരം കോളജ് മാഗസിന് വിലക്ക്


അതിനിടെ, കേസില്‍ കാവ്യാ മാധവനെയും നാദിര്‍ഷായെയും ഇപ്പോള്‍ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത മുന്നില്‍കണ്ടാണ് കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അടിയന്തര പ്രധാന്യത്തോടെ ശനിയാഴ്ച തന്നെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു കാവ്യാ മാധവന്റെ ജാമ്യാപേക്ഷ. എന്നാല്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് ഭീഷണിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നുമായിരുന്നു കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കമെന്നും കാവ്യ പറഞ്ഞിരുന്നു.

Advertisement