എഡിറ്റര്‍
എഡിറ്റര്‍
പള്‍സര്‍ സുനി പൊലീസിന്റെ ദൈവമായി മാറിയിരിക്കുകയാണ്: അന്വേഷണ സംഘത്തെ പ്രതിക്കൂട്ടിലാക്കി ദിലീപിന്റെ അഭിഭാഷകന്റെ വാദം
എഡിറ്റര്‍
Tuesday 26th September 2017 12:18pm

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദംതുടങ്ങി. വാദത്തിനായി എത്രസമയം വേണമെന്ന ചോദ്യത്തിന് ഒന്നര മണിക്കൂര്‍ വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.

കേസില്‍ അന്വേഷണ സംഘത്തെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് ദിലീപിന്റെ അഭിഭാഷകന്‍ പ്രധാനമായും ഉയര്‍ത്തിയത്. ദിലീപിനെ വിചാരണ തടവുകാരനാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പള്‍സര്‍ സുനി പൊലീസിന്റെ ദൈവമായി മാറിയെന്നും അഭിഭാഷകന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.

കേസിലെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണ് പൊലീസ് ജാമ്യം വൈകിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ വീഴ്ചയാണ്. അത് പ്രതിഭാഗത്തിന്റെ കുറ്റമല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.


Also Read: ‘വലതുപക്ഷ ഫാസിസത്തിനെതിരെ ഒരുമിച്ച്’ കെജ്‌രിവാളും യോഗേന്ദ്ര യാദവും ഒരുമിക്കുന്നു: ഒക്ടോബര്‍ 5ന് ദല്‍ഹിയില്‍ കൂറ്റന്‍ റാലി


പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ നല്‍കിയെന്നു പറയുന്ന അഭിഭാഷകന്‍ അത് നശിപ്പിച്ചെന്നാണ് പറഞ്ഞത്. അതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്നു പറഞ്ഞ അഭിഭാഷകന്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ല എന്ന ദുര്‍ബല വാദമുയര്‍ത്തി പൊലീസ് ജാമ്യം നീട്ടിക്കൊണ്ടുപോകുകയാണെന്നും ആരോപിച്ചു.

കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ലെന്നും കുറ്റങ്ങള്‍ എന്തെന്ന് അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസില്‍ പള്‍സര്‍ സുനിയ്‌ക്കെതിരായ കേസ് 57 ദിവസം കൊണ്ട് അവസാനിപ്പിച്ചത് ചില കാര്യങ്ങള്‍ പുറത്തുവരുന്നത് തടയാന്‍ വേണ്ടിയാണ്. 90 ദിവസത്തിനുള്ളില്‍ പൊലീസിന് വിശദമായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ 57 ദിവസം കൊണ്ട് കേസ് തിടുക്കപ്പെട്ട് അവസാനിപ്പിക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തെ നാലുതവണയും വാദം കേട്ട കോടതികള്‍ അപേക്ഷ തള്ളുകയായിരുന്നു. ഇത് മൂന്നാംതവണയാണ് ഹൈക്കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത്.

Advertisement