'നീ എങ്ങടാ പോയികിടക്കുന്നേ', ഒരുത്തന്‍ വന്ന് ചീത്ത പറഞ്ഞു, കരഞ്ഞുകൊണ്ട് തിയേറ്ററിലേക്ക് കേറിയ ഞാന്‍ ഞെട്ടി പോയി: ഡിജോ ജോസ് ആന്റണി
Film News
'നീ എങ്ങടാ പോയികിടക്കുന്നേ', ഒരുത്തന്‍ വന്ന് ചീത്ത പറഞ്ഞു, കരഞ്ഞുകൊണ്ട് തിയേറ്ററിലേക്ക് കേറിയ ഞാന്‍ ഞെട്ടി പോയി: ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th July 2022, 11:54 am

ജന ഗണ മനയിലൂടെ കേരളത്തിന് പുറത്തേക്കും ശ്രദ്ധ നേടിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ 50 കോടി ക്ലബ്ബില്‍ കയറാനായത് അദ്ദേഹത്തിന് വലിയ നേട്ടം തന്നെയായിരുന്നു. ഡിജോയുടെ ആദ്യ ചിത്രമായ ക്വീനും വലിയ ഹിറ്റായിരുന്നു. പുതുമുഖങ്ങളെ വെച്ച് ചെയ്ത ചിത്രം റിലീസ് സമയത്ത് യുവാക്കള്‍ക്കിയില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്.

ചിത്രത്തിന്റെ റിലീസ് ദിവസത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡിജോ ജോസ് ആന്റണി.

‘ക്വീനിന്റെ റിലീസിനന്ന് ഞാന്‍ എയറിലായിരുന്നു. പടത്തിന്റെ ഹാര്‍ഡ് ഡിസ്‌കുമായാണ് വന്ന് ലാന്‍ഡ് ചെയ്യുന്നത്. 12:30 കഴിഞ്ഞു എത്തിയപ്പോള്‍. ഞാന്‍ ലേറ്റായതുകൊണ്ട് ലുലുവിലെ ഒരു ഷോ കാന്‍സലായി. ഞാനാണ് കൊണ്ടുവരുന്നത്. അങ്ങനെയായിരുന്നു, നമ്മുടെ പ്രൊഡക്ഷനൊന്നും അത്ര പ്രൊഫഷണലായിരുന്നില്ല. എല്ലാം പുതിയ ആള്‍ക്കാരായിരുന്നില്ലേ, ഞാനും.

 

അങ്ങനെ ഞാന്‍ വന്നു. ഒരുത്തന്‍ വന്ന് എന്നെ ചീത്ത പറഞ്ഞു, നീ എങ്ങടാ പോയികിടക്കുന്നേ, അവനറിയില്ല ഞാന്‍ ഡയറക്ടറാന്ന്. തെറി വിളിച്ചിട്ട് അവന്‍ ഹാര്‍ഡ് ഡിസ്‌കും വങ്ങിപ്പോയി. അത് ലുലു മാളിലേക്കുള്ളതായിരുന്നു. ഞാന്‍ അപ്പോള്‍ കണ്ണ് ഒക്കെ നിറഞ്ഞിരിക്കുവാ. സിനിമ തുടങ്ങി കാണും. എന്താണ് അവസ്ഥ എന്നൊന്നും അറിയില്ല.

പക്ഷേ സരിത തിയേറ്ററില്‍ ഒരു മനുഷ്യരില്ല. കാര്യം പന്ത്രണ്ടരയായി. പടം പൊട്ടിയല്ലേന്ന് പറഞ്ഞ് തിയേറ്ററിനകത്തേക്ക് കയറി ചെല്ലുവാ. അപ്പോള്‍ കൂടെയുള്ളവര്‍ വന്നു, ഫുള്‍ ആള്‍ക്കാരാടാ, പ്രൊഡ്യൂസര്‍ക്ക് പോലും ഇരിക്കാന്‍ കസേര ഇല്ലെടാന്ന് പറഞ്ഞു. ഞാന്‍ അകത്ത് കയറി നോക്കിയപ്പോള്‍ ഫുള്‍ ക്രൗഡ്. ഫുള്‍ ചിരിയും കയ്യടിയും.

 

ഈ ഇന്‍ഡസ്ട്രിയില്‍ കയറണമെന്ന് കൊതിച്ച് വന്നവരാണ് ആ സിനിമയിലുള്ളവരെല്ലാം. അവരെല്ലാം കൂടി എന്നെ എടുത്ത് പൊക്കി, ഞാന്‍ പറന്നു നടക്കുകയായിരുന്നു,’ ഡിജോ പറഞ്ഞു.

Content Highlight: dijo jose antony talks about his experience of the release day of queen movie