'ദി വയര്‍' ഓഫീസിലെ റെയ്ഡ് ദുരുദ്ദേശപരമെന്ന് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍
national news
'ദി വയര്‍' ഓഫീസിലെ റെയ്ഡ് ദുരുദ്ദേശപരമെന്ന് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd November 2022, 3:04 pm

ന്യൂദല്‍ഹി: വാര്‍ത്താ പോര്‍ട്ടല്‍ ‘ദി വയര്‍’ ഓഫീസിലും എഡിറ്റര്‍മാരുടെ വസതികളിലും ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിനെ ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങളുടെ കൂട്ടായ്മ അപലപിച്ചു. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ പരാതി പ്രകാരമാണ് റെയ്ഡ് നടന്നത്.

മാധ്യമപ്രവര്‍ത്തനത്തില്‍ ഭയാശങ്കകള്‍ സൃഷ്ടിക്കുന്നതാണ് റെയ്ഡെന്ന് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ റിപ്പോര്‍ട്ടിന് മാധ്യമ സ്ഥാപനവും മാധ്യമപ്രവര്‍ത്തകനും ഉത്തരവാദിയാണ്. എന്നാല്‍, ഭരണകക്ഷിയുടെ വക്താവ് നല്‍കിയ സ്വകാര്യ മാനനഷ്ട പരാതി മാത്രം അടിസ്ഥാനപ്പെടുത്തി മാധ്യമ സ്ഥാപനത്തിലും എഡിറ്റര്‍മാരുടെ വസതികളിലും ഉടനടി ഏകപക്ഷീയമായ റെയ്ഡ് പൊലീസ് നടത്തുന്നത് ദുരുദ്ദേശപരമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സാമൂഹ്യ മാധ്യമ കമ്പനിയായ മെറ്റയെക്കുറിച്ച് ദി വയര്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാളവ്യ പരാതി നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അന്വേഷണ സംഘത്തിലൊരാള്‍ വഞ്ചന കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദി വയര്‍ പിന്‍വലിച്ചതാണെന്നും ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, അതിനുശേഷമാണ് സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍, ഡെപ്യൂട്ടി എഡിറ്റര്‍ എം.കെ. വേണു തുടങ്ങിയവരുടെ വസതികളില്‍ റെയ്ഡ് നടത്തി ലാപ്ടോപ്പും, സമാര്‍ട്ട് ഫോണും മറ്റും പിടിച്ചെടുത്തതെന്നും പ്രസ്താവനയില്‍ ഡിജിപബ് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസമാണ് ദി വയറിന്റെ ഓഫീസിലും എഡിറ്റര്‍ര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, എം.കെ. വേണു എന്നിവരുടെ വസതികളിലുമാണ് ദല്‍ഹി പോലീസ് റെയ്ഡ് നടത്തിയത്.

ഒക്ടോബര്‍ 31 വെകുന്നേരം 4.45 ഓടുകൂടിയാണ് ദല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതതെന്ന് എം.കെ. വേണു പറഞ്ഞിരുന്നു. തന്റെ ഐ ഫോണും ഐപാഡും പൊലീസ് പരിശോധിച്ചതായും സിദ്ധാര്‍ഥ് വരദരാജന്റെ വീട്ടിലും സമാനമായരീതിയില്‍ റെയ്ഡ് നടന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ അമിത് മാളവ്യയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയതായി അവകാശപ്പെടുന്ന അന്വേഷണ പരമ്പര ദി വയര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി മുന്‍ കണ്‍സള്‍ട്ടന്റ് ദേവേഷ് കുമാറിനെതിരെ ദി വയര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

തങ്ങള്‍ക്ക് സംഭവിച്ച പിശക് സൂചിപ്പിച്ച് ദി വയര്‍ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.

‘സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള തെളിവുകള്‍ ഏറെ സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ ഒരു മാധ്യമസ്ഥാപനത്തെ അപകടത്തില്‍പെടുത്താന്‍ നടത്തിയ വഞ്ചന കണ്ടെത്താന്‍ സാധാരണഗതിയിലുള്ള സൂക്ഷ്മതയും ജാഗ്രതയും കൊണ്ടുമാത്രം കഴിഞ്ഞു കൊള്ളണമെന്നില്ല. ഇതാണ് ഞങ്ങള്‍ക്ക് സംഭവിച്ചത്,’ എന്നാണ് വാര്‍ത്ത ഉറവിടം തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന സൂചന നല്‍കിയുള്ള പ്രസ്താവനയില്‍ ദി വയര്‍ വ്യക്തമാക്കിയത്.

Content Highlight: Digipub News India Foundation condemns police raid at The Wire Office