എഡിറ്റര്‍
എഡിറ്റര്‍
സഞ്ജയ് ദത്ത് തെറ്റ് ചെയ്തത് യുവത്വകാലത്ത്: ദിഗ് വിജയ് സിങ്
എഡിറ്റര്‍
Monday 25th March 2013 12:00am

ന്യൂദല്‍ഹി: 1993ലെ മുംബൈ ഭീകരാക്രമണക്കേസില്‍ അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് രംഗത്ത്.

Ads By Google

യുവത്വകാലത്തിന്റെ ആവേശത്തിലാണ് സഞ്ജയ് ദത്ത് കുറ്റം ചെയ്തത്. അദ്ദേഹം കുറ്റവാളിയോ ഭീകരവാദിയോ അല്ല. വര്‍ഗീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുകയും ന്യൂനപക്ഷങ്ങളോട് അനുകമ്പ കാട്ടുകയും ചെയ്ത സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്തിന്റെ നിലപാട് തങ്ങളെ ആക്രമിക്കാന്‍ സാഹചര്യം സൃഷ്ടിക്കുമോ എന്ന് സഞ്ജയ് ദത്ത് ഭയന്നിരിക്കാമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

ചില പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണമായേ ഇതിനെ കാണാന്‍ സാധിക്കൂ. സഞ്ജയ് ദത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷയും അദ്ദേഹം അനുഭവിച്ചിട്ടുണ്ടെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

സഞ്ജയ് ദത്തിനെ അനുകൂലിച്ച് എത്തിയവരില്‍ ഏറ്റവും ഒടുവിലത്തെ ആളാണ് ദിഗ് വിജയ് സിങ്. ബോളിവുഡ് താരങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജുവും ഉള്‍പ്പെടെ നിരവധി പേര്‍ സഞ്ജയ് ദത്തിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

മുംബൈ സ്‌ഫോടനക്കേസില്‍ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചെന്നാണ് സഞ്ജയ് ദത്തിനെതിരെയുള്ള കുറ്റം. അതേസമയം, നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും സഞ്ജയ് ദത്തിന് മാപ്പ് നല്‍കരുതെന്നുമാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കര നാരായണന് തീരുമാനമെടുക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Advertisement