സന്ധിവാതവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
Health Tips
സന്ധിവാതവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ന്യൂസ് ഡെസ്‌ക്
Monday, 18th March 2019, 11:55 pm

മധ്യവയസ്‌കരായവരില്‍ കണ്ടുവരുന്ന ഒരു രോഗമാണ് സന്ധിവാതം. രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടിയാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നത്. ഒരു മനുഷ്യന്റെ രക്തത്തില്‍ 7ml/dl അളവിലാണ് യൂറിക് ആസിഡാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ഇതിലധികമാകുമ്പോഴാണ് സന്ധിവാതമായി മാറുന്നത്.

ലോകത്തിലെ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് എന്ന കണക്കില്‍ സന്ധിവാത രോഗികളുണ്ടെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. ഇത് പ്രായം കൂടുമ്പോഴുണ്ടാകുന്ന എല്ലിന്റെ തേയ്മാനമോ നീര്‍ക്കെട്ടോ ഒന്നുമല്ല. ഇരുന്നൂറിലധികം അസുഖങ്ങള്‍ക്ക് ആകമാനമുള്ള പേരാണിത്.

ചിലയിനം സന്ധിവാതങ്ങള്‍

റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്
ആയുര്‍വേദത്തില്‍ സാധാരണ ആമവാതം എന്നുപറയുന്ന ഇനം സന്ധിവാതമാണിത്. ശരീരത്തിലെ ഭൂരിഭാഗം സന്ധികളെയും ബാധിക്കുന്ന ഈ അസുഖം ചികിത്സിക്കാന്‍ വൈകിയാല്‍ സന്ധികളെ പൂര്‍ണമായും തകര്‍ത്തുകളയും . ഈ രോഗം വേഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ ആള്‍ കിടപ്പിലായി പോകും.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

മുട്ടിനും ഇടുപ്പിനും തേയ്മാനത്തിന് കാരണമാകുന്ന രോഗമാണിത്. പ്രായം കൊണ്ടുണ്ടാകുന്ന രോഗമാണിത്. കൂടാതെ സന്ധികള്‍ക്കുണ്ടാകുന്ന ഒടിവ്,ചതവ്, അണുബാധ,ജനന വൈകല്യങ്ങള്‍ എന്നിവ ഇതിന് കാരണമാകും. അമിതമായ ശരീരഭാരം,വ്യായാമം ഇല്ലായ്മ,പുകവലി,മാനസിക സമ്മര്‍ദ്ദം, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ സന്ധികളുടെ ആരോഗ്യം നശിപ്പിക്കുന്നു.

രോഗനിര്‍ണയം
ഈ രോഗങ്ങള്‍ കണ്ടുപ്പിടിക്കുന്നത് ക്ലിനിക്കല്‍ പരിശോധന വഴിയാണ്. ചില എക്‌സറെ പരിശോധനകളോ,രക്തപരിശോധനകളോ വന്നേക്കാം. അപൂര്‍വ്വമായി മാത്രം എംആര്‍ഐ സ്‌കാനിങ്ങും ആവശ്യമായേക്കാം. സന്ധിവാതം ഏത് തരത്തില്‍പ്പെട്ടതാണെന്ന് നിശ്ചയിച്ചുകഴിഞ്ഞാല്‍ വേഗം ചികിത്സ തുടങ്ങേണ്ടതുണ്ട്.

രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് കീഴെ വെക്കുന്നത് ഒഴിവാക്കണം. പകരം മുട്ട് നിവര്‍ത്തി വെച്ചാണ് കിടക്കേണ്ടത്. ചരിഞ്ഞും ഒടിഞ്ഞുമുള്ള കിടത്തം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പേശികളില്‍ ബുദ്ധിമുട്ടുണ്ടാക്കും.

2. രാവിലെ ബെഡില്‍ നിന്ന് എഴുന്നേറ്റ ഉടന്‍ കൈ,കാലുകളിലെ പേശികള്‍ അയച്ച് സ്‌ട്രെച്ചിങ് വ്യായാമം ചെയ്യുന്നത് നല്ലതാണ്

3. എഴുന്നേറ്റ് കഴിഞ്ഞാല്‍ ചെറുചൂടുള്ള സോപ്പുവെള്ളത്തില്‍ കൈ കഴുകുന്നത് പേശികള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കും

4.ഇന്ത്യന്‍ ടോയ്‌ലറ്റിന് പകരം യൂറോപ്പ്യനാണ് ഉപയോഗിക്കാന്‍ നല്ലത്.

5. ചമ്രം പടിഞ്ഞുള്ള ഇരുത്തവും ഗോവണികള്‍ കയറുന്നതും ഒഴിവാക്കാം