ദി ലെജന്റിനായി ഉര്‍വശി റൗട്ടേല നയന്‍താരയുടെ ഇരട്ടി പ്രതിഫലം വാങ്ങിയോ?
Film News
ദി ലെജന്റിനായി ഉര്‍വശി റൗട്ടേല നയന്‍താരയുടെ ഇരട്ടി പ്രതിഫലം വാങ്ങിയോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd August 2022, 12:39 pm

വ്യവസായിയായ ശരവണന്‍ നായകനായ ദി ലെജന്റ് അടുത്തിടെ സിനിമാ ചര്‍ച്ചകളില്‍ സജീവമായിരുന്നു. ശരവണന്റെ സിനിമാ അരങ്ങേറ്റമായ ചിത്രം കോടികള്‍ മുടക്കിയാണ് നിര്‍മിച്ചത്. ബോളിവുഡ് നായികമാരെയാണ് ശരവണന്‍ ചിത്രത്തിലെത്തിച്ചത്.

ചിത്രത്തില്‍ നായികയായ ഉര്‍വശി റൗട്ടേല റെക്കോഡ് പ്രതിഫലമാണ് വാങ്ങിയതെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. തെന്നിന്ത്യയില്‍ ഒരു നായിക വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫല തുകയായ 20 കോടിയാണ് ഉര്‍വശി ലെജന്റില്‍ അഭിനയിക്കുന്നതിനായി വാങ്ങിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 10 കോടി പ്രതിഫലം വാങ്ങുന്ന നയന്‍താരയാണ് നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക.

എന്നാല്‍ ഉര്‍വശി 20 കോടി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ് ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. 20 കോടി ഉര്‍വശി പ്രതിഫലമായി വാങ്ങിയിട്ടില്ലെന്നും എന്നാല്‍ വലിയ പ്രതിഫല തുക തന്നെയാണ് അവര്‍ വാങ്ങിയതെന്നും ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞതായി ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ജെ.ഡി. ജെറിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. നാസര്‍, സുമന്‍, പ്രഭു, ലിവിങ്സ്റ്റണ്‍, റോബോ ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിച്ചത്.

Content Highlight: Did Urvashi Rautela get paid record remuneration for The Legend? This is the truth