വേണമെങ്കില്‍ തമിഴ് പഠിച്ചോ; ബീസ്റ്റിലെ ഡയലോഗ് അമിത് ഷായ്ക്കുള്ള മറുപടിയോ?
Film News
വേണമെങ്കില്‍ തമിഴ് പഠിച്ചോ; ബീസ്റ്റിലെ ഡയലോഗ് അമിത് ഷായ്ക്കുള്ള മറുപടിയോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th April 2022, 8:02 pm

ഏറ്റവും പുതിയ വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13 ന് റിലീസ് ചെയ്തിരിക്കുകയാണ്. അവസാനമിറങ്ങിയ മിക്ക വിജയ് ചിത്രങ്ങളിലേയും രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. അതുപോലെ ബീസ്റ്റിലെ ഒരു ഡയലോഗും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ഒരു മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും മുന്‍ റോ ഏജന്റായ വീരരാഘവന്‍ കുടുങ്ങിപ്പോയ ജനങ്ങളെ രക്ഷിക്കുന്നതുമാണ് സിനിമയുടെ പ്ലോട്ട്. ചിത്രത്തില്‍ ഒരു തീവ്രവാദിയോട് സംസാരിക്കവേ ‘എല്ലാം ഹിന്ദിയില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ തമിഴ് പഠിച്ചോ’ എന്ന് വിജയ്‌യുടെ കഥാപാത്രം പറയുന്നുണ്ട്.

ഇന്ത്യക്കാരെല്ലാം ഹിന്ദി സംസാരിക്കാന്‍ പഠിക്കണം എന്നും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി തന്നെ ഉപയോഗിക്കണമെന്നുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പറഞ്ഞത് വിവാദമായിരുന്നു.

ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുകയാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുതെ അമിത് ഷാ പറഞ്ഞിരുന്നു.

അമിത് ഷാക്കുള്ള മറുപടിയാണ് ബീസ്റ്റിലൂടെ കിട്ടിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദം.

മുമ്പ് മെര്‍സലിലെ ജി.എസ്.ടി പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

അതേസമയം ബീസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിജയുടെ പ്രകടനത്തെ പുകഴ്ത്തിയ പ്രേക്ഷകര്‍ നെല്‍സന്റെ സംവിധാനത്തിലെ പാളിച്ചകളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

മലയാളി താരങ്ങളായ അപര്‍ണ ദാസിനും ഷൈന്‍ ടോം ചാക്കോയ്ക്കും പ്രശംസ ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും ഷൈന്റെ പെര്‍ഫോമന്‍സ് പലരും എടുത്തു പറഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്.

അനിരുദ്ധിന്റെ ബി.ജി.എമ്മും പാട്ടുകളും ഗംഭീരമായി എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സണ്‍ പിക്ചേഴ്സിന്റ നിര്‍മാണത്തിലൊരുങ്ങിയ ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക.

Content Highlight: dialogue about hindi and tamil in beast became a discussion