എഡിറ്റര്‍
എഡിറ്റര്‍
രണ്ടാമത് ‘ഡയലോഗ് ‘അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കമായി
എഡിറ്റര്‍
Thursday 12th January 2017 1:42pm

theatre

ഒറ്റപ്പാലം: രണ്ടാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കമായി.  പറയാന്‍ വിട്ടുപോയതോ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടും അധികാരം കൊണ്ട് മായ്ക്കാന്‍ ശ്രമിച്ചതുമായ നിരവധി അനവധി കാഴ്ചകളുടെ പൊടി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് ഡയലോഗ്, അതിന്റെ രണ്ടാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലൂടെയെന്ന് സംഘാടകര്‍ പറയുന്നു .

താരത്തമ്പുരാക്കന്മാരുടെയും മൂലധന താല്പര്യത്തിന്റെയും മാത്രം വാണിജ്യ കണ്ണുകള്‍ കൊണ്ട് സിനിമ കാണുന്ന ജനതയ്ക്ക് അതല്ലാതെ വ്യാകരണം കൊണ്ട് ശരിയായ സിനിമകള്‍ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഒറ്റപ്പാലത്തു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡയലോഗ് ഫിലിം സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഈ കാലത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകളുടെ ഒരു കൂട്ടമൊരുക്കി മറ്റൊരു ചരിത്രപരമായ ചുവടുവെപ്പിന് കൂടിയാണ് ഡയലോഗ് മുതിരുന്നത്.

അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ, ഫാസിസ്റ്റ് അധികാര വ്യവസ്ഥിതികള്‍, സവര്‍ണ ഫ്യുഡല്‍ ഹെജിമണികള്‍ കൊണ്ട് നാമാവശേഷമാക്കിയവരുടെ, ചാരം തീര്‍ത്തവരുടെ ചരിത്രം. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ദേശീയത, അപരരെ സൃഷ്ടിച്ച് ശത്രു പക്ഷമുണ്ടാക്കുന്ന ഭരണകൂടങ്ങളും ഭരണാധികാരികളും, ബഹുസ്വരതയെ തകര്‍ക്കുന്ന ആള്‍ക്കൂട്ടാധിപത്യം.പൊതു ബോധ നിര്‍മിതിയില്‍ മധ്യ വര്‍ഗ കാഴ്ചപാടുകളുടെ ഈ അലയടിക്കലുകളില്‍ അപകടമെന്ന് നഗ്നമായി വിലയിരുത്താവുന്ന യാഥാര്‍ഥ്യ കാഴ്ച്ചകള്‍, ഇത്തരത്തില്‍ ഓരോരുത്തരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമാവിഷ്‌കാരങ്ങളും, പൊളിറ്റിക്കല്‍ ശരികളുടെ സിനിമകളുമാണ് ചലച്ചിത്രോത്സവത്തില്‍   പ്രദര്‍ശിപ്പിക്കുന്നത്.

സാമൂഹിക പൊതു മണ്ഡലത്തില്‍ നിര്‍മ്മിച്ചെടുത്ത പൊതു ബോധത്തിനെ അപനിര്‍മ്മിക്കുക എന്ന കൃത്യമായ ആലോചനയാണ് സൊസൈറ്റിക്കുള്ളതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രസക്തവും സാമൂഹിക രാഷ്ട്രീയ മാനവുമുള്ള അത്തരം സിനിമകളുടെ സ്‌ക്രീനിങ് ഒറ്റപ്പാലം കേന്ദ്രീകരിച്ചു നടത്താനായെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.

സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം സിനിമകളെ സംബന്ധിച്ച് ലഘുവായ ചര്‍ച്ചകളും സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. പൊതു കാഴ്ചകളിലുണ്ടാവുന്ന സവര്‍ണാധിപത്യം, ആണ്‍ പക്ഷ ആഘോഷം, സ്ത്രീവിരുദ്ധത, ദളിത് മുസ്ലിം വിരുദ്ധത എന്നീ അപകടകരമായ സിനിമ ഉള്ളടക്കങ്ങളെയും സംവാദങ്ങളിലൂടെ പരിശോധിക്കുന്നു.

Advertisement