ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ, സിനിമക്ക് ആളില്ല, ഒരു കാര്യോമില്ല: ധ്യാന്‍ ശ്രീനിവാസന്‍
Film News
ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ, സിനിമക്ക് ആളില്ല, ഒരു കാര്യോമില്ല: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th June 2022, 8:10 am

തന്റെ ഇന്റര്‍വ്യൂ ഹിറ്റാവുന്നത് പോലെ സിനിമകള്‍ ഹിറ്റാവാറില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഇന്റര്‍വ്യൂവിന്റെ അത്രയും കാഴ്ചക്കാര്‍ സിനിമകള്‍ക്ക് വരില്ലെന്നും എന്നാല്‍ മാത്യുവിന്റെ കാര്യം അങ്ങനല്ലെന്നും സാന്നിധ്യമുണ്ടെങ്കില്‍ തന്നെ പടം ഹിറ്റാണെന്നും ധ്യാന്‍ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാനിനൊപ്പം മാത്യു തോമസും ഉണ്ടായിരുന്നു.

‘എന്റെ ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ. ഇവന്റെ(മാത്യു തോമസ്) ഇറങ്ങിയ എല്ലാ പടവും ഹിറ്റാണ്. ഇന്റര്‍വ്യൂ കാണുന്ന രണ്ടരലക്ഷം ആള്‍ക്കാര്‍ ഗുണം നൂറ് കൂട്ടിയാല്‍ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആള്‍ക്കാരൊന്നും തിയേറ്ററിലേക്ക് വരുന്നില്ല. അവസാനം ഇറങ്ങിയ പടങ്ങള്‍ക്കൊന്നും ഇത്രയും കളക്ഷന്‍ പോലും വന്നിട്ടില്ല. ആള്‍ക്കാര്‍ ഇന്റര്‍വ്യൂ മാത്രമേ കാണുന്നുള്ളൂ, ഒരു കാര്യോമില്ല. അതുകൊണ്ട് സിനിമ വിട്ടിട്ട് ഇന്റര്‍വ്യൂ മാത്രം കൊടുത്താല്‍ മതിയോ എന്ന് ആലോചിക്കുകയാണ്.

ഇന്റര്‍വ്യൂവില്‍ പറയുന്നതൊക്കെ ചെറുതാണ്. ഇന്റര്‍വ്യൂവില്‍ ഇതൊക്കെയല്ലേ പറയാന്‍ പറ്റൂ. അങ്ങനെ നോക്കുവാണെങ്കില്‍ പണ്ട് മുതലേ തഗ്ഗാണ്. തഗ്ഗ് എന്നുള്ള വാക്ക് ഉണ്ടാവുന്നതിന് മുമ്പേ തഗ്ഗാ. ഇതോടെ ഇന്റര്‍വ്യൂ നിന്നു. അച്ഛന്‍ ഹോസ്പിറ്റലില്‍ നിന്നും വരുന്നുണ്ട്. അതുകഴിഞ്ഞാല്‍ ഇന്റര്‍വ്യൂ ഒക്കെ നിക്കും. റിയല്‍ ലൈഫിലുള്ള കാര്യങ്ങളാണ് ഇന്റര്‍വ്യൂവില്‍ പറയുന്നത്.

പക്ഷേ ഇവന്റെ കാര്യം അങ്ങനെയല്ല. പടമെല്ലാം ഹിറ്റ്. അതിന് മുമ്പേ ഇറങ്ങിയ വണ്‍, അതും ഹിറ്റ്. അതില്‍ മമ്മൂക്ക അല്ലേ ലീഡ്? ഇവന്‍ ലീഡ് ചെയ്ത പടങ്ങളെല്ലാം ഹിറ്റാണ്. ഇവന്റെ സാന്നിധ്യമുണ്ടെങ്കില്‍ തന്നെ ഹിറ്റാണ്.

ഞാന്‍ ഇവനോട് പല തവണ ചോദിച്ചുനോക്കി, എങ്ങനെയാ സിനിമ ഹിറ്റാവുന്നതെന്ന്. പറഞ്ഞുതരുന്നില്ല. രസം എന്താണെന്ന് വെച്ചാല്‍ പ്രകാശന്‍ പറക്കട്ടെയുടെ അസോസിയേറ്റ്‌സായ രണ്ട് പേരാണ് ജോ ആന്‍ഡ് ജോയുടെ ഡയറക്ടറും റൈറ്ററും. ജോ ആന്‍ഡ് ജോയ്ക്കും ഒരുപാട് മുമ്പേ ഷൂട്ട് ചെയ്തതാണ് പ്രകാശന്‍ പറക്കട്ടെ. ഹൃദയം റിലീസായതുകൊണ്ടാണ് ഒന്ന് നീട്ടിവെച്ചത്. ഫണ്‍ടാസ്റ്റിക് ഫിലിംസ് തന്നെയായിരുന്നു രണ്ടിന്റേയും ഡിസ്ട്രിബ്യൂഷന്‍,’ ധ്യാന്‍ പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 17നായിരുന്നു പ്രകാശന്‍ പറക്കട്ടെയുടെ റിലീസ്. ദിലീഷ് പോത്തന്‍, നിഷ സാരംഗ്, സൈജു കുറുപ്പ്, ഗോവിന്ദ് പൈ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Dhyan Srinivasan says that movies are not as hit as his interview