ഇത് എന്താണ് എടുത്ത് വെച്ചിരിക്കുന്നത്, ഈ സിനിമ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
Film News
ഇത് എന്താണ് എടുത്ത് വെച്ചിരിക്കുന്നത്, ഈ സിനിമ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th May 2022, 1:00 pm

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തിലെ പാട്ടുകളും ജനപ്രീതി നേടിയിരുന്നു. ധ്യാന്‍ തന്നെയാണ് തിരക്കഥ എഴുതിയത്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് അഭിനയിച്ചത്.

ഈ ചിത്രം ശ്രീനിവാസന്‍ നായകനായ 1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ ആധുനിക കാലഘട്ടമാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലാണ് നിവിന്റെയും നയന്‍താരയുടെയും കഥാപാത്രങ്ങള്‍ക്ക് ദിനേശന്‍ എന്നും ശോഭ എന്നും പേരിട്ടിത്.

Love Action Drama' film review: Insipid and unconvincing | South-indian –  Gulf News

ലവ് ആക്ഷന്‍ ഡ്രാമ എന്ന തന്റെ ചിത്രം തനിക്ക് ഇഷ്ടമായില്ലെന്നും, ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് താന്‍ ഉറങ്ങി പോയെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ഞാന്‍ എന്റെ സിനിമ പൊതുവെ കാണാറില്ല. ലവ് ആക്ഷന്‍ ഡ്രാമ പോലും ഞാന്‍ തിയേറ്ററില്‍ കണ്ടിട്ടില്ല. തിയേറ്ററില്‍ കാണാന്‍ മാത്രം ആ സിനിമയില്ല. ആ സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

ഞാന്‍ ഓടില്ല എന്ന് വിചാരിക്കുന്ന പടങ്ങള്‍ സാധാരണ ഓടാറില്ല. എന്റെ കണക്ക് കൂട്ടലുകള്‍ ഇത് വരെ തെറ്റിയിട്ടില്ല. പ്രത്യേകിച്ച് എന്റെ തന്നെ സിനിമകള്‍. എന്നാല്‍ തീരെ ഓടില്ല എന്ന് ഞാന്‍ വിചാരിച്ച പടമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഈ സിനിമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു. ആ സിനിമ ഞാന്‍ കണ്ടപ്പോള്‍ ഇത് എന്താണ് എടുത്ത് വച്ചിരിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.

Love Action Drama' team shares photos from their Kerala schedule wrap-up |  Malayalam Movie News - Times of India

ഞാന്‍ എഴുതി വെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയായിരുന്നു. ഷൂട്ട് ചെയ്ത് വെച്ച സീനുകളില്‍ തുടര്‍ച്ചയില്ലാത്തത് കൊണ്ട് കുറെ ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. അങ്ങനെ കഥ മുഴുവന്‍ മാറി പോയി. എന്നിട്ടും ആ സിനിമ ഓടി. അത്യാവശ്യം പൈസയും അതിന് കിട്ടി. അതിനുള്ള പ്രധാന ഘടകം ചിത്രത്തിലെ താരനിരയും, പാട്ടുകളുമാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

”ഈ കഥയിലെ ലോജിക്ക് ഒന്നും ആലോചിക്കാതെ സിനിമ ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. പക്ഷേ ഇഷ്ടപ്പെടാത്ത ഒരുപാട് പേര്‍ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഇഷ്ടപ്പെടാത്ത ആളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ വ്യക്തി ഞാനായിരിക്കും. കാരണം എനിക്ക് ആ സിനിമ അപ്പോഴും ഇപ്പോഴും ഇഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് ആ സിനിമ ഞാന്‍ കാണാറില്ല,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രമായ ‘ഉടല്‍’ റിലീസിനൊരുങ്ങുകയാണ്. രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: Dhyan Srinivasan says he did not like his film Love Action Drama and fell asleep while editing it