ഷീലു ചേച്ചിക്ക് എബ്രഹാം ചേട്ടന്‍ കൊടുക്കുന്ന ഫ്രീഡം വലുതാണ്; എല്ലാ പ്രോഗ്രാമുകളിലും ചേട്ടന്‍ ചേച്ചിയുടെ കൂടെ വരും: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
ഷീലു ചേച്ചിക്ക് എബ്രഹാം ചേട്ടന്‍ കൊടുക്കുന്ന ഫ്രീഡം വലുതാണ്; എല്ലാ പ്രോഗ്രാമുകളിലും ചേട്ടന്‍ ചേച്ചിയുടെ കൂടെ വരും: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th December 2022, 12:51 pm

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീകം. സാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആബാം മൂവീസിന്റെ ബാനറില്‍ നടി ഷീലു എബ്രഹാമും ഭര്‍ത്താവും ബിസിനസുകാരനുമായ എബ്രഹാം മാത്യുവും ചേര്‍ന്നാണ്.

സിദ്ദീഖ്, അജു വര്‍ഗീസ്, ദിനേഷ് പ്രഭാകര്‍, ഷീലു എബ്രഹാം, ഡയാന ഹമീദ്, ഡെയ്ന്‍ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ധ്യാന്‍ ലിസ്റ്റിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വലുതാകുമ്പോള്‍ ആരാകണമെന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആകണമെന്നാണ് താന്‍ പറയാറുള്ളതെന്നാണ് ധ്യാന്‍ പറയുന്നത്. കയ്യിലുള്ള പൈസ എണ്ണിത്തീര്‍ക്കേണ്ടതുകൊണ്ട് ലിസ്റ്റിന് എപ്പോഴും തിരക്കാണെന്നും ധ്യാന്‍ പറയുന്നു.

”ആദ്യം തന്നെ ഷീലു ചേച്ചിയെ പറ്റിയും എബ്രഹാം ചേട്ടനെ പറ്റിയും പറഞ്ഞ് തുടങ്ങണം. എവിടെയോ എഴുതിയത് ഞാന്‍ വായിച്ചതാണ്, ‘കാഞ്ചന മൊയ്തീനെ സ്‌നേഹിച്ചതല്ല യഥാര്‍ത്ഥ പ്രണയം, ഷീലു ചേച്ചിയും എബ്രഹാം ചേട്ടനും തമ്മിലുള്ള പ്രണയമാണ് യഥാര്‍ത്ഥ പ്രണയം,’ എന്ന്.

അത് വലിയൊരു കാര്യം തന്നെയാണ്. കാരണം ചേച്ചിക്ക് എബ്രഹാം ചേട്ടന്‍ കൊടുക്കുന്ന ഫ്രീഡം അല്ലെങ്കില്‍ സപ്പോര്‍ട്ട് എന്ന് പറയുന്നത് വളരെ വലുതാണ്. മിക്ക സ്ഥലങ്ങളിലും എല്ലാ പ്രോഗ്രാമുകളിലും ചേട്ടന്‍ ചേച്ചിയുടെ കൂടെ വരുന്നു.

ചേച്ചിയുടെ സ്റ്റാര്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയും റിലീസ് സമയത്തും ചേട്ടന്‍ ബോംബെയില്‍ നിന്ന് വന്നു.

ഇത് ചേച്ചിയുടെ ലേബലില്‍ ആദ്യമായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ്. അതിന്റെ ഭാഗമാകാന്‍ പറ്റിയത് എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്.

നേരത്തെ എന്നെപ്പറ്റി, മിനിമം ഗ്യാരണ്ടി എന്ന് പറഞ്ഞത് പോലെ, മിനിമം ഗ്യാരണ്ടിയുള്ള ആബാം മൂവീസ് പോലുള്ള ബാനറിന്റെ കൂടെ പടം ചെയ്യുകയാണെങ്കില്‍ നമുക്ക് ടെന്‍ഷനില്ലല്ലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

തൊട്ടുമുമ്പ് സംസാരിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ പക്ഷെ, മിനിമം ഗ്യാരണ്ടിയുള്ള ഈ എന്റെ കൂടെ പടം ചെയ്തതായി ഞാന്‍ കണ്ടിട്ടില്ല. എന്തുകൊണ്ട് മിനിമം ഗ്യാരണ്ടിയുള്ള എന്റെ കൂടെ ലിസ്റ്റിന്‍ സ്റ്റീഫന്‍ പടം ചെയ്യുന്നില്ല. അപ്പോഴും എബാം മൂവീസ് വേണ്ടിവന്നു.

കഴിഞ്ഞ ദിവസം അച്ഛന്‍ എന്നോട് ചോദിച്ചു, വലുതാകുമ്പോള്‍ നിനക്ക് ആരാകണം എന്ന്. എനിക്ക് വലിയ നടനൊന്നും ആകണ്ട, എനിക്ക് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയാല്‍ മതി, എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ സിനിമയില്‍ അളിയാ എന്ന് വിളിക്കുന്ന വളരെ ചുരുക്കം പേരേ ഉള്ളൂ. അളിയനേയും (ലിസ്റ്റിനെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഞാന്‍ എപ്പോഴും അങ്ങനെ വിളിക്കാറില്ല, വല്ലപ്പോഴുമേ ഉള്ളൂ. കാരണം പുള്ളിക്ക് തിരക്കാണ്, കയ്യിലുള്ള പൈസ എണ്ണിത്തീരാനുണ്ട്.

അതിന്റെയൊക്കെ തിരക്കിനിടയില്‍ അളിയന് ബുദ്ധിമുട്ടാകുമെന്ന് കരുതി ഞാന്‍ വിളിക്കാറേ ഇല്ല. പക്ഷെ ഞാന്‍ വളരെ അസൂയയോട് കൂടി കാണുന്ന വ്യക്തിത്വമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ആരായിത്തീരണം എന്നാഗ്രഹിക്കുമ്പോള്‍ എനിക്ക് ഒരൊറ്റ ആഗ്രഹമേ ഉള്ളൂ.

എനിക്ക് വലിയ നടനാവണ്ട, ഒന്നുമാവണ്ട, കേരളത്തിലെ നമ്പര്‍ വണ്‍ പ്രൊഡ്യൂസറായ ലിസ്റ്റിന്‍ സ്റ്റീഫനായാല്‍ മതി. എന്നെങ്കിലും ഞാനാവും, ആക്കണം. എന്റെ പ്രാര്‍ത്ഥനയാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: dhyan sreenivasan talks about actress Sheelu Abraham and husband Abraham Mathew