നയന്‍താര കല്യാണം വിളിച്ചു, പക്ഷെ ഞാന്‍ പോയില്ല; എനിക്ക് തിരക്കല്ലേ; രസകരമായ മറുപടിയുമായി ധ്യാന്‍
Entertainment news
നയന്‍താര കല്യാണം വിളിച്ചു, പക്ഷെ ഞാന്‍ പോയില്ല; എനിക്ക് തിരക്കല്ലേ; രസകരമായ മറുപടിയുമായി ധ്യാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 9:31 pm

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ധ്യാന്‍ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.


‘നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ,’ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ധ്യാന്‍ രസകരമായി മറുപടി നല്‍കിയത്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ മാത്യു തോമസും ഗോവിന്ദും അടക്കമുള്ള പ്രകാശന്‍ പറക്കട്ടെ ടീം ധ്യാനിനെ കളിയാക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

”വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. (ചിരി).

തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്,” ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നയന്‍താരയും നിവിന്‍ പോളിയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.

ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരാണ് പ്രകാശന്‍ പറക്കട്ടെയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഒരു കോമഡി ഫാമിലി മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlight: Dhyan Sreenivasan funny reply to the question whether he was invited to Nayanthara’s wedding