ലാല്‍ സാറിനെക്കുറിച്ച് അച്ഛന്‍ അങ്ങനെ പറയേണ്ടതില്ല, എന്‍റെ ഒരു ദിവസമാണ് നശിപ്പിച്ചത്: ധ്യാന്‍ ശ്രീനിവാസന്‍
Film News
ലാല്‍ സാറിനെക്കുറിച്ച് അച്ഛന്‍ അങ്ങനെ പറയേണ്ടതില്ല, എന്‍റെ ഒരു ദിവസമാണ് നശിപ്പിച്ചത്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th April 2023, 5:03 pm

മോഹന്‍ലാലിനെ പറ്റി ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ അടുത്തിടെ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. പ്രേം നസീര്‍ സിനിമ ചെയ്യാനാഗ്രഹിച്ചപ്പോള്‍ അതിന് മോഹന്‍ലാല്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത്.

വിഷയത്തില്‍ പ്രതികരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. വാര്‍ത്ത കണ്ടപ്പോള്‍ താന്‍ വളരെയധികം വിഷമിച്ചുവെന്നും അന്നത്തെ തന്റെ ദിവസം തകര്‍ന്ന് പോയെന്നും മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

‘ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ ഭാര്യയും മോളുമൊത്ത് ഒരു യാത്ര പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വാര്‍ത്ത കാണുന്നത്. അച്ഛന്‍ ലാല്‍ സാറിനെ പറ്റി ഹിപ്പോക്രാറ്റ് എന്ന് പറഞ്ഞു. ഇത് വായിക്കുന്ന എനിക്കാണ് വിഷമം. എന്റെ ഒരു ദിവസമാണ് തകര്‍ന്നുപോയത്.

അച്ഛന്‍ എന്തിന് അങ്ങനെ പറഞ്ഞു. അങ്ങനെ പറയേണ്ട കാര്യമുണ്ടായിരുന്നോ. നമ്മള്‍ അത്രയും ഇഷ്ടപ്പെടുന്ന രണ്ട് ആളുകളാണ്. ഇത് കേള്‍ക്കുന്ന നമുക്ക് വിഷമമാവുകയാണ്. മഴവില്‍ മനോരമയുടെ പരിപാടിക്ക് ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോ ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. അത്രയും സന്തോഷം വന്നതുകൊണ്ടാണ് ആ ഫോട്ടോ ഷെയര്‍ ചെയ്തത്.

അച്ഛന്‍ കള്ളം പറയാറില്ല. എന്നാലും അതിപ്പോള്‍ പറയേണ്ട കാര്യമെന്തായിരുന്നു എന്ന് തോന്നി. അച്ഛന്‍ പറയുന്നതിലുപരി നമുക്കുണ്ടാകുന്ന ഒരു ഫീലുണ്ടല്ലോ. ആളുകളെ പറ്റി നല്ലത് പറയാമല്ലോ.

ഹിപ്പോക്രസിയെ പറ്റിയാണ് അച്ഛന്‍ പറഞ്ഞത്. ഈ ലോകത്തുള്ള എല്ലാവരും ഹിപ്പോക്രാറ്റ്‌സാണ്. ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം ഹിപ്പോക്രാറ്റ്‌സല്ലേ. ഹിപ്പോക്രാറ്റ്‌സല്ലാത്ത മനുഷ്യന്മാരില്ല. പണ്ടെപ്പോഴോ ലാല്‍ സാര്‍ അച്ഛനോട് പേഴ്‌സണലായി പറഞ്ഞ കാര്യം വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന് പറയണോ.

സരോജ് കുമാര്‍ സിനിമക്ക് ശേഷം അവര്‍ തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട് എന്ന് നമുക്ക് അറിയാം. ഇങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ പറഞ്ഞ അച്ഛനെക്കാളും ലാല്‍ സാറിനെക്കാളും കേട്ട നമ്മളെ പോലെയുള്ള ആവറേജ് മലയാളികള്‍ക്കാണ് വിഷമമാവുന്നത്.

ഈ വയസാംകാലത്ത് ഇങ്ങേര്‍ക്ക് ഇതിന്റെ വെല്ലോ ആവശ്യവുമുണ്ടോ എന്ന് ലാല്‍ സാര്‍ വളരെ സ്വകാര്യമായാണ് പറഞ്ഞത്. അന്നത്തെ ലാല്‍ സാറിന്റെ പ്രായമൊക്കെ പരിഗണിക്കണം. എന്തായാലും അന്നത്തെ എന്റെ ദിവസം പോയി. അത് അച്ഛന്‍ കാരണമാണ്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: dhyan sreenivasan about sreenivsan’s statements on mohanlal