'മികച്ച പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കങ്കണയേയും അര്‍ണബിനെയും ചേര്‍ത്ത് സമിതിയുണ്ടാക്കുന്ന പോലെ'; സുപ്രീം കോടതിയുടെ സമിതി തീരുമാനത്തില്‍ ധ്രുവ് റാഠി
national news
'മികച്ച പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കങ്കണയേയും അര്‍ണബിനെയും ചേര്‍ത്ത് സമിതിയുണ്ടാക്കുന്ന പോലെ'; സുപ്രീം കോടതിയുടെ സമിതി തീരുമാനത്തില്‍ ധ്രുവ് റാഠി
ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 9:31 pm

ന്യൂദല്‍ഹി: കര്‍ഷക സമരം പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രമുഖ യുട്യൂബര്‍ ധ്രുവ് റാഠി. കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന നാലുപേരെ സമിതിയില്‍ എടുത്തത് ലോകത്തിലെ മികച്ച പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കങ്കണ റണൗത്ത്, അര്‍ണാബ് ഗോസ്വാമി, സംപീത് പത്ര, രജത് ശര്‍മ്മ എന്നിവരുടെ സമിതി രൂപീകരിക്കുന്നതുപോലെയാണെന്ന് ധ്രുവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അവര്‍ നാലുപേരും കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ്. ലോകത്തിലെ മികച്ച പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കങ്കണ റണൗത്ത്, അര്‍ണാബ് ഗോസ്വാമി, സംപീത് പത്ര, രജത് ശര്‍മ്മ എന്നിവരുടെ സമിതി രൂപീകരിക്കുന്നത് പോലെയാണിത്’, ധ്രുവ് ഫേസ്ബുക്കിലെഴുതി.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് നേരത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി നിലപാട് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dhruv Rathee Facebook Post