സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് ധോണി
Cricket
സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th March 2019, 11:03 pm

റാഞ്ചി: സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ മഹേന്ദ്രസിംഗ് ധോണി. റാഞ്ചിയിലെ സ്‌റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന് ധോണിയുടെ പേര് നല്‍കിയിരുന്നു.

എന്നാല്‍ ഈ പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ധോണി വിസമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധോണിയുടെ ജന്മസ്ഥലമാണ് റാഞ്ചി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം നടക്കുന്നത് റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ്.

ALSO READ: റാഞ്ചിയില്‍ ധോണിയെ കാത്തിരിക്കുന്നത് അപൂര്‍വ്വനേട്ടം

പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിച്ചിരുന്നു. എന്നാല്‍ ധോണി വിസമ്മതിക്കുകയായിരുന്നു.

“ഞാനും ഈ ഗ്രൗണ്ടിന്റെ ഭാഗമാണ്. സ്വന്തം വീട്ടിലെ ഒരു ഇടം ആ വീട്ടിലെ അംഗം തന്നെ എങ്ങനെ ഉദ്ഘാടനം ചെയ്യും?” ഇതായിരുന്നു ധോണിയുടെ മറുപടിയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി വ്യക്തമാക്കി.

വെള്ളിയാഴ്ച്ചയാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനം. ആദ്യ രണ്ട് ഏകദിനത്തിലും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്. അഞ്ചു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

WATCH THIS VIDEO: