ഫൈറ്റ് സീനുകളുടെ കുത്തൊഴുക്ക്, കോളേജ് അധ്യാപകനായി ധനുഷ്; വാത്തി ടീസര്‍ പുറത്ത്
Entertainment news
ഫൈറ്റ് സീനുകളുടെ കുത്തൊഴുക്ക്, കോളേജ് അധ്യാപകനായി ധനുഷ്; വാത്തി ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 8:50 pm

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ധനുഷ് നായകനാവുന്ന വാത്തി സിനിമയുടെ ടീസര്‍ പുറത്ത്. കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോനാണ് നായിക. ഫൈറ്റ് സീനുകളുടെ ഒഴുക്കാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു അധ്യാപകനാണ് ധനുഷ് ചെയ്യുന്ന കഥാപാത്രമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. വാത്തിയുടെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് വെങ്കി അറ്റ്‌ലൂരിയാണ്.

വിദ്യാഭ്യാസം എന്നത് പുസ്തകങ്ങള്‍, മാര്‍ക്കുകള്‍, ഫലങ്ങള്‍ എന്നിവയെക്കാള്‍ കൂടുതലാണ്. ചോക്കിന്റെയും വെല്ലുവിളികളുടെയും ശരിയായ മിശ്രിതം ഭാവി തലമുറയെ രൂപപ്പെടുത്തും എന്നാണ് ടീസറിന് നല്‍കിയ അടിക്കുറിപ്പ്.

തമിഴ്, തെലുഗ് ഭാഷകളില്‍ എത്തുന്ന ചിത്രത്തിന് തമിഴില്‍ വാത്തിയെന്നും തെലുങ്കില്‍ സര്‍ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

സായ് കുമാര്‍, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ആടുകളം നരേന്‍, ഇളവരസു, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, എഡിറ്റര്‍: നവീന്‍ നൂലി, ഡി.ഒ.പി: ജെ യുവരാജ്, സംഗീതം: ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ – വെങ്കട്ട്, നിര്‍മ്മാതാക്കള്‍: നാഗ വംശി എസ് – സായ് സൗജന്യ, രചന സംവിധാനം: വെങ്കി അറ്റ്‌ലൂരി, ബാനറുകള്‍: സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് – ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ്

ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ധനുഷിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട ടീസറിന് താഴെ ആരാധകര്‍ നല്ല അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

Content Highlight: Dhanush movie Vaathi teaser out