എഡിറ്റര്‍
എഡിറ്റര്‍
കടക്ക് പുറത്ത്; പിരിവിനെത്തിയ സി.പി.ഐ.എം പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കി ദേവികുളം സബ്കളക്ടര്‍
എഡിറ്റര്‍
Friday 11th August 2017 12:05pm

മൂന്നാര്‍: ആര്‍.ഡി.ഒ ഓഫീസില്‍ പിരിവിനെത്തിയ സി.പി.ഐ.എം പ്രവര്‍ത്തകരെ പുറത്താക്കി ദേവികുളം സബ്കളക്ടര്‍.

കണ്ണൂരില്‍ ഇ.കെ നായനാര്‍ സ്മാരക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിരിവിനെത്തിയ സി.പി.ഐ.എം പ്രവര്‍ത്തകരെയാണ് ആര്‍.ഡി.ഒ ഓഫീസില്‍ നിന്നും പുറത്താക്കിയത്.

ഓഫിസ് പ്രവര്‍ത്തിക്കുന്ന സമയത്ത് പിരിവ് അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സബ്കളക്ടറുടെ നടപടി. സബ്കലക്ടര്‍ പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരം ഗണ്‍മാനാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ആര്‍ ഈശ്വരന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഓഫിസില്‍ നിന്ന് ഇറക്കി വിട്ടത്.


Dont Miss ബാബറി മസ്ജിദ്; കേരളത്തില്‍ കലാപം തടഞ്ഞത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകള്‍: ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍


സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനവും യോഗവും ചേര്‍ന്നു.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പിരിവിനിറങ്ങിയതെന്നും സബ്കളക്ടറുടെ ഓഫിസിനുള്ളില്‍ പ്രവേശനം നിഷേധിച്ചതു ശരിയായില്ലെന്നും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ആര്‍. ഈശ്വരന്‍ പറഞ്ഞു.

ഓഫിസില്‍ ഗണ്‍മാനും സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഓഫിസിനുള്ളില്‍ തന്നെയുണ്ടായിരുന്നു.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ ശക്തമായ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് വയനാട് സബ്കളക്ടര്‍ ആയിരുന്ന വിആര്‍ പ്രേംകുമാര്‍ ചാര്‍ജ് എടുത്തത്.

പ്രേംകുമാറും മൂന്നാറിലെ സി.പി.എം.നേതാക്കളുമായി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. പാര്‍ട്ടി അനുകൂലപ്രദേശമായ ഇക്കാനഗറില്‍ സി.പി.ഐ.എം. മഹിളാനേതാവ് ജയ ഭൂമി കൈയേറി വീടുപണിതത് ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ നടത്തിയ നീക്കം പാര്‍ട്ടികേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു.

പകുതി ഒഴിപ്പിച്ച് മടങ്ങുകയും വീട് പൂര്‍ണമായി ഒഴിപ്പിച്ചെന്ന് കള്ളറിപ്പോര്‍ട്ട് നല്‍കുകയുംചെയ്ത മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.എസ്. ജോസഫിനെ സസ്പെന്‍ഡ് ചെയ്യാനും സബ് കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ജില്ലാകളക്ടര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Advertisement