Administrator
Administrator
വികസനം വരുന്നു.. കാലിനടിയിലെ മണ്ണിളകുന്നു..
Administrator
Saturday 28th May 2011 8:42pm

ഷഫീക്ക്. എച്ച്

മനുഷ്യന്റെ നിലനില്‍പ്പിനാധാരമാണ് മണ്ണ്. അതു സംരക്ഷിക്കേണ്ട ചുമതല മനുഷ്യനുണ്ട്. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിവാദത്തിലകപ്പെട്ടുകൊണ്ടിരിക്കുന്നതും മണ്ണുതന്നെ. കൃഷിക്കും താമസ്സത്തിനുമായി നമ്മളുപയോഗിക്കുന്ന ഭൂമി അടുത്ത പ്രഭാതത്തില്‍ ഉപേക്ഷിക്കേണ്ടി വരുമൊ എന്ന ഭയപ്പാടോടെയല്ലാതെ ഇന്ന് സാധാരണക്കാരനായ ഒരിന്ത്യാക്കാരനും ഉറങ്ങാന്‍ കഴിയില്ല. ‘വികസനം’ എന്ന ഡിമോക്ലിസിന്റെ വാള് നമ്മളോരോരുത്തരുടെയും തലയ്ക്കുമീതെ വന്യമായൊരു തിളക്കത്തോടെ ആടിക്കൊണ്ടിരിക്കുകയാണ്. ഈയൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ തലത്തില്‍ ആര്‍ത്തുല്ലസിച്ച് നടന്നുകൊണ്ടിരിക്കുന്ന ‘വികസനത്തിനുവേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിനെ’ പറ്റി അല്‍പ്പമൊന്ന് ചിന്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

എന്താണ് ഭൂമിയേറ്റെടുക്കല്‍ അഥവാ ലാന്റ് അക്വിസിഷന്‍ എന്നു ചോദിച്ചാല്‍ ഭൂവുടമസ്ഥന്റെ സമ്മതമില്ലാതെ ‘പൊതു ലക്ഷ്യാര്‍ത്ഥം’ ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതാണെന്നാണ് ഒറ്റവാക്യത്തിലുള്ള ഉത്തരം. ഇവിടെ മൂന്ന് ഘടകങ്ങളും മൂന്ന് ബന്ധങ്ങളുമുണ്ട്. സ്വകാര്യ വ്യക്തി, സര്‍ക്കാര്‍, ഭൂമി എന്നിവ ഘടകങ്ങളെങ്കില്‍ ഇവ തമ്മിലുള്ള ബന്ധങ്ങള്‍ കാലങ്ങളായി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഭൂമിയിന്‍മേല്‍ ആര്‍ക്കാണ് കൂടുതല്‍ അവകാശമെന്നത് നമ്മള്‍ ഇന്നും ഉത്തരം കണ്ടെത്താത്ത സമസ്യയാണ്.

ആരുടെ താല്‍പര്യമാണ് പലപ്പോഴും ‘പൊതുലക്ഷ്യം’ (public purpose) എന്ന തലക്കെട്ടില്‍ ഉള്‍കൊള്ളുന്നത്? എന്തിനാണ് ജനതയൊട്ടാകെയും എതിര്‍ക്കുമ്പോഴും ‘വികസനം’ ജനതയ്ക്കുമേല്‍ നിര്‍ബന്ധിച്ച് കെട്ടിയിറക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചോദിക്കുന്നവനെ ‘തീവ്രവാദി’യാക്കുന്ന മാന്ത്രികവടി ഭരണകൂടത്തിനുണ്ട്. അതുകൊണ്ട് അടങ്ങിയൊതുങ്ങിയാല്‍ നമ്മുക്ക് കൊള്ളാം.

നമ്മുടെ മഹാരാജ്യത്ത് ഭൂമിയേറ്റെടുക്കുന്നതിന് നിയമം നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ നമ്മള്‍ക്കുണ്ടാക്കിത്തന്ന നിയമമെന്ന് പറയുന്നതാവും ശരി. അതും 1894ല്‍. അപ്പോള്‍ എന്താവും നിയമത്തിന്റെ ലക്ഷ്യമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇത് കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ഇന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്ത ഒന്നു രണ്ട് ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും.

ബംഗാളിലെ സാക്ഷാല്‍ ‘ഇടതു’ സര്‍ക്കാരില്‍ നിന്ന് തുടങ്ങാം. അന്ന് പാവപ്പെട്ട കര്‍ഷകരുടെ 1000 ഏക്കര്‍ ഭൂമി പടിച്ചെടുക്കാന്‍ ശ്രമിച്ചതാര്‍ക്കുവേണ്ടിയായിരുന്നുവെന്ന് നമ്മള്‍ മറക്കാന്‍ വഴിയില്ല. ഭരണകൂടത്തിനു മുന്നില്‍ പതിനായിരക്കണക്കിന് വരുന്ന കര്‍ഷകരുടെ ഒരുനേരത്തെ അന്നത്തെക്കാള്‍ പ്രാധാന്യം ഇന്ത്യയിലെ മദ്ധ്യവര്‍ഗത്തിന് സുഖിച്ച് കാറില്‍ പോകാനുള്ള വികസനത്തിന് ലഭിച്ചപ്പോള്‍ നമ്മള്‍ക്ക് വേദനിച്ചില്ലെങ്കിലും അവിടുത്ത ജനത്ക്ക് നന്നായി വേദനിച്ചുവെന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാം തിരിച്ചറിഞ്ഞു. കാര്‍ കമ്പനിക്ക് കേവലം 150 ഏക്കറിനു താഴെ മതിയെന്നിരിക്കെ 1000 ഏക്കര്‍ ടാറ്റക്ക് കൊടുക്കാന്‍ശ്രമിച്ചത് പ്രാധാന്യം അര്‍ഹിക്കുന്നു. കാര്‍ഷിക മേഖലയിലെ വമ്പന്‍ സ്രാവാണ് ടാറ്റ. വ്യവസായ ഭീകരന്‍ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ഭൂസ്വാമിമാരില്‍ പ്രധാനിയെന്ന സ്ഥാനവും ടാറ്റക്കുണ്ട്. അപ്പോള്‍ ഇവിടെ ഉയര്‍ന്ന ചോദ്യം പൊതുലക്ഷ്യമെന്നാല്‍ ടാറ്റയുടെ ലക്ഷ്യമെന്നാണോ അര്‍ത്ഥം കല്‍പ്പിക്കേണ്ടത് എന്നാണ്. വികസനമെന്നാല്‍ ടാറ്റയുടെ, സാലിംഗ്രൂപ്പിന്റെ, അരീവയുടെ, നൂറുകണക്കിന് വ്യവസായഭീമന്‍മാരുടെ, ഭൂസ്വാമിമാരുടെ, വികസനമെന്നാണോ എന്നാണ്.

ഉത്തര്‍പ്രദേശിലെ നോയിഡയിലെ വാര്‍ത്തകളുമായാണ് ദിന പത്രങ്ങള്‍ ഏതാനം നാളുകളായി നമ്മുടെ മുന്നിലെത്തുന്നത്. നോയിഡ മാത്രമല്ല ഒറീസയിലെ പരദീപും മഹാരാഷ്ട്രയിലെ ജെയ്താപൂരും കത്തിക്കൊണ്ടിരിക്കുന്നു. ഇവിടങ്ങളിലെല്ലാം ‘വികസന വിരോധികള്‍’ നടത്തുന്ന കലാപം ഭരണകൂടത്തിന് തീരാ തലവേദന സൃഷ്ടിക്കുന്നു. ‘വികസനവിരോധികളെ’ സാക്ഷാല്‍ പട്ടാളത്തെ ഇറക്കി വെടിവെച്ച് തള്ളുന്നു. ഇതിലും കലിയടങ്ങാതെ നമ്മുടെ ‘ജനകീയ ഭരണകൂടങ്ങള്‍’ അവര്‍ക്കെതിരെ കലിതുള്ളുകയാണ്.

ഒട്ടനവധി ഭേദഗതികള്‍ നമ്മുടെ നിയമത്തിനുണ്ടായിട്ടുണ്ടെങ്കിലും നഷ്ട പരിഹാരമെന്ന ഒരു പരിഹാരം കൊണ്ടു തീര്‍ക്കാവുന്ന നിസ്സാരമായൊരു പ്രക്രിയ മാത്രമായി ഭൂമിയേറ്റെടുക്കല്‍ അവശേഷിക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവന് കമ്പോളവില നല്‍കുകയെന്ന ‘മഹത്കര്‍ത്തവ്യ’ത്തിന് എല്ലാഭരണകൂടങ്ങളും തയ്യാറാണ്. എന്നാല്‍ ഭൂമി നഷ്ടമാകുന്നവന് സ്വന്തം വായുവാണ്, ഉപജീവനമാണ്, സാമൂഹ്യ ബന്ധങ്ങളാണ്, ആവാസ വ്യവസ്ഥയാണ് നഷ്ടമാകുന്നത്. ജനിച്ചുവീണ സ്വന്തം മണ്ണില്‍ നിന്ന് ഇവരെ പടിയിറക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് ലാഭകരമായി ചരക്കുകള്‍ കടത്തുന്നതിനുള്ള എക്‌സ്പ്രസ് ഹൈവേകള്‍ക്കോ, യാതോരു തൊഴില്‍ നിയമവും പാലിക്കാതെ മനുഷ്യാവകാശങ്ങല്‍ പോലും നല്‍കാതെ ഭരണഘടന നല്‍കുന്ന തുച്ഛമായ അവകാശങ്ങള്‍പോലും കാറ്റില്‍ പറത്തുന്ന കൊളളലാഭത്തിന്റെ വന്‍ദ്വീപുകളായ ‘പ്രത്യേക സാമ്പത്തിക മേഖലകള്‍’ക്കോ ഒക്കെയാണ്. അപ്പോള്‍ വികസനം ഈ വമ്പന്‍മാര്‍ ഡിസൈന്‍ ചെയ്തതാണ്. ആഗോളവല്‍ക്കരണമെന്ന ആധുനിക സമ്പദ്‌വ്യവസ്ഥയില്‍ നിധിവേട്ട നടത്തുന്ന ഇവര്‍ ദേശീയവാദികളും ഇവര്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരും ബിനായക് സെന്നിനെ പോലെ ഇടപെടലുകള്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും ശരിയായി റിപ്പോര്‍ട്ടുകള്‍ കൊടുക്കാന്‍ നട്ടെല്ലുള്ള പത്രപ്രവര്‍ത്തകരും തീവ്രവാദികളുമാണെങ്കില്‍ നമ്മള്‍ ഏതുപക്ഷത്തു നില്‍ക്കണം?

Advertisement