എഡിറ്റര്‍
എഡിറ്റര്‍
ദേവസ്വം ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം, ഇനിമുതല്‍ വിശ്വാസികള്‍ക്ക് മാത്രം വോട്ട്
എഡിറ്റര്‍
Tuesday 23rd October 2012 12:45am

തിരുവനന്തപുരം: തിരുവനന്തപുരം-കൊച്ചി-മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭാ അംഗീകാരം. പുതിയ ഭേദഗതി അനുസരിച്ച് ഈശ്വരവിശ്വാസമുള്ള എം.എല്‍.എമാര്‍ക്ക് മാത്രമാവും വോട്ടവകാശമുണ്ടാകുക.

ട്രാവന്‍കൂര്‍-കൊച്ചിന്‍ ഹിന്ദു റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട്, മദ്രാസ് ഹിന്ദു റിലീജിയസ്, ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട്, എന്നിവയിലാണ് ഭേദഗതി ഉണ്ടാവുക. നവംബര്‍ ആദ്യത്തോടെ പുതിയ ഓര്‍ഡിനന്‍സ് പ്രബല്യത്തില്‍ വരും.

Ads By Google

പുതിയ നിയമമനുസരിച്ച് മൂന്ന് അംഗങ്ങളില്‍ രണ്ട് പേരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. ഒരു അംഗത്തെ തിരഞ്ഞെടുക്കേണ്ടത് എം.എല്‍.എമാരാണ്. എം.എല്‍.എമാരുടെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനുളള അവകാശം വിശ്വാസികളായ എം.എല്‍.എമാര്‍ക്ക് മാത്രമാകും.

ദൈവനാമത്തിലല്ലാതെ സത്യപ്രതിജ്ഞ ചെയ്ത എം.എല്‍.എമാര്‍ക്ക് വോട്ടവകാശം വേണമെങ്കില്‍ വിശ്വാസികളാണെന്ന് പ്രഖ്യാപിക്കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

പ്രതിപക്ഷത്ത് ഹിന്ദു എം.എല്‍.എമാരുടെ എണ്ണം കൂടുതലാണെന്നതിനാല്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി എന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു.

നേരത്തേ പട്ടിക വിഭാഗത്തിനും വനിതകള്‍ക്കും സംവരണമുണ്ടായിരുന്നതില്‍ വനിതകളുടെ സംവരണം ഒഴിവാക്കി. പട്ടിക വിഭാഗം അംഗം വനിതയുമാകാമെന്നും ഈ അംഗത്തെ തിരഞ്ഞെടുക്കേണ്ടത് എം.എല്‍.എമാരാണ്.

കൂടാതെ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമായി കുറക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മൂന്ന് വര്‍ഷമാണ് കാലാവധി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് രൂപം നല്‍കാന്‍ ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എന്‍.എസ്.എസ് പ്രതിനിധിയുമായ അഡ്വ. എം.പി ഗോവിന്ദന്‍ നായരെ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ പൊതുവിഭാഗത്തില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥിയുമുണ്ടാകും.

Advertisement