Administrator
Administrator
ദേവരാജന്റെ സംഗീതം ചില വീണ്ടുവിചാരങ്ങള്‍
Administrator
Tuesday 27th September 2011 1:01pm

പാട്ടിനപ്പുറം/ഷാജി ചെന്നൈ

തുറക്കാന്‍ വിഷമമുള്ള കനത്ത വാതില്‍ ബലമായി തള്ളിത്തുറന്ന് ആ സ്റ്റുഡിയോമുറിയിലേക്ക് ഞാന്‍ കടക്കുമ്പോള്‍ അവിടെ ആവശ്യത്തില്‍ കുറഞ്ഞ വെളിച്ചവും ആവശ്യത്തിലധികം തണുപ്പും നിറഞ്ഞു കിടന്നു. രണ്ടുമൂന്നുപേര്‍ക്ക് നടുവില്‍ ദേവരാജന്‍ മാഷ് ഇരിക്കുന്നുണ്ടായിരുന്നു. എഴുപത് വയസ്സിലധികം തോന്നിച്ച ഇരുണ്ട മുഖം. ക്ഷീണമുള്ള മുഖഭാവം. കണ്ണുകള്‍ക്കുമേല്‍ കട്ടിക്കണ്ണട തിളങ്ങി. ചീകിയൊതുക്കാത്ത തൂവെള്ളത്തലമുടി നെറ്റിക്കു മുകളില്‍ കൂമ്പുപോലെ പൊങ്ങിനിന്നു. അദ്ദേഹത്തിനരികിലേക്ക് നടന്നെത്തി കാലില്‍തൊട്ട് ഞാന്‍ നമസ്‌കരിച്ചു. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ‘ആങ്’ എന്ന് നിര്‍വികാരമായി ഒന്ന് തലയാട്ടി. പിന്നെ ഒരു തമാശ പോലെ ‘പാട്ട് കേക്കാന്‍ വന്നതാണോ?’ എന്ന് എന്നോട് ചോദിച്ചു. ‘അല്ല, ഞാന്‍ മാഷെ ഒന്ന് കാണാന്‍ വന്നതാണ്’ എന്ന് പറഞ്ഞപ്പോള്‍ എന്തിന് എന്ന് അലക്ഷ്യമായി ചോദിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു. ഞാന്‍ കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ പിന്‍വാങ്ങി ഒരു ഓരം മാറിനിന്നു.

Ads By Google

ദേവരാജന്‍ മാഷിന്റെ അവസാനത്തെ ചിത്രങ്ങളില്‍ ഒന്നായ ‘അഗ്രജന്റെ’ ശബ്ദലേഖനമായിരുന്നു അത്. 1994 ന്റെ അവസാന മാസങ്ങളില്‍ ചെന്നൈയിലെ ഏ.വി.എംസി സ്റ്റുഡിയോയില്‍. ആ ചിത്രത്തിന്റെ സംഗീതം വിതരണം ചെയ്യുന്നതിനുള്ള അവകാശം ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന സംഗീതക്കമ്പനിക്കായിരുന്നു. വിതരണക്കരാര്‍ ഉറപ്പിക്കുന്നതിനുമുമ്പ് പാട്ടുകള്‍ കേട്ട് അവയുടെ വ്യാപാരസാധ്യത പരിശോധിക്കല്‍ ചിലപ്പോഴൊക്കെ എന്റെ ജോലി. പക്ഷേ അന്ന് പാട്ട് കേള്‍ക്കുക എന്നതിനേക്കാള്‍ ദേവരാജന്‍ മാഷെ നേരില്‍ ഒന്ന് കാണുക എന്നതാണ് മനസ്സിലുണ്ടായിരുന്നത്. കീബോര്‍ഡ് സംഗീതത്തിന്റെ ചിലഭാഗങ്ങളാണ് അന്നവിടെ ശബ്ദലേഖനം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. ആധുനികമായ സാംപ്ലറുകളും ഡിജിറ്റല്‍ റിക്കാര്‍ഡിങ് ഉപകരണങ്ങളും നിറഞ്ഞ ആ ചുറ്റുപാടില്‍, തനിക്ക് തീരെ പരിചയമില്ലാത്ത ഒരിടത്ത് വന്നുപെട്ട ഒരാളെപ്പോലെയായിരുന്നു മാഷിന്റെ പെരുമാറ്റങ്ങളും മുഖഭാവങ്ങളും എന്നെനിക്ക് തോന്നി.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരുദിവസം മാഷിന്റെ സുഖവിവരങ്ങളറിയാം എന്നുകരുതി ഞാന്‍ കോടമ്പാക്കം കമദര്‍ നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി. മാഷ് മുമ്പത്തേതിലും ആരോഗ്യവാനായി കാണപ്പെട്ടു. എന്നെ ആദ്യം മനസ്സിലായില്ല. പക്ഷെ എന്റെ വിശദമായ സ്വയംപരിചയപ്പെടുത്തലില്‍ കാര്യങ്ങള്‍ ഏതാണ്ടൊന്ന് മനസ്സിലാക്കി അകത്തേക്ക് വിളിച്ച് ഇരുത്തി. ഒരു എഴുത്തുകാരനുംകൂടിയാണ് ഞാന്‍ എന്നറിഞ്ഞപ്പോള്‍ അകത്തുപോയി ശ്രീനാരായണഗുരുവിന്റെ ചില ശ്ലോകങ്ങളുടെ ഒരു കൈയ്യെഴുത്തുപ്രതി എടുത്തുകൊണ്ടുവന്നു. ‘നീ ഇതൊന്ന് പകര്‍ത്തിയെഴുത്. അടുത്ത ആഴ്ച റിക്കാര്‍ഡ് ചെയ്യാനൊള്ളതാ’ എന്ന് പറഞ്ഞു. ‘കോപ്പി യന്ത്രത്തില്‍ ഇതിന്റെ കോപ്പി എടുത്താല്‍ പോരേ മാഷേ’ എന്ന് ഞാന്‍ പരുങ്ങലോടെ ചോദിച്ചപ്പോള്‍ ‘അതൊന്നും ശരിയാകില്ല. ഇത് നീലമഷീലൊള്ള കൈയ്യെഴുത്തല്ലേ? ഒട്ടും തെളിയില്ല. നീ ഇരുന്ന് എഴുത്’ എന്ന് പറഞ്ഞ് എന്നെ ഒറ്റയ്ക്കുവിട്ടിട്ട് അദ്ദേഹം അകത്തേക്ക് പൊയ്ക്കളഞ്ഞു.

പതിനാലു പേജുകള്‍! ഞാനിരുന്ന് വിയര്‍ത്തു. പിന്നെ ശബ്ദമുണ്ടാക്കാതെ വേഗം പുറത്തിറങ്ങി അധികം ദൂരെയല്ലാത്ത ഒരു സിറോക്‌സ് കടയില്‍ പോയി അതിന്റെ കോപ്പികള്‍ എടുത്തു. കൊണ്ടുപോയി കാണിച്ചപ്പോള്‍, വരികള്‍ നന്നായി തെളിഞ്ഞ ആ താളുകള്‍ ഒട്ടും വിശ്വാസം വരാതെ തിരിച്ചും മറിച്ചും നോക്കിയ ദേവരാജന്‍ മാഷിന്റെ മുഖം ഇന്നും എന്റെ ഓര്‍മ്മയില്‍ തെളിച്ചത്തോടെ നില്‍ക്കുന്നു. അപരിചിതവും വ്യത്യസ്തവും നവീനവുമായ എല്ലാറ്റിനോടുമുള്ള ഈ അവിശ്വാസവും അകല്‍ച്ചയും മാഷിനെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ സംഗീതത്തിന്റെയും സ്വഭാവമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ബാല്യകൗമാരങ്ങളില്‍ ഏറ്റവുമധികം തവണ എന്റെ കാതില്‍ വന്നുവീണ ഗാനങ്ങളുടെ സ്രഷ്ടാവ് ദേവരാജന്‍ മാഷ് തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരു കാലഘട്ടത്തിലെ മലയാള സിനിമാ സംഗീതത്തെ തന്റെ വരുതിയില്‍ നിര്‍ത്തിയ അദ്ദേഹത്തിന്റെ ആരെയും കൂസാത്ത വ്യക്തിത്വത്തേയും, ജാതി, മതം, ദൈവം തുടങ്ങിയവയോട് അദ്ദേഹം കൈക്കൊണ്ട ധീരമായ നിലപാടുകളേയും, മുന്നൂറ്റിയമ്പതിലേറെ സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ എന്ന മറ്റാര്‍ക്കും ഇതുവരെ കൈവരിക്കാനാകാത്ത നേട്ടത്തെയും തികഞ്ഞ ബഹുമാനത്തോടെ കാണുമ്പോള്‍ത്തന്നെ, അദ്ദേഹം നിര്‍മ്മിച്ച സംഗീതത്തെ ആരാധിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന സത്യവും നിലനില്‍ക്കുന്നു. അതിന്റെ കാരണങ്ങളിലേക്ക് വരുന്നതിന് മുമ്പ് ദേവരാജന്‍ എന്ന സംഗീതസംവിധായകന്റെ ജീവിതത്തെയും സംഭാവനകളേയും ഒന്നോടിച്ച് നോക്കാം.

1927 ല്‍ കര്‍ണ്ണാടക സംഗീതജ്ഞനായ പിതാവിന്റെ മകനായി ജനനം. 8 വയസ്സ് മുതല്‍ സംഗീതം പഠിക്കാനാരംഭിച്ചു. 18 വയസ്സില്‍ ആദ്യത്തെ കച്ചേരി. 20 ാമത്തെ വയസ്സില്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ തുടങ്ങി. താമസിയാതെ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായി മാറി ആ പാര്‍ട്ടിയുടെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചുവന്ന കെ.പി.ഏ.സിയുടെ നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിക്കാനാരംഭിച്ചു. ‘പൊന്നരിവാള്‍ അമ്പിളിയില്’ പോലെയുള്ള പ്രചാരം നേടിയ ഗാനങ്ങളിലൂടെ പ്രസിദ്ധനായി.

ദേവരാജനെ പ്രസിദ്ധനാക്കി നിലനിര്‍ത്തിയ ഒരു ഘടകം അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായിരുന്നു എന്നതാണ്. വയലാര്‍, ഒ.എന്‍.വി, പി.ഭാസ്‌കരന്‍ എന്നീ കറതീര്‍ന്ന കമ്മ്യൂണിസ്റ്റ് കവികള്‍ക്കൊപ്പം ദേവരാജനും ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് സംഗീതസംവിധായകനായി നിലകൊണ്ടു. ആ സമര്‍പ്പണത്തിന്റെ ഉദാഹരണമാണ് ബലികുടീരങ്ങളേ പോലെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അധികാരലബ്ധിയും അതിനുവേണ്ടി പ്രവര്‍ത്തിച്ച ചില കലാകാരന്‍മാരെയും വളര്‍ത്തി.

28 ാമത്തെ വയസ്സില്‍ ദേവരാജന്‍ സിനിമാരംഗത്തെത്തി. 1955 ല്‍ ‘കാലം മാറുന്നു’ എന്ന ചിത്രത്തിലൂടെ തുടക്കം. ‘ആ മലര്‍ പൊയ്കകയില്‍’ എന്ന ഗാനം പ്രസിദ്ധമായെങ്കിലും അടുത്ത ചിത്രത്തിനുവേണ്ടി 4 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ‘ചതുരംഗം’ എന്ന ആ ചിത്രത്തില്‍ ആരംഭിച്ച വയലാര്‍ദേവരാജന്‍ കൂട്ടുകെട്ട് വയലാറിന്റെ മരണംവരെ നീണ്ടു. 750 ല്‍ അധികം ഗാനങ്ങളാണ് വയലാറുമായി ചേര്‍ന്ന് ദേവരാജന്‍ നിര്‍മ്മിച്ചത്. യേശുദാസുമായി ചേര്‍ന്ന് ഏറ്റവുമധികം ഗാനങ്ങള്‍ നിര്‍മ്മിച്ച സംഗീത സംവിധായകനും അദ്ദേഹം തന്നെ.

25 ഓളം വര്‍ഷങ്ങള്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള സിനിമാ സംഗീത സംവിധായകനായി നിലനിന്നു അദ്ദേഹം. തിരക്കുനിറഞ്ഞ സിനിമാക്കാലം അവസാനിച്ച ശേഷവും ‘നീയെത്ര ധന്യ’, ‘ഉല്‍സവപ്പിറ്റേന്ന്’ തുടങ്ങിയ സിനിമകളില്‍ പ്രചാരം നേടിയ ഗാനങ്ങള്‍ നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 4 തവണ കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി. തമിഴിലും ഇരുപതോളം സിനിമകള്‍ക്ക് സംഗീതം നല്‍കി. മലയാളത്തില്‍നിന്ന് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങളോ തമിഴില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട മലയാള ചിത്രങ്ങളോ ആയിരുന്നു അവയില്‍ പലതും. സിനിമക്ക് പുറത്ത് നാടക ഗാനങ്ങള്‍ കൂടാതെ നിരവധി ലളിതഗാനങ്ങളം ഭക്തിഗാനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.

എം.കെ അര്‍ജുനന്‍, ഏ.ആര്‍ റഹ്മാന്റെ അച്ഛന്‍ ആര്‍.കെ ശേഖര്‍, ജോണ്‍സണ്‍ തുടങ്ങിയ പല സംഗീത സംവിധായകരും അദ്ദേഹത്തിന്റെ സഹായികളായി ജോലി ചെയ്തവരാണ്. ചിദംബരനാഥ്, ഇളയരാജ, ശ്യാം, കെ.ജെ ജോയി തുടങ്ങിയ പല സംഗീത സംവിധായകരും അദ്ദേഹത്തിന്റെ സഹായികളായിരിക്കുകയോ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ സംഗീത ഉപകരണങ്ങള്‍ വായിക്കുകയോ ചെയ്തിട്ടുണ്ട്. 1996 ല്‍ വന്ന ‘മയൂരനൃത്തം’ അവസാനത്തെ സിനിമ. 2006 മാര്‍ച്ച് പതിനാലിന് എഴുപപത്തി ഒമ്പതാമത്തെ വയസ്സില്‍ അന്തരിച്ചു.

‘ദേവസംഗീതം’, ‘ദേവരാഗം’ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട സംഗീതമാണ് ദേവരാജന്റേത്. ആ സംഗീതത്തിന്റെ സവിശേഷതകളായി നാമറിയുന്നവ ഇനി പറയുന്നവയാണ്. ‘മലയാളഭാഷയുടെ, മലയാള മണ്ണിന്റെ മണമുള്ള സംഗീതമാണ് അദ്ദേഹം നിര്‍മ്മിച്ചത്. സംഗീതത്തേക്കാള്‍ വരികളായിരുന്നു അദ്ദേഹത്തിന് പ്രധാനം. സിനിമയിലെ കഥാസന്ദര്‍ഭത്തിനും, എഴുതിയ വരികള്‍ക്കും അനുയോജ്യമായി മാത്രം അദ്ദേഹം സംഗീതം ചിട്ടപ്പടുത്തി. വാക്കുകള്‍ മുറിച്ച് ഈണം നല്‍കുന്നതുപോലെയുള്ള, ഭാഷയെ നശിപ്പിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഒരിക്കലും ചെയ്യില്ല. കര്‍ണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും പാശ്ചാത്യ സംഗീതവുമെല്ലാം തന്റെ ഗാനങ്ങളില്‍ സന്നിവേശിപ്പിച്ചെങ്കിലും ലക്ഷണമൊത്ത ഒരു മലയാളി സംഗീത സംവിധായകനായിരുന്നു അദ്ദേഹം’. ഇക്കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

ഭാഷക്കും സംഗീതത്തിനും തമ്മിലുള്ള ബന്ധം എന്താണ്? ഒരിക്കല്‍ മദ്രാസ് സര്‍വകലാശാലയില്‍ മലയാള, തമിഴ് സിനിമാ സംഗീതത്തെക്കുറിച്ച് ഞാന്‍ അവതരിപ്പിച്ച ഒരു ഉപന്യാസത്തെപ്പറ്റിയുള്ള ചര്‍ച്ചക്കിടയില്‍ ‘താങ്കള്‍ സംഗീതമെന്ന വെറും ശരീരത്തെക്കുറിച്ച് മാത്രമാണ് പറയുന്നത്. ഗാനങ്ങളുടെ ആത്മാവായ വരികളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും പറയാനില്ലേ?’ എന്ന് ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റുനിന്ന് ചോദിച്ചു. ഉപന്യാസം ഗാനങ്ങളെക്കുറിച്ചായിരുന്നില്ല, സംഗീതത്തെക്കുറിച്ചായിരുന്നു. സംഗീതവും ഗാനവും രണ്ടും രണ്ടാണ്. ഗാനങ്ങള്‍ ഉണ്ടാക്കാന്‍ ഭാഷയും സംഗീതവും വേണം. പക്ഷേ സംഗീതമുണ്ടാക്കാന്‍ ഒരു ഭാഷയുടേയും ആവശ്യമില്ല.

സംഗീതത്തില്‍ ഭാഷയുടെ ആവശ്യമുള്ളത് വായ്പാട്ടിന് മാത്രമാണ്. വായ്പാട്ടാകട്ടെ സംഗീതത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രവും. സംഗീതം ദേശങ്ങളുടേയോ ഭൂഭാഗങ്ങളുടേയോ അതിര്‍ത്തികളൊന്നുമില്ലാത്ത ഒരു ലോകഭാഷ. ഇടമലക്കുടിയിലെ ആദിവാസികളായ മുതുവാന്‍മാരുടെ സംഗീതവും ന്യൂസിലാന്റിലെ ആദിമവംശജരായ മവോരികളുടെ മന്ത്രണവും (രവമി)േ ഫലത്തില്‍ ഒന്നുതന്നെ. സംഗീതത്തിന് ഭാഷ ആവശ്യമായിരുന്നെങ്കില്‍ ബാഖും ബിഥോവനും മൊസാര്‍ടും ഷോപ്പാങും മുതല്‍ ദേബുസ്സിയും സ്ത്രാവിന്‍സ്‌കിയും ഷോസ്റ്റക്കോവിച്ചും മൗറിസ് റാവലും വരെയുള്ള പാശ്ചാത്യ ശാസ്ത്രീയ സംഗീതജ്ഞരോ അവരുടെ സംഗീതമോ ഉണ്ടാകുമായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച് ഇന്നും പുതുതാക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തില്‍ ഭാഷയ്‌ക്കോ വായ്പാട്ടിനോ കാര്യമായ യാതൊരു ഇടവുമില്ല. അവിടെ സംഗീതമെന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് തന്നെ ഉപകരണങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന സംഗീതത്തെയാണ്.

അപ്പോള്‍ മലയാളഭാഷയുടെ മണമുള്ള സംഗീതം എന്ന് നാം വിളിക്കുന്നത് എന്തിനെയാണ്? നമ്മുടെ നാടന്‍ പാട്ടുകളേയോ ഗോത്ര വര്‍ഗഗാനങ്ങളേയോ ആണെങ്കില്‍പോലും അവയിലുള്ള പല വാക്കുകളും തമിഴ് അല്ലേ! മലയാള ഭാഷ തന്നെ (മറ്റു ഭാഷകളെയൊക്കെപ്പോലെ) പല ഭാഷകളുടെ സങ്കരമാണെന്നിരിക്കെ യഥാര്‍ത്ഥ മലയാളത്തിന്റെ മണം നാം എവിടെപ്പോയി തേടും? ദേവരാജന്‍ ഉണ്ടാക്കിയത് ലോകസംഗീതമല്ല, മലയാള ഗാനങ്ങളാണ് എന്ന് ഒരു സുഹൃത്ത്! ഇവിടത്തെ എല്ലാ സംഗീത സംവിധായകരും ഗാനങ്ങള്‍തന്നെയല്ലേ ഉണ്ടാക്കിയത്?

സിനിമാഗാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതും ജീവിക്കുന്നതും സിനിമക്ക് പുറത്താണ്. നമ്മില്‍ പലരും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന പല ഗാനങ്ങളും അടങ്ങുന്ന ഭൂരിഭാഗം സിനിമകളും നാമാരും കണ്ടിട്ടുണ്ടാകാനിടയില്ല. ആ പാട്ടുകള്‍ മാത്രമേ നമുക്കറിയൂ. അപ്പോള്‍ കഥാസന്ദര്‍ഭത്തിന് യോജിക്കുന്ന വാക്കുകളും സംഗീതവുംമാത്രം മതിയാകുമോ? എന്റെ പ്രിയപ്പെട്ട ഗാനങ്ങളില്‍ നൂറിലൊന്നിന്റെ പോലും ദൃശ്യങ്ങള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇനി കണ്ടാല്‍ത്തന്നെ ആ മരംചുറ്റിയോട്ടങ്ങള്‍ കാലഹരണപ്പെട്ടിട്ട് കാലമെത്രയായി! പക്ഷേ ആ ഗാനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് അവയുടെ സംഗീതത്തിന്റെ സൗന്ദര്യംകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും മധുരം മായാത്ത പാട്ടുകള്‍ ഉണ്ടാകുന്നതില്‍ സിനിമയുടെയും കഥാസന്ദര്‍ഭത്തിന്റെയും ഉപയോഗം കേവലം താല്‍ക്കാലികം മാത്രം.

ഇനി വരികളെക്കുറിച്ച്. ഒരിക്കല്‍ ലോഹിയേട്ടനോടൊപ്പം (ലോഹിതദാസ്) കാറില്‍ പോകുമ്പോള്‍ സ്റ്റീരിയോയില്‍നിന്ന് ‘പല്ലവി മാത്രം പറഞ്ഞുതന്നു’ (ചിത്രം: പട്ടാഭിഷേകം 1974) എന്ന പാട്ടുയര്‍ന്നു. ‘മലയാള വരികളുടെ ഭാവം ഇത്രമാത്രം ഉള്‍ക്കൊണ്ട് സംഗീതം കൊടുക്കാന്‍ ദേവരാജന്‍ മാഷിനല്ലാതെ ആര്‍ക്കും കഴിയില്ല’ എന്ന് അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു. ആ പാട്ട് ദേവരാജന്റേതല്ല, തമിഴനായ ആര്‍.കെ ശേഖറിന്റേതാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ലോഹിയേട്ടന്‍ വിശ്വസിക്കാന്‍ ബദ്ധപ്പെടുന്നത് കണ്ടു.

വരികള്‍ക്കിണങ്ങുന്ന സംഗീതമില്ലാത്ത എത്രയോ ഗാനങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്നുണ്ട്! വരികളേക്കാള്‍ ആദ്യം സംഗീതമാണ് നമ്മുടെ മനസ്സിനെ തൊടുന്നത് എന്നത് തന്നെയാണ് അതിന്റെ കാരണം. സലില്‍ ചൗധരിയുടെ ഗാനങ്ങള്‍ കേള്‍ക്കുക. അതിലെ വരികളാണോ ആ സംഗീതമാണോ ആദ്യം നമ്മെ ആകര്‍ഷിക്കുന്നത്? മലയാള ഭാഷയിലെ ഒരു വാക്കുപോലും മനസ്സിലാവാത്ത അദ്ദേഹം ഈണം പകര്‍ന്ന ഗാനങ്ങള്‍ക്കുള്ള ഹൃദയദ്രവീകരണ ശക്തി, വാക്കുകള്‍ക്ക് അനുസരിച്ച് മറ്റുപലരും ചിട്ടപ്പെടുത്തിയ എത്ര ഗാനങ്ങള്‍ക്കുണ്ട്? അസ്തമനാ…..കടലിന്നകലെ, പൗര്‍ണ്ണമീ…കന്യക്ക് എന്നെല്ലാം പദങ്ങള്‍ നീട്ടി ബാബുരാജ് ഈണം പകര്‍ന്ന ഭൂരിഭാഗം പാട്ടുകളും നമ്മുടെ ഹൃദയത്തിന്റെ ഉള്ളറകളില്‍ത്തന്നെ എന്നേന്നുക്കുമായി ഇരിപ്പുറപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?

ബാബുരാജിനും സലില്‍ ചൗധരിക്കും കേരളം യാതൊരു അവാര്‍ഡുകളും നല്‍കിയില്ല. ജീവിച്ചിരിക്കുന്ന കാലത്ത് നാം അവരെ ആഘോഷിച്ചില്ല

ഭാഷ നന്നായി മനസ്സിലാകുന്ന ഒരാള്‍ക്ക് വരികള്‍ വായിക്കുകയോ, കേള്‍ക്കുകയോ ചെയ്താല്‍ അതിലെ അര്‍ത്ഥവും ഭാവവും വ്യക്തമാകും. അതിന് സംഗീതത്തിന്റെ സഹായം ആവശ്യമില്ല. സംഗീതം നല്‍കുന്നതുകൊണ്ടുമാത്രം വാക്കുകളുടെ ഭാവത്തിന് പ്രത്യേക മേന്‍മകള്‍ ഒന്നും കൈവരുന്നില്ല. അര്‍ത്ഥമില്ലാത്ത വാക്കുകള്‍മാത്രം നിറഞ്ഞ വായ്പ്പാട്ടിലൂടെ ലോകപ്രശസ്തനായിത്തീര്‍ന്ന കാര്‍ള്‍ ജെന്‍കിന്‍സിന്റെ ‘അഡീമസ്’ കൈവരിച്ച ഗുണപരമായ പ്രചചാരവും നേട്ടങ്ങളും ഇവിടെ ഓര്‍ക്കേണ്ടതാണ്. ഗാനങ്ങളില്‍ വാക്കുകളേക്കാള്‍ സംഗീതമാണ് പ്രധാനം എന്നതല്ലേ ഇതിന്റെ അര്‍ത്ഥം? ഒരു സംഗീതസ്‌നേഹിയെ സംബന്ധിച്ചിടത്തോളം പാട്ടുകളില്‍ വാക്കുകള്‍ക്ക് കാര്യമായ സ്ഥാനവും ഇല്ല. അതുകൊണ്ടുതന്നെ സംഗീതഗുണമുള്ള ഒരു അസമീസ് പാട്ടോ, ആഫ്രിക്കന്‍ സ്വാഹിലി പാട്ടോ ഒന്നും അയാള്‍ക്ക് അന്യമായി അനുഭവപ്പെടുകയുമില്ല.

സലില്‍ ചൗധരിയുടെ ഗാനങ്ങള്‍ മലയാളത്തില്‍ ഒരു തരംഗമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഉയര്‍ത്തിയിരുന്ന ഒരു വാദം ‘സംഗീതമൊക്കെ കൊള്ളാം പക്ഷേ വാക്കുകളെ മുറിച്ചും വലിച്ചുനീട്ടിയും അയാള്‍ ആകെ വികൃതമാക്കുന്നു’ എന്നതായിരുന്നു. പ്രത്യക്ഷത്തില്‍ ശരി എന്നു തോന്നിപ്പിക്കുന്ന ഈ വാദം ഒരു വലിയ അബദ്ധമാണ്. മുന്‍കൂട്ടി തയ്യാറാക്കിയ സലില്‍ ചൗധരിയുടെ ഈണങ്ങള്‍ക്ക് അനുസരണമായി കൃത്യമായ വരികള്‍ എഴുതാന്‍ സാധിക്കാതെപോയ വയലാറും ഒ.എന്‍.വിയും ശ്രീകുമാരന്‍ തമ്പിയുമടങ്ങുന്ന നമ്മുടെ ഗാനരചയിതാക്കളായിരുന്നു അതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍. വളരെ നല്ല ഗാനരചയിതാക്കളായിരുന്നിട്ടും വ്യത്യസ്തമായ ആ ഈണങ്ങള്‍ക്ക് അനുസരിച്ച് പദങ്ങള്‍ മുറിയാതെയും നീളാതെയും വരികള്‍ എഴുതാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മുന്‍കൂട്ടി ഉണ്ടാക്കുന്ന ഈണങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് ഇന്ന് ഓരോ സിനിമാഗാനവും ഉണ്ടാകുന്നത്!

ഇനി വാക്കുകള്‍ മുറിച്ചോ വലിച്ചുനീട്ടിയോ ഒരു സംഗീത സംവിധായകന്‍ ഈണമിട്ടാല്‍ത്തന്നെ അതില്‍ എന്ത് തെറ്റാണുള്ളത്? പദങ്ങള്‍ സംസാരത്തിലേതുപോലെത്തന്നെ ആയാല്‍ അതില്‍ സംഗീതം എവിടെനിന്നു വരാനാണ്? മലയാളം ഒഴിച്ചുള്ള മറ്റൊരു ഭാഷയിലും പാട്ടുകളിലെ പദം മുറിക്കല്‍ തെറ്റാണെന്നുള്ള ധാരണ നിലനില്‍ക്കുന്നില്ല. ഹിന്ദിയില്‍ സിന്ദഗീക്കസാത്ത്‌നിഭാത്താ ചലാ ഗയാ (സിന്ദ്ഗീ കാ സാത്ത് നിഭാത്താ ചലാ ഗയാ), മേരെ ഫസാനേപ്പെ നജാ (മേരെ ഫസാനേ പേ ന ജാ) എന്നതൊക്കെ സാധാരണം. തമിഴില്‍ ആസ അതികം വെച്ച് മനസെ അടക്കീ വെക്കലാമാ (ആസൈ അതികം വച്ച് മനസെ അടക്കി വെക്കലാമാ), ആള മയക്കിപ്പുട്ട് അഴഗ ഒളിച്ചി വെക്കലാമാ (ആളെ മയക്കിപ്പുട്ട് അഴകെ ഒളിച്ച് വെക്കലാമാ), ചിറകടിക്കുമാസൈ (ചിറകടിക്കും ആസൈ) ഇതൊക്കെ സര്‍വ്വസാധാരണം. ഇംഗ്ലീഷില്‍ ഏ…വ്‌രി നൈറ്റിന്‍ മൈ ഡ്രീംസ് ( ev-ery night in my dream ), ഇന ഗവണ്‍മെന്റ്യോര്‍ എന്‍ട്രെന്‍ചെഡ് (in a gov-ernment you are etnrenched) എന്നതുപോലെയുള്ള നീട്ടല്‍മുറിക്കലുകള്‍ ഓരോ പാട്ടിലുമുണ്ട്.

എന്തിന്? കര്‍ണ്ണാടക സംഗീതത്തില്‍ വാതാപിഗണപതിം എന്നും ഹിന്ദുസ്ഥാനിയില്‍ തുവാജാരേ സാജാന് അബ്‌ത്തൊവാ (തൂ ആ ജാ രേ സാജന്‍ അബ് തൊ ആ), ഗസലില്‍ മൊഹബത്ത് കര്‍നെവാലേ കം നഹോംഗേ (മൊഹബത്ത് കര്‍നേ വാലേ കം നാ ഹോംഗേ) എന്ന മട്ടിലും ഉള്ളതാണ് മിക്കവാറും എല്ലാ സംഗീതസംവിധാനങ്ങളും. മലയാളത്തിലുള്ള നാടന്‍പാട്ടുകളില്‍പ്പോലും കള്ളമ്പറഞ്ഞോടീ നാത്തൂനേ, നിന്നെക്കാണാനെന്നെക്കാളും എന്നതുപോലെയൊക്കെ മുറിക്കലുകള്‍ ധാരാളമായി കാണാം. ഈണത്തിന്റെ ഭംഗിയും ഭാവവും മാത്രമാണ് അവിടെയൊക്കെ പ്രധാനം.

വാക്കുകളെ നീട്ടിയും കുറുക്കിയും മുറിച്ചുമൊക്കെ മാത്രമേ ക്രിയാത്മകമായി സംഗീതം ഉണ്ടാക്കാന്‍ കഴിയൂ. അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്ന ധാരണയും തന്റെ പാട്ടുകളില്‍ അത് പാടില്ല എന്ന പിടിവാശിയും കാരണമാണ് വ്യത്യസ്തവും ക്രിയാത്മകവുമായ പാട്ടുകള്‍ ഏറെയൊന്നും ഉണ്ടാക്കാന്‍ ദേവരാജന് കഴിയാതെ പോയത്. എന്നാല്‍ പദം മുറിക്കല്‍ അദ്ദേഹത്തിന്റെ പാട്ടുകളിലും ഉണ്ട് എന്നതാണ് വിചിത്രമായ കാര്യം! കാര്യമായ സംഗീതഗുണമൊന്നുമില്ലാത്ത ‘പ്രവാചകന്‍മാരേ പറയൂ’ എന്ന പാട്ടിന്റെ തുടക്കത്തില്‍ത്തന്നെ പ്രവാചകന്മാരേ എന്ന് പദം മുറിയുന്നു. ഇന്ദ്രസഭാതലമാക്കീ (നാദബ്രഹ്മത്തിന്‍), ചേവകര്‍പ്പണ്ടങ്കം വെട്ടിയ കഥകള്‍ (പാടാം പാടാം) എന്നെല്ലാം അദ്ദേഹത്തിന്റെ പാട്ടുകളിലുമുണ്ട്! പ്രസിദ്ധമായ അന്യഭാഷാ ഗാനങ്ങളുടെ ഈണങ്ങള്‍ മലയാളത്തില്‍ പുന:സൃഷ്ടിക്കാന്‍ വിസമ്മതിച്ചു എന്നത് ഏറെക്കുറെ സത്യമാണെങ്കിലും ‘സമയമാം രഥത്തില്‍ (അരനാഴിക നേരം), ീവ ങ്യ ഉമൃഹശിഴ ഇഹലാലിശേില എന്ന ഇംഗ്ലീഷ് പ്രേമഗാനത്തിന്റേയും, ജില്‍ ജില്‍ തുമ്പികളേ (സൂസി) ഖശിഴഹല ആലഹഹ എന്ന ലോകപ്രശസ്തമായ ക്രിസ്തുമസ് പാട്ടിന്റേയും അതേപടിയുള്ള ആവര്‍ത്തനമാണെന്നത് അതിനും അപവാദമാണ്.

വ്യത്യസ്തമായ സംഗീത ശൈലികള്‍ കോര്‍ത്തിണക്കിയ പാട്ടുകള്‍ ദേവരാജന്‍ മലയാളത്തിന് ധാരാളമായി തന്നു എന്നതും ഒരു അതിശയോക്തിയാണ്. തനിക്ക് ആഴമായ അറിവുണ്ടായിരുന്ന കര്‍ണ്ണാടക സംഗീതത്തെ ദക്ഷിണാമൂര്‍ത്തിയെപ്പോലെ ഗംഭീരമായി ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞോ? ബാബുരാജ് ഹിന്ദുസ്ഥാനിയിലെ ലളിത ഭാവങ്ങളുടെ സൗന്ദര്യം ഉപയോഗപ്പെടുത്തിയതുപോലെയോ, കേരളത്തിന്റെ നാടന്‍ സംഗീതത്തെ കെ.രാഘവന്‍ ഉപയോഗപ്പെടുത്തിയതുപോലെയോ, പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെയും ഇന്ത്യന്‍ നാടോടി സംഗീതത്തേയും കലര്‍ത്തി സലില്‍ ചൗധരി പ്രയോഗിച്ചതുപോലെയോ വളരെ ഫലപ്രദമായി ചെയ്യാന്‍ ദേവരാജന് കഴിഞ്ഞില്ല.

്ഒന്നും അദ്ദേഹത്തിന്റെ സംഗീതത്തില്‍ ഉണ്ടായിരുന്നില്ല. ബാബുരാജിനെപ്പോലെയോ സലില്‍ ചൗധരിയെപ്പോലെയോ നമുക്ക് അതുവരെ പരിചിതമല്ലാതിരുന്ന ഒരു സംഗീതലോകം നമുക്കുമുന്നില്‍ അദ്ദേഹം തുറന്നുവെച്ചില്ല. കേട്ടുപഴകാത്ത പുതിയ ഗായകരെ ആരെയുംതന്നെ കാര്യമായി അദ്ദേഹം അവതരിപ്പിച്ചതുമില്ല. യേശുദാസിന് ആദ്യമായി പാടാന്‍ അവസരം നല്‍കിയത് എം.ബി ശ്രീനിവാസന്‍. ഏ.എം രാജ, മെഹബൂബ്, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, പി.സുശീല എന്നിവരെ കൊണ്ടുവന്നത് ദക്ഷിണാമൂര്‍ത്തി. കമുകറ പുരുഷോത്തമനെയും പി.ബി ശ്രീനിവാസനേയും കൊണ്ടുവന്നത് ബ്രദര്‍ ലക്ഷ്മണന്‍. എസ്.ജാനകിയെ മലയാളത്തില്‍ അവതരിപ്പിച്ചത് എസ്.എന്‍ ചാമി. കെ.പി ഉദയഭാനുവിനെയും ബ്രഹ്മാനന്ദനേയും കൊണ്ടുവന്നത് കെ.രാഘവന്‍. ജയചന്ദ്രന് ആദ്യമായി പാടാന്‍ അവസരം കൊടുത്തത് ചിദംബരനാഥ്. ദേവരാജന്റെ ഗാനങ്ങളിലൂടെയാണ് കെ.എസ് ജോര്‍ജും കെ.പി.എ.സി സുലോചനയും സിനിമയിലെത്തിയതെങ്കിലും അവര്‍ നാടകരംഗത്ത് മുമ്പേ പ്രസിദ്ധര്‍.

മലയാള ഭാഷയുടെ ഉച്ചാരണത്തില്‍വരുന്ന നേരിയ പിശകുകള്‍പോലും സഹിക്കാത്ത ദേവരാജന്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന രണ്ട് ഗായകരുടെയും മലയാള ഉച്ചാരണം മോശമായിരുന്നു! ‘ഈറേഴു പതിണാലു ലോകങ്കള്‍’ കാണാന്‍ പോയപ്പോള്‍ അവിടെ ‘മനുസ്യനെ’ കണ്ടില്ല എന്ന് എസ്.പി ബാലസുബ്രഹ്മണ്യം പാടിയത് ദേവരാജന്റെ ഗാനത്തിലാണ്! അടുത്തയാള്‍ മാധുരി. മാധുര്യമേയില്ലാത്ത അവരുടെ ശബ്ദത്തിലും ആലാപനത്തിലും ‘തംപ്രാന്‍’, ‘തംപ്രാട്ടി’ എന്നെല്ലാം, ആവശ്യത്തിലേറെ അമര്‍ത്തി ഉച്ചരിച്ച വാക്കുകള്‍നിറഞ്ഞ എത്രയോ പാട്ടുകള്‍ നാം കേട്ടു!

മലയാളം കണ്ട ഗായികമാരില്‍ ഏറ്റവും ഭാവസാന്ദ്രമായിപ്പാടി ഏറ്റവും നന്നായി മലയാളം ഉച്ചരിച്ച എസ്.ജാനകിക്ക് എടുത്തുപറയാവുന്ന മൂന്നോ നാലോ പാട്ടുകള്‍മാത്രം നല്‍കി പൂര്‍ണ്ണമായി അവഗണിച്ച ദേവരാജന്‍ മാധുരിക്ക് കൊടുത്തത് നൂറുകണക്കിന് പാട്ടുകള്‍! അദ്ദേഹമല്ലാതെ മറ്റൊരു സംഗീതസംവിധായകനും മാധുരിയെക്കൊണ്ട് പാടിക്കുവാന്‍ കാര്യമായി തയ്യാറായില്ല എന്നതും ഓര്‍ക്കുക. ദേവരാജന്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ സ്ത്രീശബ്ദമായ പി.സുശീലയുടെ മലയാള ഉച്ചാരണം നമുക്കറിയാവുന്നതാണ്.

ദേവരാജന്‍ തീര്‍ച്ചയായും നല്ല പാട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അവയുടെ എണ്ണം ഏറെയൊന്നുമില്ല. ദേവരാജന്റെ തീവ്ര ആരാധകരായ എന്റെ ചില സുഹൃത്തുക്കള്‍ മാസങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ അദ്ദേഹത്തിന്റെ നല്ല പാട്ടുകളുടെ ഒരു പട്ടികയില്‍ 100 ല്‍ താഴെ ഗാനങ്ങളേ ഉള്ളു. അദ്ദേഹം ഈണം നല്‍കിയത് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്കാണ് എന്നോര്‍ക്കുക! പ്രളയ പയോധിയില്‍, ഇലഞ്ഞിപ്പൂമണം, കാട്ടുചെമ്പകം, ആകാശഗംഗയുടെ കരയില്‍, വിരലൊന്നു മുട്ടിയാല്‍ ആകാശ പൊയ്കയിലുണ്ടൊരു, നന്ദനവനിയില്‍, കണ്ണുനീര്‍മുത്തുമായ്, കറുത്ത പെണ്ണേ, മാണിക്യ വീണയുമായെന്‍, പാലരുവീ നടുവില്‍, കാറ്റില്‍ ഇളംകാറ്റില്‍, എന്റെ സ്വപ്‌നത്തിന്‍ താമരപ്പൊയ്കയില്‍, മായാജാലക വാതില്‍, പുലരിത്തൂമഞ്ഞു തുള്ളിയില്‍, പാല്‍ക്കാരീ, കായാമ്പൂ കണ്ണില്‍, സന്ധ്യ മയങ്ങും നേരം, ഒന്നാം മാനം, രാക്കുയിലിന്‍ രാജസദസ്സില്‍, ശാരദരജനീ ദീപമുറങ്ങി, ആവണിപ്പൊന്‍പുലരി, ചന്ദ്രകളഭം, മഴമുകില്‍ ചിത്രമേള, മന്ദസമീരനില്‍, സംഗമം, ചാരുലതേ, ചഞ്ചലാക്ഷീ, നാദബ്രഹ്മത്തിന്‍, സ്വര്‍ണ്ണച്ചാമരം, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍, രാഗതരംഗം, പുഴകള്‍ മലകള്‍, നീലാംബുജങ്ങള്‍, മലയാറ്റൂര്‍ മലഞ്ചെരുവിലെ, കാറ്റുവന്നു കള്ളനെപ്പോലെ, ഉദ്യാനപാലകാ, മലരേ മാതള മലരേ…..ഇവയൊക്കെ നല്ല പാട്ടുകള്‍തന്നെ.

ആയിരം പാദസരങ്ങള്‍, സുമംഗലീ നീ ഓര്‍മ്മിക്കുമോ, ഓമലാളേ കണ്ടു ഞാന്‍, പൊന്‍തിങ്കള്‍ക്കല പൊട്ടുതൊട്ട, സന്യാസിനി, ചക്രവര്‍ത്തിനീ, ഇടയകന്യകേ, പത്മതീര്‍ത്ഥമേ, കസ്തൂരി തൈലമിട്ട്, നന്ദനവനിയില്‍, മുങ്ങി മുങ്ങി, മാനത്തെ മന്ദാകിനി, അമ്പലപ്പുഴ കൃഷ്ണാ, പാലാഴി കടവില്‍, പെരിയാറേ പെരിയാറേ, മുള്‍ക്കിരീടമിതെന്തിന്, ഇനിയെന്റെ ഇണക്കിളിക്കെന്തുവേണം, പ്രിയതമാ, ശംഖുപുഷ്പം, കാറ്റടിച്ചു, പാരിജാതം തിരുമിഴി, ദേവലോകരഥവുമായ്, നീയെവിടെ നിന്‍ നിഴലെവിടെ, സാമ്യമകന്നോരുദ്യാനമേ, തങ്കഭസ്മക്കുറിയിട്ട, ജമന്തിപ്പൂക്കള്‍, പതിനാലാം രാവുദിച്ചത്, റംസാനിലെ ചന്ദികയോ, പൂവുകള്‍ക്ക് പുണ്യകാലം, മുറുക്കി ചുവന്നതോ, ഇളവന്നൂര്‍ മഠത്തിലെ, ഇന്ദ്രവല്ലരി പൂ. മാനത്തെ പൂക്കടമുക്കില്‍, ആമ്പല്‍ പൂവേ, വെണ്ണതോല്‍ക്കുമുടലോടെ, സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, വെണ്‍ചന്ദ്രലേഖ, അനുമോദനത്തിന്റെ, ഉല്ലാസപ്പൂത്തിരികള്‍, അനുപമേ അഴകേ, ദേവലോക രഥവുമായ്, ആഷാഢം മയങ്ങി, ഭൂമിദേവി പുഷ്പിണിയായി, കല്ലായി പുഴയൊരു മണവാട്ടി, അമ്പലക്കുളങ്ങരെ, ഒരിടത്ത് ജനനം, മംഗളം നേരുന്നു ഞാന്‍, പ്രിയസഖി ഗംഗേ, സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം, പ്രണയസരോവരതീരം, കണ്ണാ ആലിലക്കണ്ണാ, ഇന്നെനിക്ക് പൊട്ടുകുത്താന്‍, മലയാള ഭാഷതന്‍, കേരളം കേരളം, ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍, ഏഴ് സുന്ദര രാത്രികള്‍, സീതപ്പക്ഷി, സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ, കള്ളിപ്പാലകള്‍ പൂത്തു, നീലാംബുജങ്ങള്‍…..എന്നിവയെല്ലാം ചേര്‍ന്നാലും നൂറ് പാട്ടുകളില്‍ കൂടുന്നില്ല!

അദ്ദേഹത്തിന്റെ സിനിമകളുടെയും പാട്ടുകളുടെയും എണ്ണം മാത്രമല്ല മലയാള സിനിമ കണ്ട ഏറ്റവും വലിയ സംഗീതസംവിധായകന്‍ എന്ന ദേവരാജന്റെ പദവിക്കും പ്രസിദ്ധിക്കും കാരണം. അതിന് ആ പാട്ടുകളുടെ വരികള്‍ നല്‍കിയ സംഭാവന ഏറ്റവും പ്രധാനമാണ്. ആ വരികളെ മാറ്റിനിര്‍ത്തി അതിലെ ഈണം മാത്രം ഒരു സംഗീതോപകരണത്തില്‍ വായിച്ച് നോക്കിയാല്‍, അല്ലെങ്കില്‍ മൂളിനോക്കിയാല്‍ ദേവരാജന്റെ പല പാട്ടുകളുടെയും യഥാര്‍ത്ഥ സംഗീതമൂല്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഇതുകൊണ്ടാവാം വരികള്‍ക്ക് പിന്നില്‍നില്‍ക്കുന്ന സംഗീതത്തില്‍മാത്രമേ താന്‍ വിശ്വസിക്കുന്നുള്ളു എന്ന് അദ്ദേഹം പറഞ്ഞത്! വയലാറിന്റേയും പി.ഭാസ്‌കരന്‍, ഒ.എന്‍.വി, ശ്രീകുമാരന്‍ തമ്പി എന്നിവരുടേയും കാല്‍പനികമായ വരികള്‍, ദേവരാജന്റെ കനംകുറഞ്ഞതും എളുപ്പം പാടാനാവുന്നതുമായ ഈണങ്ങളിലൂടെ സാധാരണക്കാരോടൊപ്പം സാഹിത്യബോധമുള്ളവരുടേയും മനസ്സില്‍ കയറി. വിനോദത്തിന് അക്കാലത്തുണ്ടായിരുന്ന ഒരേ ഒരു മാധ്യമമായ റേഡിയോ അവയെ നേരിട്ട് ജനങ്ങളിലേക്കെത്തിച്ചു പ്രസിദ്ധമാക്കി. റേഡിയോയില്‍ കൂടുതല്‍തവണ വരുന്ന ഏതൊരു പാട്ടും പ്രസിദ്ധമാകുന്ന കാലമായിരുന്നല്ലോ അത്!

താന്‍പോരിമ നിറഞ്ഞ പ്രകൃതമായിരുന്നുവെങ്കിലും തികഞ്ഞ അച്ചടക്കത്തോടെയാണ് ദേവരാജന്‍ മാഷ് തന്റെ ജോലി ചെയ്തത്. പാട്ടുകള്‍ക്ക് അദ്ദേഹം അതിവേഗം ഈണങ്ങളുണ്ടാക്കി, അതിലും വേഗം ശബ്ദലേഖനം ചെയ്തു. പശ്ചാത്തലസംഗീതം അത്യാവശ്യത്തിന് മാത്രം. നിര്‍മ്മാതാക്കള്‍ക്ക് കുറഞ്ഞ ചെലവും സമയലാഭവും. ഇതുമൂലം മുന്‍നിര നിര്‍മ്മാതാക്കളുടെയെല്ലാം ഇഷ്ട സംഗീതസംവിധായകനായി നിലനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാട്ടിന്റെ പശ്ചാത്തലത്തിലെ ഉപകരണസംഗീതത്തെക്കുറിച്ച് അദ്ദേഹം ഒട്ടും വേവലാതിപ്പെട്ടില്ല. അതൊക്കെ മിക്കവാറും സഹായികള്‍ക്ക് വിട്ടു. വിവിധ സംഗീതോപകരണങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ധാരണ തനിക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിരുന്നുമില്ല.

മാഷിന്റെ മരണത്തിന് ചില വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ നാട്ടുകാരനായ ഒരു പാട്ടുകാരന്റെ കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി, അയാളേയുംകൂട്ടി മാഷിനെ കാണാന്‍പോയത് ഓര്‍ക്കുന്നു. ആര്‍ക്കും പാടാന്‍ അവസരം കൊടുക്കാനാവുന്ന നിലയിലൊന്നും ആയിരുന്നില്ല മാഷ് അപ്പോള്‍. പല വര്‍ഷങ്ങളായി അദ്ദേഹത്തിന് സിനിമകളൊന്നും ഉണ്ടായിരുന്നില്ല. ആ പാട്ടുകാരന് ദേവരാജന്‍ മാസ്റ്ററില്‍നിന്ന് സംഗീതം പഠിക്കണമെന്നായിരുന്നു ആഗ്രഹം! ഏറെ പ്രയാസപ്പെട്ട് അക്കാര്യം സൂചിപ്പിച്ചപ്പോള്‍ ‘ഞാന്‍ ഇതുവരെ ആരേയും സംഗീതം പഠിപ്പിച്ചിട്ടില്ല’ എന്ന് മാത്രം പറഞ്ഞു.

ബാബുരാജിനും സലില്‍ ചൗധരിക്കും കേരളം യാതൊരു അവാര്‍ഡുകളും നല്‍കിയില്ല. ജീവിച്ചിരിക്കുന്ന കാലത്ത് നാം അവരെ ആഘോഷിച്ചില്ല. പക്ഷേ അവരുടെ ഗാനങ്ങളുടെ സൗന്ദര്യം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടേയിരിക്കുന്നു. ആ ഈണങ്ങളില്‍ പലതും ഒരിക്കലെങ്കിലും കേട്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അവരെക്കാള്‍ വളരെയധികം പാട്ടുകള്‍ സൃഷ്ടിച്ച, ജീവിച്ചിരുന്നപ്പോള്‍ ഏറെ ആഘോഷിക്കപ്പെട്ട ദേവരാജന്‍ മാഷിന്റെ വളരെക്കുറിച്ച് പാട്ടുകളെക്കുറിച്ച് മാത്രമേ അങ്ങനെ പറയാന്‍ കഴിയൂ. അത് അങ്ങനെയല്ല എന്ന് കാലം തെളിയിക്കട്ടെ എന്നുതന്നെയാണ് എന്റെയും ആഗ്രഹം. വ്യകതി എന്ന നിലയില്‍ ദേവരാജന്‍ മാഷിനോട് തോന്നിയിട്ടുള്ള സ്‌നേഹബഹുമാനങ്ങളാണ് അതിന് കാരണം

Advertisement