എഡിറ്റര്‍
എഡിറ്റര്‍
ജാര്‍ഖണ്ഡില്‍ വന്‍ നിയമലംഘനം: പത്തരലക്ഷത്തോളം ആധാര്‍ ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ പുറത്ത്
എഡിറ്റര്‍
Sunday 23rd April 2017 12:08pm

റാഞ്ചി: ആധാര്‍ വഴി ശേഖരിക്കപ്പെടുന്ന വ്യക്തിവിവരങ്ങള്‍ക്ക് സുരക്ഷിതത്വമില്ല എന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ ജാര്‍ഖണ്ഡില്‍ വന്‍ നിയമ ലംഘനം. പത്തരലക്ഷത്തോളം ആധാര്‍ ഉടമകളുടെ സ്വകാര്യ വിവരങ്ങളാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴി ലീക്കായിരിക്കുന്നത്.

വെബ്‌സൈറ്റിലെ പ്രോഗ്രാമിങ് തകരാറാണ് ഇത്രയും വലിയ സ്വകാര്യതാ ലംഘനത്തിന് വഴിയൊരുക്കിയതെന്നാണ് സര്‍ക്കാറിന്റെ ന്യായീകരണം. ജാര്‍ഖണ്ഡ് ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റിയുടെ മേല്‍നോട്ടത്തിലുള്ള വെബ്‌സൈറ്റ് വഴിയാണ് ആധാര്‍ വിവരങ്ങള്‍ പുറത്തായത്.

ജാര്‍ഖണ്ഡില്‍ പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവരുടെ പേര്, മേല്‍വിലാസം, ആധാര്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിങ്ങനെ സുപ്രധാന വിവരങ്ങളാണ് പുറത്തായത്. ജാര്‍ഖണ്ഡിലുള്ള 16ലക്ഷം പെന്‍ഷനേഴ്‌സില്‍ 14ലക്ഷം പേരും ആധാര്‍ നമ്പറുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചതാണ്.


Don’t Miss: സംഘികള്‍ ആഘോഷിച്ച ‘ദേവികുളം സബ് കലക്ടര്‍’ എന്ന പേജിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍: ഇതെന്റെ ഒഫീഷ്യല്‍ പേജല്ല 


ഇവരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇപ്പോള്‍ ഈ വെബ്‌സൈറ്റ് തുറക്കുന്ന ആര്‍ക്കും എളുപ്പം ലഭ്യമാകും എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നയത്തെ പ്രതിപക്ഷ പാര്‍ട്ടികളും സൈബര്‍ സുരക്ഷാ വിദഗ്ധരും സുപ്രീം കോടതിയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന വേളയിലാണ് ഇത്രയും വലിയ സ്വകാര്യതാ ലംഘനമുണ്ടായിരിക്കുന്നത്.

അടുത്തിടെ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയ യു.ഐ.ഡി.എ.ഐയുടെ നടപടി വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതിനു പുറമേ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിക്കുന്നു എന്നാരോപിച്ച് സ്വകാര്യ വ്യക്തികള്‍ക്കെതിരെ എട്ടോളം പൊലീസ് കേസുകളും യു.ഐ.ഡി.എ.ഐ ഫയല്‍ ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ആധാറിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുതന്നെ ഇത്രയും വലിയ സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്.

Advertisement