'ലിംഗവിവേചനവും ജാതിവിവേചനവും', ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചു; സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ പ്രതിഷേധം
details
'ലിംഗവിവേചനവും ജാതിവിവേചനവും', ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചു; സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ പ്രതിഷേധം
രോഷ്‌നി രാജന്‍.എ
Wednesday, 30th September 2020, 7:37 pm

തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.

കേരള സംഗീത നാടക അക്കാദമിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന്‍ നല്‍കിയ അപേക്ഷ സെക്രട്ടറി തള്ളി കളയുകയായിരുന്നുവെന്നാണ് ആരോപണം. ലിംഗപരമായ വിവേചനം മാത്രമല്ല ജാതിപരമായ വിവേചനം കൂടിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന ആരോപണമാണ് രാമകൃഷ്ണന്‍ പ്രധാനമായും ഉന്നയിക്കുന്നത്.

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനായ ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി വെളിപ്പെടുത്തിയത്.

സാമ്പത്തികം കുറഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് അവസരം നല്‍കുന്നതെന്നും പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കാറില്ലെന്നുമായിരുന്നു സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ അപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞതെന്നാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറയുന്നത്. മോഹിനിയാട്ടത്തില്‍ എം.ഫില്ലും പി.എച്ച്.ഡിയുമുള്ള രാമകൃഷ്ണന്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയെ വിളിക്കുകയും അവരുടെ നിര്‍ദേശപ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

എന്നാല്‍ അപേക്ഷ നല്‍കാനെത്തിയ രാമകൃഷ്ണനെ കാണാന്‍ സെക്രട്ടറി കൂട്ടാക്കിയില്ലെന്നാണ് ഉയരുന്ന ആരോപണം. തുടര്‍ന്ന് കെ.പി.എ.സി ലളിത തനിക്ക് വേണ്ടി സംസാരിക്കാന്‍ എത്തിയെങ്കിലും വേണമെങ്കില്‍ സംസാരിക്കാന്‍ സമ്മതിക്കാമെന്നും താന്‍ പരിപാടി അവതരിപ്പിച്ചാല്‍ വിമര്‍ശനം ഉയരുമെന്നുമായിരന്നു സെക്രട്ടറി പറഞ്ഞതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

തന്നെപ്പോലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരാള്‍ക്ക് അവസരം നല്‍കില്ല എന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.

‘കേരള സംഗീത നാടക അക്കാദമിയുടെ നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നതിനായി നാല് വര്‍ഷത്തോളമായി ശ്രമിക്കുകയാണ്. മോഹിനിയാട്ടത്തില്‍ അക്കാദമികമായ നേട്ടങ്ങള്‍ ഉണ്ടായിട്ടും ഇത്ര വര്‍ഷവും നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. കുറേ വര്‍ഷങ്ങളായിട്ടുള്ള ആഗ്രഹം കൂടിയാണ് അക്കാദമിയിലെ നൃത്തോത്സവത്തില്‍ പങ്കെടുക്കുക എന്നുള്ളത്.

അക്കാദമിയിലെ ഫെസ്റ്റിവലുകള്‍ നടത്തുന്നതിന് അപ്ലിക്കേഷന്‍ ക്ഷണിക്കുകയോ മറ്റു നടപടികളോ ഒന്നും തന്നെ അധികൃതര്‍ ചെയ്യാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളുടെ ശിഷ്യഗണങ്ങളും ബന്ധുക്കളും മക്കളുമടങ്ങുന്ന സംഘത്തിന് അവസരങ്ങള്‍ വീതം വെച്ചുകൊടുക്കുന്ന രീതിയാണ് സാധാരണയായി കണ്ടുവരുന്നത്’, രാമകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായ കെ.പി.എ.സി ലളിതയെ നേരത്തേ അറിയാവുന്നതുകൊണ്ടാണ് അപ്ലിക്കേഷന്‍ നല്‍കുന്നതിന് മുമ്പ് അവരുടെ നിര്‍ദേശം വാങ്ങിയതെന്ന് രാമകൃഷ്ണന്‍ പറയുന്നു. ‘അപ്ലിക്കേഷനുമായി കഴിഞ്ഞ തിങ്കളാഴ്ച അക്കാദമിയില്‍ ചെന്നെങ്കിലും സെക്രട്ടറിയെ കാണാന്‍ അനുവാദം ലഭിച്ചില്ല. പ്രായമായ വ്യക്തിയായതുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുറത്തുനിന്ന് സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് സെക്രട്ടറി പറഞ്ഞുവെന്നാണ് അക്കാദമി അധികൃതര്‍ പറഞ്ഞത്.

അവിടെയുള്ള മറ്റൊരു ഉദ്യോഗസ്ഥനെ കണ്ട് അപ്ലിക്കേഷന്‍ കൈമാറാന്‍ തീരുമാനിച്ചുവെങ്കിലും അയാള്‍ തന്നോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും താല്‍പര്യമില്ലാത്ത രീതിയില്‍ പെരുമാറുകയുമായിരുന്നു. അവിടെ നിന്നും പുറത്തിറങ്ങി കെ.പി.എ.സി ലളിതയെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ അവര്‍ അക്കാദമിയിലെത്തുകയും സെക്രട്ടറിയുമായി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. തനിക്ക് അവസരം തന്നാല്‍ വിവാദമുണ്ടാവുമെന്നും നൃത്തത്തിന് പകരം സംസാരിക്കാന്‍ അവസരം നല്‍കാമെന്നാണ് സെക്രട്ടറി പറഞ്ഞതെന്നും ചര്‍ച്ചയ്ക്കുശേഷം ലളിത ചേച്ചിയാണ് എന്നോട് പറഞ്ഞത്’, രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു പട്ടികജാതിക്കാരനായതുകൊണ്ടാണ് അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് അവസരം നിഷേധിക്കാന്‍ ശ്രമിച്ചതെന്ന് രാമകൃഷ്ണന്‍ പറയുന്നു. അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി.ലളിത ഇടപെട്ടിട്ടുപോലും അവസരം നിഷേധിച്ച കേരളസംഗീതനാടക അക്കാദമി സെക്രട്ടറി വളരെ മോശമായി പെരുമാറിയെന്ന വേദന വാര്‍ത്തയായി പരക്കുകയാണെന്നും ചെയര്‍പേഴ്സണെ സ്ഥിരം നോക്കുകുത്തിയാക്കിയുള്ള ഈ പരിപാടി അവസാനിപ്പിക്കണമെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍ ആവശ്യപ്പെട്ടു.

സെക്രട്ടറിയുടെ നടപടിക്കെതിരെ സംസ്‌ക്കാരിക മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.

‘അവസരം നല്‍കിയില്ലെങ്കിലും കലാപ്രവര്‍ത്തകരെ അപമാനിക്കാന്‍ ഒരക്കാദമിക്കും അധികാരികള്‍ക്കും അവകാശമില്ല. ബന്ധപ്പെട്ടവര്‍ ഉടന്‍ പരിഹാരമുണ്ടാക്കണം. എന്തിനും വാര്‍ത്തയായാലും പ്രതിഷേധങ്ങള്‍ നടന്നാലും മാത്രമേ പരിഹാരമാവൂ എന്ന ദുഃസ്ഥിതി മാറാന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി അടിയന്തിരമായി ഇടപെടണം. അക്കാദമിയുടെ ഗേറ്റിനു പുറത്ത് രാമകൃഷ്ണന്‍ റോഡരികില്‍ നൃത്തം ചെയ്ത് അക്കാദമിക്കു നാണക്കേടുണ്ടാവാതെ നോക്കേണ്ടത് അക്കാദമിയുടെ ബാധ്യതയാണ്’, ഇടയ്ക്ക കലാകാരന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ച കാര്യങ്ങളില്‍ തെറ്റുണ്ടെന്നാണ് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറയുന്നത്. ‘അപേക്ഷ നല്‍കാന്‍ വന്നപ്പോള്‍ അകത്ത് കയറ്റിയില്ലെന്നത് സത്യമാണ്. അത് ഞാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതുകൊണ്ടാണ്.

നൃത്തോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അവസരം നിഷേധിച്ചുവെന്നെല്ലാം പറയുന്നതില്‍ തെറ്റുണ്ട്. പരിപാടി അവതരിപ്പിക്കുന്നതിനുള്ള കലാകാരന്‍മാരുടെ തെരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല. ഒക്ടോബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടത്തുക. അത്തരമൊരു സാഹചര്യത്തില്‍ അവസരം നിഷേധിച്ചുവെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുക’, രാധാകൃഷ്ണന്‍ നായര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വിഷയത്തില്‍ നിലവില്‍ പ്രതികരിക്കാനില്ലെന്നാണ് സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Denies dr RLV Ramakrishnan opportunity protest against sangeetha nataka academy secretary

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.