എഡിറ്റര്‍
എഡിറ്റര്‍
‘ആംബുലന്‍സിന് ചോദിച്ചപ്പോള്‍ കൊച്ചികുട്ടിയല്ലേ ടെമ്പോ വിളിച്ച് പോകൂ’ എന്ന് അധികൃതര്‍: ഗോരഖ്പൂരില്‍ മരണപ്പെട്ട കുട്ടിയുടെ പിതാവ് നേരിട്ടത്
എഡിറ്റര്‍
Sunday 13th August 2017 9:56am

ഗോരഖ്പൂര്‍: പശുവിന് ആംബുലന്‍സ് നല്‍കുന്ന യു.പിയില്‍ സര്‍ക്കാര്‍ അനാസ്ഥ കാരണം മരണപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിക്കുന്നില്ലെന്ന് പരാതി. ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്റെ അഭാവം കാരണം മരണപ്പെട്ട കുട്ടികളുടെ മൃതദേഹത്തിനാണ് ആംബുലന്‍സ് സൗകര്യം നിഷേധിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നത്.

മകന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടേത് ചെറിയ കുട്ടിയല്ലേ ടെമ്പോയില്‍ യാത്ര ചെയ്‌തോളൂ എന്ന മറുപടിയാണ് ലഭിച്ചതെന്നാണ് യു.പിയിലെ സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലയിലെ രാജേഷ് പറയുന്നത്.

ന്യൂമോണിയ ബാധിച്ച മകനുമായി ആഗസ്റ്റ് ഒമ്പതിനാണ് രാജേഷ് ആശുപത്രിയില്‍ എത്തിയത്. തന്റെ കണ്‍മുന്നില്‍വെച്ച് മകന്‍ പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം ഡോക്ടറോട് ചോദിച്ചു എന്താണ് പ്രശ്‌നമെന്ന്.

‘കുറച്ചുദിവസത്തിനുള്ളില്‍ മകന്റെ അസുഖമെല്ലാം ഭേദമാകുമെന്ന് ഡോക്ടര്‍ ഉറപ്പുനല്‍കിയിരുന്നു. ‘അവന് ന്യൂമോണിയയാണ. നിങ്ങള്‍ ഒന്നുകൊണ്ടും ഭയക്കേണ്ട’.’ ആശുപത്രിയിലെത്തിയ ദിവത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് രാജേഷ് പറയുന്നു.


Also Read: ഗോരഖ്പൂരില്‍ ദുരന്തമുഖത്ത് പതറാതെ ഒരു ഡോക്ടര്‍: ഓക്‌സിജന്‍ കുറവാണെന്നറിഞ്ഞപ്പോള്‍ ഡോ കഫീല്‍ ഖാന്‍ ചെയ്തത്


എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ മകന്റെ മൃതദേഹവുമായാണ് താന്‍ ആശുപത്രി പടിയിറങ്ങിയതെന്ന് രാജേഷ് പറയുന്നു. മഞ്ഞയും പിങ്കും കലര്‍ന്ന തുണിയില്‍ പൊതിഞ്ഞ മൃതദേഹം ഒരു കൈയില്‍ എടുത്ത് മറ്റേ കൈകൊണ്ട് ഭാര്യയെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ കരഞ്ഞുകൊണ്ട് മകന്റെ കാലില്‍ ചുംബിക്കുകയായിരുന്നു.

മൃതദേഹവുമായി ആശുപത്രി വിട്ട് പോകാന്‍ ഒരുങ്ങുക തങ്ങളെ ആരോഗ്യമന്ത്രിയ്ക്കായി തടഞ്ഞുവെച്ചെന്നുംഅദ്ദേഹം പറയുന്നു.

‘ അവര്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചില്ല. ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിങ് ആശുപത്രി സന്ദര്‍ശിക്കുമെന്നും വാര്‍ത്താസമ്മേളനം നടത്തുമെന്നും പറഞ്ഞ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.’ അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെട്ട ആഗസ്റ്റ് 10നും 11നും ആശുപത്രിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പ്രശ്‌നമുണ്ടായിരുന്നു എന്നായിരുന്നു രാജേഷിന്റെ പ്രതികരണം. ‘ അതെ, അവിടെ ഓക്‌സിജന്‍ ഇല്ലായിരുന്നു. എല്ലാവരും ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ബി.ആര്‍.ഡി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് എന്റെ മകന്‍ മരിച്ചത്.’ അദ്ദേഹം പറഞ്ഞു.

്ഓക്‌സിജന്റെ കുറവു മാത്രമല്ല, ആശുപത്രിയില്‍ ആവശ്യത്തിന് കിടക്കപോലും ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 60ലേറെ രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

മന്ത്രി വന്നു പോയശേഷം ആംബുലന്‍സിനായി അദ്ദേഹം ആശുപത്രി അധികൃതരെ സമീപിച്ചു.’ അവര്‍ പറഞ്ഞത്, നിങ്ങളുടേത് കൊച്ചുകുട്ടിയല്ലേ. നിങ്ങള്‍ ടെമ്പോയില്‍ പോയ്ക്കൂടേ എന്നാണ്. ‘ അദ്ദേഹം പറയുന്നു.

Advertisement