പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകി, രോ​ഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് യു.പി സർക്കാർ
national news
പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകി, രോ​ഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് യു.പി സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2022, 8:59 pm

ലഖ്നൗ: പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകിയ സംഭവത്തിൽ ​രോ​ഗി മരിച്ചു. ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിലാണ് സംഭവം.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സക്കെത്തിച്ച രോ​ഗിക്കാണ് പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ആശുപത്രി അധികൃതർക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതെന്ന് സിയാസത്ത് ഡെയ് ലി റിപ്പോർട്ട് ചെയ്യുന്നു.

മുസംബി ജ്യൂസിന്റേയും പ്ലാസ്മയുടേയും നിറം സമാനമായതിനാലാണ് മാറിപ്പോയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അബദ്ധത്തിൽ മാറിപ്പോയതാണെന്നും ബ്ലഡ് ബാങ്കിൽ നടന്ന അനാസ്ഥയാണെന്നും അധികൃതർ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

പ്രദേശത്ത് വിൽക്കപ്പെടുന്ന വ്യാജ പ്ലാസ്മകളെകുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് ഇൻസ്പെക്ടർ ജനറൽ രാകേഷ് സിങ് എ.എൻ.ഐയോട് പറഞ്ഞു.

പ്രയാഗ്‌രാജിലെ ഝൽവ പ്രദേശത്തുള്ള ഗ്ലോബൽ ഹോസ്പിറ്റലിൽ നടന്ന അഴിമതിയെക്കുറിച്ച് ഒരാൾ സംസാരിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്ലാസ്മ ആവശ്യമുള്ള രോഗികൾക്ക് മുസംബി ജ്യൂസ് നൽകുന്നു എന്നായിരുന്നു വീഡിയോയിലെ ആരോപണം.

നേരത്തെ ഡെങ്കിപ്പനി കേസുകൾ വർധിച്ചതിനെ തുടർന്ന് ഡോക്ടർമാരോടും പാരാമെഡിക്കൽ സ്റ്റാഫിനോടും അവധി എടുക്കരുതെന്ന് യു.പി സർക്കാർ നിർദേശിച്ചിരുന്നു. ഡെങ്കിപ്പനി തടയാനുള്ള മാർഗങ്ങൾ നഗരസഭകൾ ഉടൻ സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയും നിർദേശിച്ചിരുന്നു.

 

Content Highlight: Dengue patient died after giving musambi instead of plasma, UP government orders probe