മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍... ദിസ് വാസ് ഓര്‍ഗനൈസ്ഡ് ലൂട്ട് ആന്റ് ലീഗലൈസ്ഡ് പ്ലണ്ടര്‍
ന്യൂസ് ഡെസ്‌ക്

”ഞാന്‍ നിങ്ങളോട് 50 ദിനങ്ങള്‍ മാത്രമാണ് ചോദിക്കുന്നത്, അതിനുശേഷം നിങ്ങളുടെ സ്വപ്നത്തിലെ ഇന്ത്യയെ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങളും വേദനയും ഞാന്‍ മനസ്സിലാക്കുന്നുണ്ട്. 50 ദിവസങ്ങള്‍ക്കുശേഷം, എന്റെ ഉദ്ദേശ്യത്തിലും പ്രഖ്യാപനത്തിലും എന്തെങ്കിലും തെറ്റുകള്‍ കണ്ടാല്‍ രാജ്യം തരുന്ന ഏതു ശിക്ഷയും അനുഭവിക്കാന്‍ ഞാന്‍ തയാറാണ്” -ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 14ന് രാജ്യത്തോടു പറഞ്ഞവാക്കുകളാണിത്.

പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിന് ഇന്ന് പ്രായം 1107 ദിവസമാണ്. നോട്ടുനിരോധനത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാനമന്ത്രിക്ക് തെറ്റിയെന്ന് ഇന്ത്യ തിരിച്ചറിയുന്നു.

എന്തൊക്കെയായിരുന്നു നോട്ടിനിരോധനസമയത്ത് പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ എന്നോര്‍മ്മയില്ലേ.? കള്ളപ്പണവും കള്ളനോട്ടും വഴിയുള്ള അഴിമതി, ആയുധ ഇടപാട്, ഭൂമിയിടപാട്, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ നിയന്ത്രിക്കുക, ഡിജിറ്റലൈസേഷന്‍ വഴി കാഷ്‌ലെസ് ഇക്കോണമിയായി ഇന്ത്യയെ വളര്‍ത്തുക.

എന്നിട്ടെന്തായി? കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ നിരന്തരാനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഇന്ത്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങളില്‍ ഒന്നായി നോട്ടുനിരോധനം മാറുകയും ചെയ്തു.

ഏതാണ്ട് മൂന്നുലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറന്‍സി നോട്ടുകള്‍ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും അവ ബാങ്കുകളിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നോട്ടുനിരോധന സമയത്ത് പറഞ്ഞിരുന്നത്.

നിരോധിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് തന്നെ സ്ഥിരീകരിച്ചു. നോട്ടുനിരോധനം വഴി ഇന്ധനം 50 രൂപയ്ക്ക് ലഭിക്കുമെന്ന് ചാനല്‍ ചര്‍ച്ചകളില്‍ കയറിയിറങ്ങി ഘോര ഘോരം പ്രസംഗിച്ചവര്‍ക്ക് മിണ്ടാട്ടമില്ലാതായി.

കള്ളപ്പണം, കള്ളനോട്ട് എന്നീ ഇടപാടുകള്‍ 2016-’17-ല്‍ മുന്‍വര്‍ഷത്തെക്കാള്‍ വന്‍വര്‍ധനയുണ്ടായി എന്നാണ്, കേന്ദ്രധനമന്ത്രാലയത്തിന്റെ ഫിനാന്‍സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതനുസരിച്ച് ബാങ്കുകളിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലും നടന്ന സംശയാസ്പദമായ ധനകാര്യ ഇടപാടുകള്‍ 2015-’16-ല്‍ 1,05,973 ആയിരുന്നത് 2016-’17-ല്‍ 4,73,006 ആയി വര്‍ധിച്ചു.

ബാങ്കുകളില്‍ കിട്ടിയ കള്ളനോട്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ എണ്ണത്തില്‍ 78 ശതമാനം വര്‍ധനയുണ്ടായി.

മാത്രവുമല്ല നോട്ടുനിരോധനവും അനുബന്ധനടപടികള്‍ മൂലവും കള്ളപ്പണം വന്‍തോതില്‍ നിക്ഷേപിച്ചിരുന്ന ഭൂമി, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, വിദേശരാജ്യങ്ങളിലെ ബാങ്ക് നിക്ഷേപം, കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനങ്ങള്‍, കമ്പനികള്‍, കള്ളപ്പണം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, വന്‍തുക ബാങ്കുവായ്പത്തട്ടിപ്പ് നടത്തിയവര്‍ തുടങ്ങിയവരില്‍നിന്ന് കള്ളപ്പണമായി ഒരു രൂപ പോലും പിടിച്ചെടുക്കാനും കഴിഞ്ഞില്ല.

പഴയ കറന്‍സി മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍നിന്നും എ.ടി.എമ്മുകളില്‍നിന്നും പണം പിന്‍വലിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുനഃക്രമീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവന്നതിനാല്‍ ഏതാണ്ട് 50,000 എ.ടി.എമ്മുകള്‍ രണ്ടു മാസക്കാലം പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ടായി.

ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നിലെ തിക്കിലും തിരക്കിലും പെട്ട് 105 പേര്‍ മരിച്ചു. നോട്ടുനിരോധനം മൂലം ഡിജിറ്റലൈസേഷന്‍ വര്‍ധിക്കുമെന്ന ലക്ഷ്യം യാഥാര്‍ഥ്യമായില്ല. നോട്ടുനിരോധനത്തിന്റെ തൊട്ടുമുമ്പ് പ്രചാരത്തിലുള്ള കറന്‍സിയുടെ മൂല്യം 17.97 ലക്ഷം കോടിയായിരുന്നത് 2018 മാര്‍ച്ചില്‍ 18.03 ലക്ഷം കോടിയായി വര്‍ധിച്ചു.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായങ്ങള്‍ നിയന്ത്രിക്കാന്‍ സഹായകമാകും എന്നായിരുന്നു മറ്റൊരു വിശ്വാസം. എന്നാല്‍, ഈ കാലയളവില്‍ ഭീകരപ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും വര്‍ധിക്കുകയാണുണ്ടായത്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം വഴി മരണം വരിച്ച സിവിലിയന്‍, സുരക്ഷാഭടന്മാര്‍ അടക്കമുള്ളവരുടെ എണ്ണം 2015ല്‍ 728 ആയിരുന്നത് 2018ല്‍ 940 ആയി വര്‍ധിച്ചു.

ലക്ഷ്യമിട്ടിരുന്ന കള്ളപ്പണമോ, അഴിമതിയോ, കള്ളനോട്ടോ, കറന്‍സി ഉപയോഗം കുറയ്ക്കലോ നോട്ടുനിരോധനം മൂലം നേടാന്‍ കഴിഞ്ഞില്ല. സാധാരണക്കാരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ഈ നടപടി രാജ്യത്തെ ബഹുഭൂരിപക്ഷം പേര്‍ക്കും സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ആണ് നല്‍കിയത്.

ആസൂത്രിതമായ ഒരു കൊള്ളയടിക്കലിന്റേയും നിയമാനുസൃതം നടത്തിയ മോഷണത്തിന്റെയും അനന്തരഫലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.