അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
Lakshadweep
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th June 2021, 8:22 pm

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. ദീര്‍ഘകാലമായി പണി പൂര്‍ത്തിയാകാത്ത കോട്ടേജുകളും റിസോര്‍ട്ടുകളുമാണ് പൊളിച്ചുമാറ്റുന്നത്.

അഗത്തിയില്‍ മാത്രം 25 കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചുമാറ്റിയത്. ശൂചീകരണ പ്രവര്‍ത്തിയുടെ പേരുപറഞ്ഞാണ് നിര്‍മാണം മുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. നേരത്തെ മത്സ്യ തൊഴിലാളികളുടെ ഷെഡുകളും സമാനരീതിയില്‍ പൊളിച്ചുമാറ്റിയിരുന്നു.

വലിയ ഓരുക്കങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപില്‍ നടക്കുന്നത്. മറ്റന്നാളാണ് അദ്ദേഹം ദ്വീപ് സന്ദര്‍ശിക്കുന്നത്. ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനം.

അഗത്തിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ 7 ദിവസം ദ്വിപില്‍ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. വിവിധ പരിഷ്‌കാരങ്ങള്‍ എങ്ങനെ നടപ്പാകുന്നു എന്നതിലുള്ള ചര്‍ച്ചകളും പുതിയ ഇക്കോ ടൂറിസം പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. 20ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖത്തേക്ക് മാറ്റാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫീസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിയമിച്ചു.

നിലവില്‍ കേരളത്തിലെ ബേപ്പൂര്‍ തുറമുഖത്ത് നിന്നാണ് പ്രധാനമായും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നടക്കുന്നത്. ബേപ്പൂരില്‍ നിന്നുള്ള അസി. ഡയറക്ടര്‍ സീദിക്കോയ അടക്കമുള്ള ആറ് പേരെയാണ് മംഗലാപുരത്തേക്ക് നിയമിച്ചത്.

ഇതിനിടെ ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Demolition of buildings in Lakshadweep as part of Administrator Praful Khoda Patel’s visit