അഭയാ കൊലക്കേസ് സാക്ഷി രാജുവിനെ യേശുവാക്കി ഫേസ്ബുക്ക് പോസ്റ്റ്; പരാതി നല്‍കി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്ന സംഘടന
Kerala News
അഭയാ കൊലക്കേസ് സാക്ഷി രാജുവിനെ യേശുവാക്കി ഫേസ്ബുക്ക് പോസ്റ്റ്; പരാതി നല്‍കി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്ന സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2020, 9:31 am

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ മുഖ്യ സാക്ഷിയായ രാജുവിന്റെ ചിത്രം യേശു ക്രിസ്തുവിന്റെ ചിത്രമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍. ക്രിസ്തുവിന്റെ മുഖത്തിന് പകരം രാജുവിന്റെ മുഖം വെച്ചത് മതവിദ്വേഷം പടര്‍ത്തുമെന്നാരോപിച്ചാണ് ജയ കുമാര്‍ എന്നയാള്‍ക്കെതിരെ ഫെഡറേഷന്‍ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.

ക്രിസ്ത്യന്‍ ഫെഡറേഷന് വേണ്ടി സ്വരൂപ് എബ്രഹാം എന്ന വ്യക്തിയാണ് പരാതി നല്‍കിയത്.

‘ഒരു ക്രിമിനലിന്റെ ചിത്രം ഞങ്ങളുടെ ദൈവമായ ക്രിസ്തുവിന്റെ ചിത്രത്തിന് പകരം നല്‍കി. ഇത് എല്ലാ ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കും അപമാനകരമാണ്,’ പരാതിയില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും പരാതിയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജയകുമാറിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സ്വരൂപ് പരാതിയില്‍ ആവശ്യപ്പെടുന്നു.

‘രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്….ഞാന്‍ നീതിമാന്‍മാരെ തിരഞ്ഞല്ല വന്നത്…പാപികളെ തിരഞ്ഞാണ് ഞാന്‍ വന്നത്…
ഈ ക്രിസ്മസാണ് കേരളത്തില്‍ യഥാര്‍ത്ഥ ക്രിസ്മസ്.. നീതിയുടെ പരിപാലകനായ നസ്രേത്ത്കാരന്‍ പുഞ്ചിരിക്കുന്ന ക്രിസ്മസ്,’ എന്ന കുറിപ്പോടുകൂടെയായിരുന്നു ജയ കുമാര്‍ ഫേസ്ബുക്കില്‍ രാജുവിനെ ക്രിസ്തുവിന് സമാനമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

അഭയാ കേസില്‍ വഴിത്തിരിവായ സാക്ഷിമൊഴിയായിരുന്നു രാജുവിന്റെത്. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

അഭയാ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ രാജുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ദിവസം അഭയയ്ക്ക് നീതി കിട്ടിയെന്നും അഭയയെ തന്റെ കുഞ്ഞിനെ പോലെയാണ് കരുതിയിരുന്നതെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സാക്ഷിമൊഴി മാറ്റി പറയാന്‍ കോടികളാണ് പലരും വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും ഇപ്പോഴും കോളനിയിലാണ് താമസിക്കുന്നതെന്നും രാജു പറഞ്ഞിരുന്നു.

മൊഴി മാറ്റി പറയുന്നതിനായി പൊലീസ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Democratic Christian Federation put complaint against face book post making witness Raju as Jesus Christ