നാലാം ക്ലാസുവരെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു; ചുമരിനോട് ചേര്‍ത്ത് രക്തം വരുന്ന വരെ മര്‍ദിക്കും: ദല്‍ഹി വനിത കമ്മീഷന്‍ ചെയര്‍മാന്‍
national news
നാലാം ക്ലാസുവരെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു; ചുമരിനോട് ചേര്‍ത്ത് രക്തം വരുന്ന വരെ മര്‍ദിക്കും: ദല്‍ഹി വനിത കമ്മീഷന്‍ ചെയര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 8:07 pm

ന്യൂദല്‍ഹി: കുട്ടിയായിരിക്കുമ്പോള്‍ സ്വന്തം അച്ഛനില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ലൈംഗിക പീഡനത്തെത്തുക്കുറിച്ച് വെളിപ്പെടുത്തി ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച ദല്‍ഹിയില്‍ നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് വെളിപ്പെടുത്തലുമായി അവര്‍ രംഗത്തെത്തിയത്.

കുട്ടിക്കാലത്ത് നേരിട്ട ദുരന്തം വളരെക്കാലത്തെ ഡിപ്രഷനിലേക്ക് തന്നെ തള്ളി വിട്ടെന്നും അച്ഛനെ പേടിച്ച് കട്ടിലിനടിയില്‍ താന്‍ ഒളിച്ചിരിക്കാറുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

‘കുട്ടിക്കാലത്ത് പിതാവ് എന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഞാനന്ന് വളരെ ചെറുതായതിനാല്‍ ഇതിനെക്കുറിച്ച് ആരോടെങ്കിലും പറയാന്‍ പോലും ഭയപ്പെട്ടിരുന്നു. പീഡനത്തോടൊപ്പം അച്ഛനെന്നെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. വീട്ടിലെ കട്ടിലിനടിയില്‍ അച്ഛനെ ഭയന്ന് ഞാന്‍ ഒളിച്ചിരുന്നിട്ടുണ്ട്,’ സ്വാതി മലിവാള്‍ പറഞ്ഞു.

കുട്ടിക്കാലത്ത് ഏറ്റ ദുരനുഭവമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ തന്നെ പ്രേരിപ്പച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘കുട്ടിക്കാലത്ത് എന്റെ അച്ഛന്‍ എന്റെ മുടിയില്‍ കുത്തിപ്പിടിച്ച് ചുമരിനോട് ചേര്‍ത്ത് മര്‍ദ്ദിക്കും. എന്റെ ദേഹത്ത് നിന്നൊക്കെ രക്തം വരും. എന്റെ നാലാം ക്ലാസ് വരെ ഈയൊരവസ്ഥ തുടര്‍ന്നിരുന്നു. ആ സമയത്തൊക്കെ ഇത്തരത്തില്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരെ എങ്ങനെ പോരാടാമെന്നാണ് ഞാന്‍ ആലോചിച്ചിരുന്നത്,’ അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദേശീയ വനിത കമ്മീഷന്‍ അംഗവും ബി.ജെ.പി നേതാവുമായ ഖുശ്ബുവും തന്റെ അച്ഛനില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

എട്ടാം വയസില്‍ തന്റെ അച്ഛനില്‍ നിന്ന നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് സ്വാതിയുടെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.

Content Highkight: delhi womencommission chairman swathi malival says about sexual harrasment