കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം; മൂന്നുറണ്‍സ് അകലെ സെഞ്ചുറി നഷ്ടപ്പെട്ട് ധവാന്‍
IPL 2019
കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം; മൂന്നുറണ്‍സ് അകലെ സെഞ്ചുറി നഷ്ടപ്പെട്ട് ധവാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2019, 11:54 pm

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് കീഴടക്കിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഐ.പി.എല്‍ ഈ സീസണിലെ നാലാം ജയം. അര്‍ഹിച്ച സെഞ്ചുറി മൂന്നു റണ്‍സ് അകലെ നഷ്ടപ്പെട്ടെങ്കിലും ഡല്‍ഹിയുടെ വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റ് അവകാശപ്പെടാനുള്ളത് ശിഖര്‍ ധവാനാണ്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ആധികാരികമായി ഡല്‍ഹി മറികടന്നത്. ഓപ്പണറായി ഇറങ്ങി 63 പന്തില്‍ 97 റണ്‍സെടുത്ത ധവാന്‍, വിജയറണ്‍ സഹതാരം കോളിന്‍ ഇന്‍ഗ്രാം നേടുന്നതിനു സാക്ഷിയായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്നു.

ധവാനു പുറമേ 31 പന്തില്‍ 46 റണ്‍സ് നേടിയ ഋഷഭ് പന്തും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായി.

ധവാന്‍-പന്ത് കൂട്ടുകെട്ട് പൊളിക്കാന്‍ എട്ട് ബൗളര്‍മാരെയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് മാറിമാറി പരീക്ഷിച്ചത്. എന്നാല്‍ ആറാം ഓവറില്‍ തുടങ്ങിയ കൂട്ടുകെട്ട് പൊളിക്കാനായത് 18-ാം ഓവറിലാണ്. അതും പാര്‍ട് ടൈം ബൗളറായ നിതീഷ് റാണയ്ക്ക്.

നേരത്തേ ടോസ് നേടിയ ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യറിന്റെ തീരുമാനം ശരിവെയ്ക്കും വിധമായിരുന്നു ആദ്യ ഓവറിലെ ആദ്യ പന്ത്. ജോ ഡെന്‍ലിയെ ആദ്യ പന്തില്‍ത്തന്നെ ഇഷാന്ത് ശര്‍മ ബൗള്‍ഡാക്കിയെങ്കിലും ശുഭ്മാന്‍ ഗില്‍ (39 പന്തില്‍ 65), ആേ്രന്ദ റസ്സല്‍ (21 പന്തില്‍ 45), റോബിന്‍ ഉത്തപ്പ (28) എന്നിവര്‍ കൊല്‍ക്കത്തയെ സുരക്ഷിതമായ സ്‌കോറിലെത്തിച്ചു.

ഡല്‍ഹിക്കുവേണ്ടി ക്രിസ് മോറിസ്, കാഗിസോ റബാഡ, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നത്തെ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഈ സീസണില്‍ 11 വിക്കറ്റുകളുമായി റബാഡ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി.

ഏഴു മത്സരങ്ങളില്‍ നിന്ന് നാലാം ജയം നേടിയ ഡല്‍ഹി നാലാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളില്‍ നിന്ന് അത്രയും ജയങ്ങളുള്ള കൊല്‍ക്കത്ത റണ്‍നിരക്കിന്റെ പിന്‍ബലത്തില്‍ രണ്ടാം സ്ഥാനത്താണ്.