മോദിയുടെ വിദ്യാഭ്യാസ രേഖകള്‍  മുദ്രവച്ച് സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല: ദല്‍ഹി സര്‍വകലാശാല വിസി
Daily News
മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ മുദ്രവച്ച് സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല: ദല്‍ഹി സര്‍വകലാശാല വിസി
ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2016, 7:11 am

certificate

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ രേഖകള്‍  മുദ്രവച്ച് സൂക്ഷിക്കാന്‍  നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി ദല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗി.

മോദിയുടെ   വിദ്യാഭ്യാസ രേഖകള്‍  മുദ്രവച്ച് സൂക്ഷിക്കാന്‍  നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അത്തരത്തില്‍ ഒരു പ്രവൃത്തി ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ച് ഒന്നും തനിക്ക് അറിയില്ലെന്നും ത്യാഗി പറഞ്ഞു.

അതേസമയം മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ എന്ന പേരില്‍  ബിജെപി  നേതാക്കളായ അമിത് ഷായും അരുണ്‍ ജെയ്റ്റിലിയും പുറത്തുവിട്ട ബിരുദ രേഖകളുടെ ആധികാരികത സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ ത്യാഗി തയ്യാറായില്ല.

കേന്ദ്രവിവരാവകാശ കമ്മീഷനില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു ഓര്‍ഡര്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച് മറുപടി നല്‍കിയിട്ടുണ്ട്.

രേഖകള്‍ മുദ്രവച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശം ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും ത്യാഗി പ്രതികരിച്ചു.

വിവരാവകാശ കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് ആംആദ്മി ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്‍ സര്‍വകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും പരിശോധിച്ച് മറുപടി നല്‍കുമെന്നും ത്യാഗി വ്യക്തമാക്കി.

രേഖകള്‍ മുദ്രവച്ച് സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പുറത്തുവിട്ടതെന്നുമുള്ള ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ   വിമര്‍ശനത്തിനാണ് ത്യാഗി മറുപടി നല്‍കിയത്.