എഡിറ്റര്‍
എഡിറ്റര്‍
കോളേജിലും ഹോസ്റ്റലിലും മാന്യമായി വസ്ത്രം ധരിക്കണം; ദല്‍ഹി യൂണിവേഴ്‌സിറ്റി സര്‍ക്കുലര്‍ വിവാദമാകുന്നു
എഡിറ്റര്‍
Sunday 30th April 2017 10:30am

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കായി ദല്‍ഹി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമാകുന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റി സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്‌മെന്റാണ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

എന്നാല്‍ സംഗതി വിവാദമായതോടെ സര്‍ക്കുലര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമാണന്നാണ് അതോറിറ്റിയുടെ വിശദീകരണം. ഏപ്രില്‍ 27 നാണ് ഡിപാര്‍ട്‌മെന്റ് നോട്ടീസ് ബോര്‍ഡില്‍ സര്‍ക്കുലര്‍ പതിപ്പിച്ചത്.

ഹോസ്റ്റലിലെ കോമണ്‍ റൂമില്‍ പ്രവേശിക്കുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളും മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോമണ്‍ റൂമില്‍ വെച്ച് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ വഴക്കുണ്ടാക്കാനോ പാടില്ലെന്നും അത്തരത്തിലുള്ള എല്ലാ നടപടികളും കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടി കൈക്കൊള്ളുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അതേസമയം സര്‍ക്കുലര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് ഇറക്കിയതെന്നും ഹോസ്റ്റല്‍ കോമണ്‍ മുറിയില്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പെരുമാറരുതെന്ന കാര്യമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നുമാണ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍മെന്റ് തലവന്‍ നീര അഗ്നിമിത്ര പറയുന്നത്.


Dont Miss ഇ.വി.എം എന്നാല്‍ ‘Every Vote Modi’ എന്നാണെന്ന് യോഗി ആദിത്യനാഥ് 


ചില ആണ്‍കുട്ടികള്‍ അല്പവസ്ത്രം ധരിച്ച് ഹോസ്റ്റല്‍ കോമണ്‍ റൂമില്‍ കിടന്നുറങ്ങുന്നത് ബുദ്ധിമുട്ടാണെന്ന് കാണിച്ച് ചില വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് അഡൈ്വസറി കമ്മിറ്റി സര്‍ക്കുലര്‍ ഇറക്കിയതെന്നും അവര്‍ പറയുന്നു.

അടുത്തിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ ശരീരഭാഗം മുഴുവന്‍ മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി ഐ.ഐടി കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നത്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

ശരീരം മുഴുവന്‍ മറയുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നും ഇന്ത്യന്‍ വസ്ത്രധാരണ രീതിയോ വെസ്‌റ്റേണ്‍ ഡ്രസിങ് രീതിയോ പിന്തുടരാമെന്നുമായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

Advertisement