'ഇവിടെ കിടന്ന് നിലവിളിക്കരുത്, ബഹളമുണ്ടാക്കാതെ വീട്ടില്‍ പോയിരിക്ക്'; പൂജാരിയ്‌ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് ബാലികയുടെ അമ്മ
national news
'ഇവിടെ കിടന്ന് നിലവിളിക്കരുത്, ബഹളമുണ്ടാക്കാതെ വീട്ടില്‍ പോയിരിക്ക്'; പൂജാരിയ്‌ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് ബാലികയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th August 2021, 3:47 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 9 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെറുതെ വിടരുതെന്ന് കുട്ടിയുടെ അമ്മ. കുട്ടിയെ മരിച്ച നിലയില്‍ കണ്ടയുടനെ സംസ്‌കരിക്കണമെന്ന് തിരക്കുകൂട്ടിയ പൂജാരി രാധേ ശ്യാമിനെതിരെയും നിര്‍ണായക വെളിപ്പെടുത്തലുകളാണ് പെണ്‍കുട്ടിയുടെ അമ്മ നടത്തിയത്.

‘ ഇവിടെ കിടന്ന് നിലവിളിക്കരുത്. എല്ലാം കഴിഞ്ഞു. ബഹളമുണ്ടാക്കാതെ വീട്ടില്‍ പോകുവെന്നാണ് കുട്ടിയുടെ സംസ്‌കാരത്തിന് ശേഷം ഞങ്ങളുടെ അടുത്തെത്തിയ പൂജാരി പറഞ്ഞത്.

കുട്ടിയ മരിച്ച നിലയില്‍ കണ്ടപ്പോള്‍ തന്നെ പൊലീസിനെ വിളിക്കാന്‍ ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ പൊലീസില്‍ അറിയിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പൂജാരി പറഞ്ഞത്.

പൊലീസില്‍ അറിയിച്ചാല്‍ പിന്നെ കേസ് ആകുമെന്നും അതിന് പിറകേ നടക്കേണ്ടി വരുമെന്നും അയാള്‍ പറഞ്ഞു. അതൊന്നും താങ്ങാന്‍ ഞങ്ങളെ കൊണ്ട് ആകില്ലെന്നും അതിനാല്‍ കുട്ടിയുടെ സംസ്‌കാരം ഇപ്പോള്‍ നടത്താമെന്നും അയാള്‍ പറഞ്ഞു.

2 മണിക്കൂറിനുള്ളില്‍ അയാളും ശ്മശാനത്തിലെ മറ്റ് ജീവനക്കാരും ചേര്‍ന്ന് സംസ്‌കാരം നടത്തുകയായിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് കുട്ടിയുടെ ചിതാഭസ്മം വീട്ടിലെത്തിക്കാമെന്നും അതിനായി ശ്മാശാനത്തിലേക്ക് വരണ്ട എന്നും അയാള്‍ പറഞ്ഞു.

ശ്മശാനത്തിലേക്ക് കയറാന്‍ ഞങ്ങളെ അനുവദിച്ചില്ല. അകലെ നിര്‍ത്തിയാണ് അയാള്‍ കര്‍മ്മം ചെയ്തത്. സഹിക്കാനാവാതെ ഞാന്‍ എന്റെ ബന്ധുക്കളെ വിളിച്ച് പറഞ്ഞു. അവര്‍ രാത്രി തന്നെയെത്തി ചിതയില്‍ വെള്ളം കോരിയൊഴിക്കുകയായിരുന്നു,’ കുട്ടിയുടെ അമ്മ പറഞ്ഞു.

ദല്‍ഹി നങ്കലിലാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പൂജാരി രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്.

പ്രദേശത്തെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെയെത്തിയ പൂജാരി കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന് അമ്മയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പൂജാരി അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയെ ശ്മശാനത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനുപിന്നാലെ പൂജാരി രാധേ ശ്യാമിനെ കൂടാതെ ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights; Delhi Rape Case Mother Reveals Aganist Accused