ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
നഴ്‌സറി കുട്ടികളെ സ്‌കൂള്‍ ബേസ്‌മെന്റില്‍ പൂട്ടിയിട്ട സംഭവം; അരവിന്ദ് കെജ്‌രിവാള്‍ റിപ്പോര്‍ട്ട് തേടി
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 9:08pm

ന്യൂദല്‍ഹി: ഫീസടച്ചില്ലെന്ന കാരണത്താല്‍ നഴ്‌സറി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ബേസ്‌മെന്റില്‍ പൂട്ടിയിട്ട വിഷയത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കുട്ടികളോടുള്ള മനുഷ്യതരഹിതമായ പെരുമാറ്റത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കു നേരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ബലിറാമിലുള്ള റബിയ ഗേള്‍സ് പബ്ലിക് സ്‌കൂളിനെതിരെയാണ് മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മാസം തോറും അടയ്‌ക്കേണ്ട സ്‌കൂള്‍ ഫീസ് മാതാപിതാക്കള്‍ അടച്ചില്ലെന്ന കാരണത്താലാണ് നാലും അഞ്ചും വയസ്സുള്ള 16 വിദ്യാര്‍ത്ഥികളെ ബേസ്‌മെന്റില്‍ നാല് മണിക്കൂര്‍ പൂട്ടിയിട്ടതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.


READ ALSO :  ഭാരത് ബന്ദിന്റെ രണ്ടാം ഘട്ടം കൂടുതല്‍ കടുക്കും: മോദി സര്‍ക്കാരിനെതിരെ ദളിതര്‍ക്കൊപ്പം കര്‍ഷകരും വിമുക്തഭടന്മാരും അണിചേരുമെന്ന് സംഘാടകര്‍


രാവിലെ 7.30 മുതല്‍ 12.30 വരെയാണ് സ്‌കൂള്‍ സമയം. ഈ സമയം വിദ്യര്‍ത്ഥികളെ അടച്ചിട്ടതായി സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. കുട്ടികളെ തിരിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളെ തുറന്നുവിട്ടതെന്നും മാനേജ്‌മെന്റ് നിര്‍ദ്ദേശപ്രകാരം ഇവരുടെ ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും അറിയാന്‍ കഴിഞ്ഞതായി മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കളുടെ പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കു പൊലീസ് നോട്ടീസയച്ചിട്ടുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കുട്ടികള്‍ക്കു കളിക്കാനുള്ള മുറി മാത്രമാണ് ബേസ്‌മെന്റിലുള്ളതെന്നും അവിടെ വിദ്യാര്‍ത്ഥികളോടൊപ്പം രണ്ട് അധ്യാപകര്‍ ഉണ്ടായിരുന്നെന്നും പ്രിന്‍സിപ്പളായ ഫറാ ദിബാ മാധ്യമങ്ങളോട് അറിയിച്ചു.


READ ALSO:  മണിപ്പൂരില്‍ ശക്തമായ മണ്ണിടിച്ചില്‍; കുട്ടികളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു


ഫീസ് അടച്ചതിന്റെ രേഗകളുമായാണ് പല മാതാപിതാക്കളും രംഗത്തുവന്നത്. പക്ഷെ സ്‌കൂള്‍ രേഖകളില്‍ ഫീസ് അടച്ച വിവരം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വാദം.

ഫീസ് അടച്ച രേഖ അതതു അധ്യാപകരുടെ കയ്യില്‍ മാതാപിതാക്കള്‍ എത്തിച്ചിരുന്നില്ലെന്നും അധികൃതര്‍ ആരോപിച്ചു. എന്നാല്‍ എല്ലാ മാസവും 11ാം തീയിതയാണ് ഫീസടച്ച രസീത് അധ്യാപകര്‍ക്കു എത്തിക്കേണ്ടതെന്നും പക്ഷെ ഇതു സംബന്ധിച്ച നോട്ടീസുകളൊന്നും മുന്‍പ് ലഭിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ അറിയിച്ചു.

Advertisement