എഡിറ്റര്‍
എഡിറ്റര്‍
ആനി രാജക്ക് നേരെ ആക്രമണം; അക്രമിച്ചത് ചേരി ഒഴിപ്പിക്കുന്നത് തടയാന്‍ ചെന്നപ്പോള്‍
എഡിറ്റര്‍
Monday 30th October 2017 8:27pm

 

ന്യൂദല്‍ഹി: സി.പി.ഐ നേതാവ് ആനി രാജക്ക് നേരെ പൊലീസ് ആക്രമണം. ദല്‍ഹിയില്‍ ചേരി ഒഴിപ്പിക്കുന്നിടത്ത് ചെന്നപ്പോളായിരുന്നു ആനി രാജക്കെതിരെ ആക്രമണം നടന്നത്.

തൊഴിലാളികള്‍ പാര്‍ക്കുന്ന ചേരി പൊളിക്കാന്‍ ബുള്‍ഡോസറുകളും മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയ ദല്‍ഹി പൊലീസിനെ ആനി രാജയടക്കമുള്ള നേതാക്കള്‍ തടയുകയായിരുന്നു.

തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് ആനി രാജക്ക് പരിക്കേറ്റത്.  കൈക്കും തലക്കും പരിക്കേറ്റ ആനി രാജയെ ആര്‍.എം.എല്‍ ഹോസ്പിറ്റിലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്


Also Read: മലബാറിലെ മുസ്‌ലീങ്ങള്‍ യാഥാസ്ഥിതികരാണെന്ന പ്രചാരണം തെറ്റെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു: മലപ്പുറത്തുണ്ടായ അനുഭവം വിവരിച്ച് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ


മര്‍ദ്ദനമേറ്റ് നിലത്തുവീണ ആനിരാജയെ പ്രദേശവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ബംഗാള്‍, ബിഹാര്‍, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാലായിരത്തിലേറെ കലാകാരന്‍മാര്‍ കഴിയുന്ന പ്രദേശമാണിത്.

ഈ കോളനി ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പകരം സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അന്തേവാസികള്‍ പ്രതിഷേധത്തിലായിരുന്നു. കോളനി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഐയും രംഗത്തെത്തി.

റിയല്‍ എസ്റ്റേറ്റ് കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ഡി.ഡി.എയും പൊലീസും സ്വീകരിക്കുന്നതെന്ന് ആനിരാജ പറഞ്ഞു. 70 വര്‍ഷമായി ഇവിടെ കഴിയുന്ന കലാകാരന്‍മാരെയാണ് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്.

പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. ആനി രാജ ഉള്‍പ്പെടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു.

കോളനിയിലുള്ള വീടുകളടക്കമുള്ളവ പൊളിച്ചുമാറ്റാനാണ് ഡി.ഡി.എ സംഘം തീരുമാനിച്ചത്. ഷെഡുകള്‍ പൊളിച്ചുമാറ്റിയ സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നാണ് അധികൃതരുടെ വാഗ്ദാനം.

Advertisement