എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന രാകേഷ് അസ്താനയുടെ ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളി: പത്താഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം
national news
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന രാകേഷ് അസ്താനയുടെ ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളി: പത്താഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 3:42 pm

 

ന്യൂദല്‍ഹി: തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐയിലെ രണ്ടാമന്‍ രാകേഷ് അസ്താന നല്‍കിയ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. പത്ത് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കി.

സി.ബി.ഐ ഡയറക്ടറായിരുന്ന രാകേഷ് വര്‍മ്മയ്ക്കുവേണ്ടിയാണ് തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാരോപിച്ചാണ് അസ്താന കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് നജ്മി വസീരിയാണ് കേസ് പരിഗണിച്ചത്. ഡിസംബര്‍ 20ന് ഹരജിയില്‍ കോടതി വാദം പൂര്‍ത്തിയാക്കിയിരുന്നു. ഹരജിയില്‍ അസ്താനയും പുറത്താക്കപ്പെട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവേന്ദര്‍ കുമാറിന്റെയും സി.ബി.ഐയുടെയും ഭാഗം കേട്ടിരുന്നു.

വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള ആരോപണം. ഒക്ടോബര്‍ 15നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് വാക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയതായി വ്യവസായി സതീഷ് സന മജിസ്‌ട്രേറ്റിനു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. അഞ്ചുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സതീഷ് സനയുടെ മൊഴി. തുടര്‍ന്നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Also read:സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെ അലോക് വര്‍മ്മ രാജിവെച്ചു; പുതിയ പദവി ഏറ്റെടുക്കില്ല

ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ മനോജ് പ്രസാദ് ഈ ഇടപാടില്‍ ഇടനിലക്കാരനായി നിന്നിരുന്നു. ഇയാളെ ഒക്ടോബര്‍ 16ന് അറസ്റ്റു ചെയ്തിരുന്നു.

മനോജ് പ്രസാദിന്റെ അറസ്റ്റിനു പിന്നാലെ സി.ബി.ഐ ഒമ്പതു ഫോണ്‍കോളുകള്‍ പരിശോധിച്ചെന്നാണ് അവകാശപ്പെടുന്നത്. അസ്താനയും ഇന്റലിജന്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും തമ്മിലുള്ളതാണ് ഈ ഫോണ്‍ സംഭാഷണങ്ങള്‍. മനോജ് പ്രസാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളായിരുന്നു ഇവര്‍ സംസാരിച്ചത്.

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സതീഷ് സനയും അസ്താനയും തമ്മില്‍ നേരിട്ടു കണ്ടതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ അസ്താനയ്ക്ക് രണ്ടുകോടി കൈക്കൂലി നല്‍കിയതായി സതീഷ് സന മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്.

അസ്താന അഴിമതി നടത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു സി.ബി.ഐ വിശദീകരണം.