ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി.ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
national news
ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി.ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 3:28 pm

ന്യൂദല്‍ഹി: അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് മൂന്‍കൂര്‍ ജാമ്യമില്ല. ദല്‍ഹി ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യം. മുന്‍കൂര്‍ ജാമ്യം തള്ളികൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇ.ഡിക്കും സി.ബി.ഐക്കും വേണമെങ്കില്‍ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിയും. നടപടിയില്‍ ചിദംബരം സുപ്രീം കോടതിയെ സമീപിച്ചേക്കും.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഇതില്‍ സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ഇ.ഡി. ചോദ്യംചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ ഐ.എന്‍.എക്‌സ്. മീഡിയ, അതിന്റെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്.