ഗെയ്‌ലിന്റെ വെടിക്കെട്ട് പാഴായി; ക്യാപ്റ്റന്റെ മികവില്‍ ക്യാപിറ്റല്‍സ്
IPL 2019
ഗെയ്‌ലിന്റെ വെടിക്കെട്ട് പാഴായി; ക്യാപ്റ്റന്റെ മികവില്‍ ക്യാപിറ്റല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st April 2019, 12:02 am

ന്യൂദല്‍ഹി: ശനിയാഴ്ച ക്യാപ്റ്റന്മാരുടെ ദിനമായിരുന്നു ഐ.പി.എല്ലില്‍. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്പിയെങ്കില്‍ രണ്ടാംമത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യറാണ് ദല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്കു നയിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ദല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദല്‍ഹിയുടെ ജയം.

അവസാന ഓവറിലെ നാലാം പന്ത് വരെ നീണ്ട മത്സരത്തില്‍ ശ്രേയസ്സ് അയ്യര്‍ (58 നോട്ടൗട്ട്) ഓപ്പണര്‍ ശിഖര്‍ ധവാന്‍ (56) എന്നിവര്‍ നേടിയ അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് പഞ്ചാബ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി മറികടന്നത്.

പഞ്ചാബിനുവേണ്ടി ഹര്‍ഡസ് വില്‍ജോ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.

നേരത്തേ ടോസ് നേടിയ ദല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്രിസ് ഗെയ്‌ലിന്റെ (37 പന്തില്‍ 69) വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയത്. മന്‍ദീപ് സിങ് (30), ഹര്‍പ്രീത് ബ്രാര്‍ (12 പന്തില്‍ 20) എന്നിവരും പഞ്ചാബിനായി മികച്ച രീതിയില്‍ ബാറ്റ് വീശി.

ദല്‍ഹിക്കുവേണ്ടി സന്ദീപ് ലാമിഷേന്‍ മൂന്ന് വിക്കറ്റും കാഗിസോ റബാഡ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

10 മത്സരങ്ങളില്‍ നിന്ന് ആറ് ജയമുള്ള ദല്‍ഹി മൂന്നാം സ്ഥാനത്തും അത്രയും മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമുള്ള പഞ്ചാബ് നാലാമതുമാണ്.