ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ കൊവിഡ് ഭീതി ഉടലെടുക്കുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദല്‍ഹി ടീം മുഴുവന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ടീം ഫിസിയോ പാട്രിക് ഫാര്ഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഓള് റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് കൊവിഡ് സ്ഥിരീകരിച്ചതായി അറിയുന്നത്.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 ഐ.പി.എല്‍ പൂര്‍ണമായും 2021 സീസണിലെ പകുതി മത്സരങ്ങളും ഇന്ത്യയ്ക്ക് വെളിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്.
കൊവിഡ് ഭീതി ഒഴിഞ്ഞതിന് പിന്നാലെ കാണികളെ പ്രവേശിപ്പിച്ച് മത്സരം വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് വെള്ളിടിയായി പുതിയ വാര്‍ത്തയും എത്തിയിരിക്കുന്നത്.
കൊവിഡ് ഭീതിയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വാംഖഡെ, ഡി.ബി പാട്ടീല്‍ സ്റ്റേഡിയം തുടങ്ങിയവയായിരുന്നു ഐ.പി.എല്ലിന്റെ പ്രധാന വേദികള്‍.
നോക്കൗട്ട് മത്സരങ്ങള്‍ ലഖ്നൗവിലും അഹമ്മദാബാദിലും വെച്ച് നടത്താനും നേരത്തെ തീരുമാനമുണ്ടായിരുന്നു.
എന്നാലിപ്പോള്‍, ടൂര്‍ണമെന്റിന്റെ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലാവുന്ന കാഴ്ചയാണ് കാണുന്നത്. ഒരുപക്ഷേ ഐ.പി.എല്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യവും ഉടലെടുത്തേക്കാം.