വിശ്വാസ വോട്ടെടുപ്പിന് മുമ്പ് പരാജയം സമ്മതിച്ചു; ഇസ്രാഈലില്‍ 12 വര്‍ഷം നീണ്ടുനിന്ന നെതന്യാഹു യുഗത്തിന് തിരശ്ശീല
World News
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് പരാജയം സമ്മതിച്ചു; ഇസ്രാഈലില്‍ 12 വര്‍ഷം നീണ്ടുനിന്ന നെതന്യാഹു യുഗത്തിന് തിരശ്ശീല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th June 2021, 8:12 pm

ജറുസലേം: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്ക്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നെതന്യാഹു പരാജയം സമ്മതിച്ചു. ഇതുസംബന്ധിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം നന്ദിയറിച്ച് രംഗത്തെത്തി. ഇസ്രാഈലില്‍ പുതിയ മന്ത്രിസഭ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇതോടെ പ്രധാനമന്ത്രി പദം ഉറപ്പിച്ചിരിക്കുകയാണ് നഫ്താലി ബെന്നറ്റ്.

തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. എട്ട് പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം. ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകും. ഇതോടെ 12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് ഇസ്രാഈലില്‍ തിരശ്ശീലവീഴുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രാഈലില്‍ നടന്നത്. മാര്‍ച്ചില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷം നേടാനായതോടെയാണു നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നത്.

ഈ സഖ്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തീവ്ര മതവാദികളും മതേതരവാദികളുമുണ്ട്. സഖ്യത്തിലെ പാര്‍ട്ടികളില്‍ ചിലര്‍ സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്നവരും മറ്റു ചിലര്‍ അതിശക്തമായി എതിര്‍ക്കുന്നവരുമാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വോട്ടെടുപ്പില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ആകെയുള്ള 120 സീറ്റില്‍ 61 സീറ്റുകള്‍ നേടിയ ലികുഡ് പാര്‍ട്ടി താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

1996 മുതല്‍ 1999 വരെയും പിന്നീട് 2009 മുതലും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന നെതന്യാഹു രണ്ട് വര്‍ഷത്തിനുള്ളില്‍ നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Defeat conceded before confidence vote; The curtain falls on the 12-year Netanyahu era in Israel