'എല്ലാ മോദിമാരും കള്ളന്മാരാണ്': രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പരാതി കൊടുത്ത് 'മറ്റൊരു മോദി'
national news
'എല്ലാ മോദിമാരും കള്ളന്മാരാണ്': രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പരാതി കൊടുത്ത് 'മറ്റൊരു മോദി'
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 11:00 pm

ഭോപ്പാൽ: ‘എല്ലാ മോദിമാരും കള്ളന്മാരാണ്'(സാരേ മോദി ചോർ ഹേ) എന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അപകീർത്തിക്കേസ്. പ്രദീപ് മോദി എന്നയാളാണ് ഭോപ്പാലിലെ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് കൊടുത്തത്.

രാഹുലിന്റെ പരാമർശം കാരണം താൻ ഒരുപാട് അപമാനം സഹിക്കേണ്ടി വന്നുവെന്നും എല്ലാവരും തന്നോട് താൻ കള്ളനാണോയെന്ന് ചോദിച്ചെന്നും പ്രദീപ് മോദി പറയുന്നു. അപമാനം താങ്ങാൻ വയ്യാതെയാണ് താൻ കേസ് കൊടുക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു.

ഏപ്രിൽ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്‌ഷ്യം വെച്ചുകൊണ്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഇക്കാര്യം പറയുന്നത്. ‘എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എല്ലാ കള്ളന്മാർക്കും പേരിൽ ‘മോദി’ എന്നുള്ളത് എന്ത്‌കൊണ്ടാണ്? നീരാവി മോദി ആയാലും, ലളിത് മോദി ആയാലും, നരേന്ദ്ര മോദി ആയാലും എല്ലാം അങ്ങനെ തന്നെ. ഇനിയും ഇങ്ങനെ എത്ര മോദിമാർ രംഗത്ത് വരുമെന്ന് പ്രവചിക്കാൻ പറ്റില്ല.’ രാഹുൽ പറഞ്ഞു.

ഈ പരാമർശമാണ് പ്രദീപ് മോദിയുടെ അപമാനത്തിന് ഹേതുവായത്. ‘നിങ്ങൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ പറയണമെങ്കിൽ അത് ആ പ്രത്യേക വ്യക്തിയോട് തന്നെ പറയണം. ഒരു പ്രത്യേക സമൂഹത്തെ ലക്‌ഷ്യം വെച്ച് അത് പറയുന്നത് തെറ്റാണ്. ഞാൻ ഇന്ന് കോടതിയിൽ എത്തിയപ്പോഴും എന്റെ ഏതാനും സുഹൃത്തുക്കൾ എന്നെ കളിയാക്കി. ഇതിൽ മനംനൊന്താണ് ഞാൻ പരാതി നൽകിയത്.’ പ്രദീപ് മോദി പറയുന്നു.

ഈ പരാമർശം നടത്തിയത് വഴി രാഹുൽ ഗാന്ധി ഒരു വംശത്തെ മുഴുവൻ കള്ളന്മാരായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് പ്രദീപ് മോദിയുടെ വക്കീലും പറയുന്നു. മേയ് ഒന്നിനാണ് രാഹുലിനെതിരെയുള്ള അപകീർത്തിക്കേസ് പരിഗണിക്കുക.