അറിയാതെ പറ്റിയതാണ്; ലിജോയെ അവഹേളിച്ചുള്ള പോസ്റ്റ് പിന്‍വലിച്ച് ബസൂക്കയുടെ സംവിധായകന്‍ ഡിനോ ഡെന്നീസ്
Entertainment
അറിയാതെ പറ്റിയതാണ്; ലിജോയെ അവഹേളിച്ചുള്ള പോസ്റ്റ് പിന്‍വലിച്ച് ബസൂക്കയുടെ സംവിധായകന്‍ ഡിനോ ഡെന്നീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 1:01 pm

മലയാളികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി നായകനാകുന്ന ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകന്‍ ഡിനോ ഡെന്നീസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

കഴിഞ്ഞ മാസം റിലീസായ സിനിമയായിരുന്നു മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍. വന്‍ ഹൈപ്പില്‍ വന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ആദ്യ ദിനം സിനിമക്ക് നെഗറ്റീവ് റിവ്യൂകള്‍ ആയിരുന്നു വന്നത്. അതുമായി ബന്ധപ്പെട്ട് വാലിബന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് ഡിനോയെ വിവാദത്തിലാക്കിയത്.

വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും, അറിയാതെ കൈ തട്ടി പോസ്റ്റ് ഷെയര്‍ ചെയ്തതുമാണെന്ന വിശദീകരണവുമായി ഡിനോ ഡെന്നീസ് രംഗത്തെത്തുകയും ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തു. സംവിധായകനെതിരെ നിരവധി ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്.

പോസ്റ്റ് ഷെയര്‍ ചെയ്യണമെങ്കില്‍ രണ്ട് തവണ പ്രസ്സ് ചെയ്യണമെന്നും, രണ്ട് തവണ എങ്ങനെ അറിയാതെ സംഭവിക്കും എന്നാണ് പലരുടെയും ചോദ്യം. വിവാദത്തെക്കുറിച്ച് സിനിമാ ഇന്‍ഡസ്ട്രിയിലെ ആരും തന്നെ ഇതുവരെ പ്രതികരിച്ചില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ ഡെന്നീസ്.

Content Highlight: Deeno Dennis deleted the Facebook post about  Lijo Jose Pellissery