എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനില്‍ അമീബ മരണം വിതയ്ക്കുന്നു
എഡിറ്റര്‍
Wednesday 10th October 2012 12:25am

ഇസ്‌ലാമാബാദ്: മസ്തിഷ്‌കത്തെ കാര്‍ന്നുതിന്നുന്ന ഒരിനം അമീബ പാക്കിസ്ഥാനില്‍ മരണം വിതയ്ക്കുന്നു. നെഗ്ലേറിയ ഫൊലേറി എന്ന അമീബ ബാധ കഴിഞ്ഞ അഞ്ചുമാസത്തിനിടെ 10പേരുടെ മരണത്തിനിടയാക്കിയതായി ലോകാരോഗ്യ സംഘടന വക്താവ് ഡോ.മുസാ ഖാന്‍ അറിയിച്ചു.

Ads By Google

ജൂലൈ മുതലാണ് ഈ രോഗബാധ ശ്രദ്ധയില്‍പ്പെടുന്നത്. പൊതു കുളങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്. ഈ മാസം ഇതിനോടകം നെഗ്ലേറിയ ഫൊലേറി എന്ന അമീബാ ബാധിച്ച് 3 പേരുടെ മരണം സ്ഥിരീകരിച്ചതായി സിന്ധ് ആരോഗ്യമന്ത്രി സഗീര്‍ അഹമ്മദ് അറിയിച്ചു.

ഈ രോഗം ബാധിച്ചാല്‍ മരണ സാധ്യത 98ശതമാനമാണ്. മാലിന്യം കലര്‍ന്ന വെള്ളം വഴി മൂക്കിലൂടെയാണ് ഇത് പകരുക. രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരില്ല.

മൂക്കിലെ സ്തരം വഴി ഇവ തലച്ചോറിലേക്കാണ് എത്തുന്നത്. തലവേദന, കഴുത്ത് വേദന, പനി, വയറു വേദന എന്നിങ്ങനെ ലഘുവായ രോഗലക്ഷണങ്ങളോടെയായിരിക്കും തുടക്കം. രോഗം ബാധിച്ച് അഞ്ചു മുതല്‍ ഏഴുവരെ ദിവസം കൊണ്ട് മരണം സംഭവിക്കും.

പാക്കിസ്ഥാനില്‍ കണ്ടെത്തിയ പത്തു കേസുകളും കറാച്ചിയില്‍ നിന്നാണ്  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇളംചൂടുള്ളതും മാലിന്യം കലര്‍ന്നതുമായ ജലത്തിലാണ് ഈ അമീബ കണ്ടുവരുന്നത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ പ്രധാന ജലസേചന മാര്‍ഗങ്ങളില്‍ ക്ലോറിന്‍ കലര്‍ത്തി അമീബയെ നശിപ്പിക്കാനുള്ള അടിയന്തര നടപടിയാണ് പാക് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

2002നും 2011നുമിടയില്‍ അമേരിക്കയില്‍ 32പേര്‍ക്ക് രോഗം ബാധിച്ചതായി അമേരിക്കയുടെ രോഗനിയന്ത്രണ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

Advertisement