ഗംഭീര തിരിച്ചുവരവ്; ബൗളിങ് മികവില്‍ ഡല്‍ഹി
IPL 2019
ഗംഭീര തിരിച്ചുവരവ്; ബൗളിങ് മികവില്‍ ഡല്‍ഹി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2019, 11:54 pm

ഹൈദരാബാദ്: സുരക്ഷിതമായ നിലയില്‍ നിന്ന് അപ്രതീക്ഷിതമായി തകര്‍ന്നടിയുന്നതിന്റെ വേദനയെന്തെന്ന് അറിയില്ലെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ചോദിച്ചാല്‍ മതി. അത്രയധികം അപ്രതീക്ഷിതമായിരുന്നു ഡല്‍ഹി കാപിറ്റല്‍സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.

39 റണ്‍സിന്റെ ജയം സൂചിപ്പിക്കുന്നതുപോലെ ആധികാരികമായിരുന്നില്ല ഒരു ഘട്ടത്തില്‍ ഡല്‍ഹിയുടെ സ്ഥിതി.

156 റണ്‍സിന്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഹൈദരാബാദ് ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 72 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് ചീട്ടുകൊട്ടാരം തകരുന്നതുപോലെ ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയപ്പോള്‍ 116 റണ്‍സിന് ഹൈദരാബാദ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഓപ്പണിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ (51), ജോണി ബെയര്‍സ്‌റ്റോ (41) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് ഇന്നിങ്‌സില്‍ രണ്ടക്കം കടന്നത്. 3.5 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത റബാഡ, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ ചേര്‍ന്ന് ഹൈദരാബാദിനെ ചുരുട്ടിക്കെട്ടി.

മധ്യനിരയെ കീമോ പോള്‍ തകര്‍ത്തെങ്കില്‍ അപരാജിതമായ നിലയില്‍ മുന്നേറിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും വാലറ്റവും റബാഡയ്ക്കു മുന്നില്‍ തകര്‍ന്നു വീണു. കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയ മോറിസും വിജയത്തില്‍ നിര്‍ണായകമായി.

നേരത്തേ ടോസ് നേടിയ ഹൈദരാബാദ് ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അവസാന ഓവറുകള്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ ഡല്‍ഹിയെ 155 റണ്‍സില്‍ തളയ്ക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ (45), കോളിന്‍ മണ്‍റോ (40) എന്നിവര്‍ ഡല്‍ഹിക്കായി മികച്ച രീതിയില്‍ ബാറ്റ് വീശി. ഖലീല്‍ അഹമ്മദ് ഹൈദരാബാദിനുവേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടെണ്ണം എറിഞ്ഞിട്ടു.

വിജയത്തോടെ എട്ടു കളികളില്‍ നിന്ന് അഞ്ചു ജയത്തോടെ ഡല്‍ഹി രണ്ടാം സ്ഥാനത്തും തോല്‍വിയോടെ ഏഴു കളികളില്‍ മൂന്നു വിജയത്തോടെ ഹൈദരാബാദ് ആറാം സ്ഥാനത്തുമായി.