Administrator
Administrator
ഡേവിയെ വിട്ടുകിട്ടാല്‍ കേന്ദ്രം ശ്രമം തുടരും
Administrator
Friday 8th July 2011 2:03pm

ന്യൂദല്‍ഹി: പുരുലിയ ആയുധവര്‍ഷക്കേസിലെ മുഖ്യപ്രതിയും ഡെന്‍മാര്‍ക്ക് പൗരനുമായ കിം ഡേവിയെ ഇന്ത്യക്ക് വിചാരണക്കായി വിട്ടുകിട്ടുന്നതിനായി ഗവണ്‍മെന്റ് ഡന്‍മാര്‍ക്കുമായി പുതിയ നയതന്ത്ര നീക്കങ്ങള്‍ നടത്തും. നേരത്തെ വിചാരണ നടപടികള്‍ക്കായി ഡേവിയെ കൈമാറണമെന്ന കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ ആവശ്യം ഡെന്‍മാര്‍ക്ക് ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന ഡെന്‍മാര്‍ക്കിന്റ തീരുമാനമാണ് ഗവണ്‍മെന്റിന തിരിച്ചടിയായത്. നിലപാടിനെതിരേ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ഡെന്‍മാര്‍ക്ക് വിദേശകാര്യമന്ത്രിക്കു കത്തയച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍.ഡേവിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് എസ്.എം. കൃഷ്ണ അറിയിച്ചു.സി.ബി.ഐ യും നിയമ നടപടികള്‍ക്ക് കാത്തിരിക്കാതെ തുടരന്വേഷണത്തിനായി വീഡിയോ കോണ്‍ഫ്രന്‍സിങ്ങടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്.

1995 ലാണ് കേസിനാസ്പദമായ സംഭവം. നീല്‍ ക്രിസ്റ്റ്യന്‍ നെല്‍സണ്‍ എന്ന കിം ഡേവിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെ പുരുലിയയില്‍ വിമാനത്തില്‍ നിന്ന് എകെ 47 റൈഫിളുകളും ആന്റി ടാങ്ക് ഗ്രനേഡുകളും 25,000 വരുന്ന തിരകളും അടക്കമുള്ള ആയുധങ്ങള്‍ വര്‍ഷിച്ചുവെന്നാണ് കേസ്. അധികം താമസിയാതെ ഡോവിയെ അറസ്റ്റ് ചെയ്‌തെങ്കിലിം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മുംബൈ എയര്‍പോര്‍ട്ടില്‍വച്ച് ഡേവി രക്ഷപ്പെടുകയായിരുന്നു. ഡേവിക്കൊപ്പം നാല് ലാറ്റ്‌വിയക്കാരും വിമാനത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു്. അറസ്റ്റിലായ കൂട്ടു പ്രതി പീറ്റര്‍ ബ്ലീച്ചിനും അഞ്ചു ലാറ്റ്‌വിയന്‍ പൗരന്മാരെയും കോടതി ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തിരുന്നു.

2002ലാണ് ഡേവി ഡെന്‍മാര്‍ക്കിലുണ്ടെന്ന് കണ്ടെത്തിയത്. മുന്‍പ് ഉപാധികളോടെ ഡേവിയെ ഇന്ത്യക്ക് കൈമാറാമെന്ന് ഡാനിഷ് കോടതി സമ്മതിച്ചിരുന്നു. ഇതിനെതിരേ ഡേവി നല്‍കിയ അപ്പീലിലാണ് കോടതി കൈമാറേണ്ടതില്ല എന്നു വിധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോവാമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോവേണ്ടെന്ന് ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കിയത്.

Advertisement