ഇത് കഴിവു തെളിയിച്ച് വരാന്‍ പറഞ്ഞവര്‍ക്കുള്ള മറുപടി; വെടിക്കെട്ട് സെഞ്ചുറിയുമായി വാര്‍ണര്‍
Cricket
ഇത് കഴിവു തെളിയിച്ച് വരാന്‍ പറഞ്ഞവര്‍ക്കുള്ള മറുപടി; വെടിക്കെട്ട് സെഞ്ചുറിയുമായി വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th March 2019, 10:42 am

മെല്‍ബണ്‍: വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി വീണ്ടും ഡേവിഡ് വാര്‍ണര്‍. പരിക്കില്‍ നിന്ന് മോചിതനായി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയ വാര്‍ണര്‍ സിഡ്‌നി ക്ലബ്ബായ റാന്‍ഡ്വിക്ക് പീറ്റര്‍ ഷാമിന് വേണ്ടി പെന്റിത്തിനെതിരെയാണ് തകര്‍പ്പന്‍ സെഞ്ചുറി പ്രകടനം പുറത്തെടുത്തത്.

ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തിയ വാര്‍ണര്‍ 77 പന്തില്‍ നിന്ന് 110 റണ്‍സ് എടുത്ത് പരിക്ക് തന്റെ ഫിറ്റ്‌നസിനേയോ, ഫോമിനേയോ ബാധിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഏഴ് സിക്‌സറുകളും നാല് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു വാര്‍ണറിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്.

പാകിസ്ഥാനെതിരായ ഓസീസ് ടീമില്‍ തന്നെ എടുക്കാത്തവര്‍ക്കുള്ള മറുപടി കൂടിയായി താരത്തിന്റെ ഇന്നിങ്‌സ്. സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഓസീസ് പ്രഖ്യാപിച്ചത്. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയ കളിക്കുന്ന അവസാന ഏകദിന പരമ്പരയായിരുന്നു ഇത്.

സ്മിത്തിനേയും, വാര്‍ണറിനേയും ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവരിരുവരും ഐ.പി.എല്ലില്‍ കളിച്ച് മികവ് തെളിയിക്കട്ടെ എന്നായിരുന്നു ഓസ്ട്രേലിയന്‍ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സിന്റെ മറുപടി.

നേരത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ തോളിന് പരിക്കേറ്റ വാര്‍ണര്‍ കഴിഞ്ഞ കുറച്ച് നാളുകളായി വിശ്രമത്തിലായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ മത്സരത്തില്‍ തന്റെ ബാറ്റിംഗ് മികവ് ഒട്ടും കൈമോശംവന്നിട്ടില്ലെന്ന് വാര്‍ണര്‍ തെളിയിച്ചു. ഐ.പി.എല്‍ അടുത്തെത്തി നില്‍ക്കെ വാര്‍ണറിന്റെ ടീമായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ വലിയ ആവേശത്തിലാഴ്ത്തുന്നതാണ് താരത്തിന്റെ പ്രകടനം.